X

മലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മര്‍ദനമേറ്റ് പ്രവാസി മരിച്ച സംഭവം: 5 പേര്‍ കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണ: പ്രവാസി ക്രൂര മര്‍ദനത്തിനിരയായി മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇവരില്‍ മൂന്നുപേര്‍ പ്രവാസി അബ്ദുല്‍ ജലീലിനെ മര്‍ദിച്ചതായി പറയുന്നു. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

അജ്ഞാത സംഘത്തിന്റെ മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഗളി വാക്കിത്തോടിയില്‍ അബ്ദുല്‍ ജലീല്‍(42) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജലീല്‍ ഈ മാസം 15ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണയില്‍ എത്തുമെന്ന് വിളിച്ചു പറഞ്ഞ ജലീലിനെ കൂട്ടാന്‍ പെരിന്തല്‍മണ്ണക്ക് പുറപ്പെട്ട വീട്ടുകാരോട് മടങ്ങിപ്പോകാന്‍ ജലീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ദിവസവും ജലീലിനെ കാണാതായതോടെ വീട്ടുകാര്‍ അഗളി പൊലീസില്‍ പരാതി നല്‍കിയത്.

ഇതിനിടയില്‍ ജലീല്‍ വീട്ടിലേക്ക് വിളിക്കുകയും പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും അടുത്ത ദിവസം വീട്ടിലെത്തുമെന്നും പറഞ്ഞിരുന്നു. പിന്നീട് വ്യാഴാഴ്ച രാവിലെ ഒരു ഇന്റര്‍നെറ്റ് കോളിലൂടെയാണ് ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വീട്ടുകാര്‍ക്ക് വിവരം കിട്ടുന്നത്. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ വഴിയരികില്‍ അവശ നിലയില്‍ കണ്ടു എന്ന് അവകാശപ്പെട്ടു ചിലര്‍ ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം ഒരു ഫോണ്‍ നമ്പറും നല്‍കി മുങ്ങുകയായിരുന്നു. ശരീരമാസകലം കത്തിയും ബ്ലേഡും ഉപയോഗിച്ച് വെട്ടിയും മുറിച്ചും ക്രൂരമായ പീഡനം ഏറ്റ നിലയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ നിന്ന് ജലീല്‍ നാട്ടില്‍ എത്തിയ ദിവസം വീട്ടിലെ ഫോണിലേക്ക് കോള്‍ വന്നതായി കണ്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ച് മുങ്ങിയത് പ്രതികളുമായി ബന്ധമുള്ളവരാണെന്ന നിഗമനത്തില്‍ എത്തിയത്.

web desk 3: