X

നിലപാടിലെ ധീരത, വാക്കിലെ മൂര്‍ച്ച

അഷ്‌റഫ് തൈവളപ്പ്

ഇടപെടുന്ന വിഷയങ്ങള്‍ എന്തുതന്നെയായാലും അവസാനം വരെ പോരാടുക എന്നതായിരുന്നു പി.ടി തോമസിന്റെ ശൈലി. അഭിപ്രായം പറഞ്ഞപ്പോഴെല്ലാം ആക്രമിക്കപ്പെട്ടെങ്കിലും ഒരുചുവട് പോലും അദ്ദേഹം പിന്നോട്ടുവച്ചില്ല. ഏത് പ്രതിസന്ധി ആയാലും തന്റെ നിലപാട് തുറന്ന് പറയാന്‍ ആര്‍ജവമുണ്ടായിരുന്നു അദ്ദേഹത്തിന്. പരിസ്ഥിതി വിഷയങ്ങള്‍ക്കൊപ്പം സാമൂഹ്യവിഷയങ്ങളിലും നിര്‍ഭയം പി.ടി ഇടപെട്ടു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, പശ്ചിമ ഘട്ട സംരക്ഷണം, നദികളും ആറുകളും കുടിവെള്ള സ്രോതസുകളും മലിനപ്പെടുന്നത്, മുട്ടില്‍ മരം മുറി, സ്പിന്‍ക്ലര്‍ ഇടപാട്, സ്വര്‍ണ-ഡോളര്‍ക്കടത്ത് കേസ് തുടങ്ങിയ വിഷയങ്ങളില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നും രണ്ടും സര്‍ക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടാന്‍ നിയമസഭയില്‍ എപ്പോഴും പി.ടി മുന്നിലുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലുള്‍പ്പെടെ പി.ടിയുടെ ഇടപെടല്‍ നിര്‍ണായകമായി. ഈ സംഭവത്തില്‍ സര്‍ക്കാരിന് നിലപാട് വ്യക്തമാക്കാന്‍ പി.ടി തോമസ് നിയമസഭയില്‍ ശബ്ദമുയര്‍ത്തേണ്ടി വന്നു. മഹാരാജാസ് കോളജിലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിന്ന് ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തിലും അദ്ദേഹം സര്‍ക്കാരിന്റെ മുള്‍മുനയില്‍ നിര്‍ത്തി. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളും അതിന് സര്‍ക്കാരും പൊലീസും നല്‍കുന്ന ഒത്താശയും അക്കമിട്ടുനിരത്തിയായിരുന്നു പി.ടിയുടെ ആക്രമണം. പൊലീസിനെതിരെയുള്ള സിഎജിയുടെ വിമര്‍ശനം ആദ്യമായി സഭയില്‍ ഉയര്‍ത്തിയതും പി.ടി തോമസായിരുന്നു. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഭരണപക്ഷം പ്രതിരോധമുയര്‍ത്തിയെങ്കിലും പി.ടിക്ക് മുന്നില്‍ സൈബര്‍ പോരാളികള്‍ക്ക് പോലും പിടിച്ചുനില്‍ക്കാനായില്ല. കോവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ വീഴ്ചകള്‍, വാക്‌സിനേഷനിലെ പോരായ്മകള്‍, കോവിഡിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ പ്രതികാരങ്ങള്‍, നെല്ലു സംഭരണത്തിലെ അഴിമതികള്‍, പ്രളയദുരന്തത്തിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ എല്ലാം പി.ടി തുറന്നുകാട്ടി.

മതപരമായ വിശ്വാസങ്ങളുടെ കാര്യത്തില്‍ ഏതു കമ്മ്യുണിസ്റ്റുകാരനേയും അതിശയിപ്പിക്കുന്ന നിലപാടുകളുള്ള നേതാവായും പി.ടി നിലകൊണ്ടു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിക്കാന്‍ ഇടതുപക്ഷം പോലും മടിച്ചപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പി.ടി തന്റെ നിലപാട് വ്യക്തമാക്കി. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ രൂക്ഷമായാണ് അദ്ദേഹം വിമര്‍ശിച്ചത്. സൗമുദായ സൗഹാര്‍ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല ബിഷപ്പിന്റെ പ്രസ്താനവനയെന്നും അദ്ദേഹം തുറന്നടിച്ചു. പിണറായി വിജയന്‍ ഒരു തികഞ്ഞ സ്റ്റാലിനിസ്റ്റാണെന്നും ഇരട്ടച്ചങ്ക് പോയിട്ട് ഒറ്റച്ചങ്ക് പോലുമില്ലാത്തയാളാണെന്നും പി.ടി തുറന്നുപറഞ്ഞു. ശബരിമലയിലെ സ്്ത്രീ പ്രവേശന വിവാദ സമയത്ത് വനിതാ മതില്‍ തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഫണ്ട് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുകയും ചെയ്തു. ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിയതും പി.ടി ആയിരുന്നു. അടുത്തിടെ കെപിഎസി ലളിതക്ക് സര്‍ക്കാര്‍ ചികിത്സ സഹായം നല്‍കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പി.ടിയുടെ നിലപാട് എതിരാളികളെ പോലും അമ്പരിപ്പിച്ചു. കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടതെന്നായിരുന്നു പി.ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റവുമൊടുവില്‍ മരണാനന്തര കര്‍മങ്ങളെ കുറിച്ചുള്ള കാഴ്ച്ചപ്പാടിലും ധീര നിലപാട് പുലര്‍ത്തിയാണ് പി.ടി എന്ന അതുല്യ രാഷ്ട്രീയ നേതാവ് വിടവാങ്ങുന്നത്.

പശ്ചിമഘട്ട സംരക്ഷണത്തില്‍ വേറിട്ട ശബ്ദം

പി.കെ.എ ലത്തീഫ്

പി.ടി എന്ന രണ്ടക്ഷരം ആദര്‍ശ രാഷ്ട്രീയത്തിന്റെ പര്യായമായിരുന്നു. നിലപാടുകളിലെ നിശ്ചയ ദാര്‍ഢ്യവും കരുത്തുമായിരുന്നു. നിരവധി തവണ രാഷ്ട്രീയ കേരളം ഈ നിലപാടുകള്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതി വിഷയങ്ങളില്‍ എന്നും ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന പി.ടി തോമസ് പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാട് സ്വീകരിച്ചത് ഹൈറേഞ്ച് മേഖലയില്‍ രാഷ്ട്രീയ വിവാദങ്ങളുടെ വേലിയേറ്റമാണ് സൃഷ്ടിച്ചത്. എതിര്‍പ്പുകളുടെ ശക്തി കൂടിയപ്പോഴും ശൈലി മാറിയപ്പോഴും പരിസ്ഥിതി ലോല മേഖലകളില്‍ ഇളവ് പാടില്ലന്ന നിലപാടില്‍ പി.ടി ഉറച്ചു നിന്നു. ഇടുക്കിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിരുന്ന പി.ടി തോമസ് സ്വീകരിച്ച നിലപാടിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി അതിശക്തമായി രംഗത്ത് വന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പടിവാതിക്കലും പി.ടി നിലപാട് മാറ്റിയില്ല.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കിലും പി.ടി നിലപാടുകളില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മാധവ് ഗാഡ്ഗിലായിരുന്നു ഇടുക്കിയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഹൈറേഞ്ച് സംരക്ഷ സമിതിയെ ഒപ്പം നിര്‍ത്തി എല്‍.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തി വിജയിച്ചെങ്കിലും പി.ടി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്നും ഉത്തരം തേടുകയാണ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ നിന്നും മല്‍സരിച്ച് ഉജ്വല വിജയം നേടി കൂടുതല്‍ കരുത്തോടെ രാഷ്ട്രീയ രംഗത്ത് സജീവമായി. ചടുലമായ നീക്കങ്ങളിലൂടെ എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയ പി.ടി തുടര്‍ന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

കൊക്കയാര്‍, കൂട്ടിക്കല്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പലരും പി.ടിയെ ഓര്‍ത്തു. പശ്ചിമഘട്ട സംരക്ഷണത്തില്‍ വിട്ടുവീഴ്ച പാടില്ലന്നും അങ്ങിനെവന്നാല്‍ വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ വീണ്ടും ചര്‍ച്ചയായി ഉയര്‍ന്നു വന്നു. ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീളുമ്പോള്‍ വികസനവും പരിസ്ഥിതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ അളവുകോല്‍ എന്തെന്ന ചോദ്യം ബാക്കിയാക്കിയാണ് പി.ടി തോമസ് വിടവാങ്ങുന്നത്.

ഹൈറേഞ്ചിന്റെ കരുത്തുറ്റ നേതൃത്വം

തൊടുപുഴ: ഇടുക്കി ജില്ലയിലെ രാഷ്ട്രീയ ഭൂമികയില്‍ തലയെടുപ്പുള്ള നേതാവായിരുന്നു പി.ടി തോമസ്. 1989ല്‍ ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നത്. 1991ലും 2001ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണയും വാശിയേറിയ പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി നേടിയ വിജയം. 2001ല്‍ പി.ജെ ജോസഫിനെതിരെ നേടിയ അട്ടിമറി വിജയം പി.ടിയെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനാക്കി. എം.എല്‍.എ എന്ന നിലയില്‍ തൊടുപുഴയുടെ വികസനത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. ഇടുക്കി ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയുടെ അടിത്തറ വിപുലപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. 2009ല്‍ ഇടുക്കിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മികച്ച വിജയം നേടി.

ലോക്‌സഭയിലെ ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യം കൊണ്ടും ഉന്നയിച്ച വിഷയങ്ങളുടെ പ്രസക്തികൊണ്ടും മണ്ഡലത്തിലേക്ക് കൊണ്ടുവന്ന പദ്ധതികളുടെ വ്യാപ്തി കൊണ്ടും ഒരു മികച്ച പാര്‍ലമെന്റേറിയന്‍ എന്നു ദേശിയതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ചുരുങ്ങിയ സമയം കൊണ്ട് പി.ടി.തോമസിന് കഴിഞ്ഞു. 15ാം ലോക്‌സഭയുടെ ആദ്യ ദിനത്തില്‍ത്തന്നെ ഇടുക്കി ജനതയുടെ പ്രധാന ആശങ്കയായ മുല്ലപ്പെരിയാര്‍ വിഷയം സഭയില്‍ ഉന്നയിച്ചുകൊണ്ട് ഈ വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നു. കോണ്‍ഗ്രസിലെ പുതു തലമുറക്ക് ആവേശം പകര്‍ന്ന പി.ടി ഘടക കക്ഷികളുമായും മികച്ച ബന്ധം കാത്തുസൂക്ഷിച്ചു. പ്രവര്‍ത്തകരുമായുള്ള വ്യക്തി ബന്ധവും ചടുലമായ പ്രവര്‍ത്തനങ്ങളും പി.ടിയുടെ ജനകീയത വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് പോര്‍മുഖത്ത് എതിരാളികളുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കുന്ന പി.ടി തന്ത്രം അണികളെ ആവേശഭരിതമാക്കുന്നതായിരുന്നു. തൃക്കാക്കര എം.എല്‍.എ ആയി മാറിയപ്പോഴും ജില്ലയുമായുള്ള ബന്ധം സജീവമായി നിലനിര്‍ത്തി. പി.ടി ഓര്‍മ്മകളിലേക്ക് മറയുമ്പോള്‍ മലയോര ജില്ലക്ക് കരുത്തനായ നേതാവിനെയാണ് നഷ്ടമാകുന്നത്.

 

web desk 3: