X

മുസ്‌ലിം സ്ത്രീ ശക്തി ഇന്ത്യയില്‍

അഡ്വ. അഹമ്മദ് മാണിയൂര്‍

മുസ്‌ലിം സ്ത്രീകളൂടെ സാമൂഹിക, രാഷ്ട്രീയ പങ്കാളിത്തം ഇന്ത്യയില്‍ എക്കാലത്തെയും വിമര്‍ശന വിഷയമാണ്. മുസ്‌ലിം പുരുഷ സമൂഹം ‘ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹിതി’ എന്ന ചിന്ത പിന്തുടരുന്നുവെന്നും മുസ്‌ലിം മത സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ സ്ത്രീകളെ അന്യവത്കരിച്ചു നിര്‍ത്തുന്നു എന്നുമാണ് ആക്ഷേപം. എന്നാല്‍ ചരിത്രവും സമകാലീനതകളും അത്തരം വിമര്‍ശനങ്ങള്‍ക്കു മറുപടി നിരത്തുന്നുണ്ട്.

ലോക മുസ്‌ലിം ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്‌ലിം സ്ത്രീ രാജ്യഭരണം കയ്യാളിയത് ഇന്ത്യയിലാണ്. അതുതന്നെ പതിമൂന്നാം നൂറ്റാണ്ടില്‍. എ.ഡി 1236 ഒക്ടോബര്‍ 10 മുതല്‍ 1240 ഒക്ടോബര്‍ 14 വരെ ഡല്‍ഹി ആസ്ഥാനമായി രാജ്യം ഭരിച്ച റസിയ സുല്‍ത്താന. ഡല്‍ഹി സുല്‍ത്താന്‍ ആയിരുന്ന ഇല്‍ത്തത് മിഷിന്റെ മകളായി ഡല്‍ഹിയിലാണ് റസിയ സുല്‍താന ജനിച്ചതും വളര്‍ന്നതും. ഇല്‍ത്തത് മിഷിന് ആണ്‍ മക്കള്‍ ഉണ്ടായിരുന്നിട്ടും മകളായ റസിയയെയാണ് അദ്ദേഹം പിന്‍ഗാമിയായി നിശ്ചയിച്ചത്. നാലു കൊല്ലക്കാലം മാത്രമേ ഭരിക്കാന്‍ അവസരം ലഭിച്ചുള്ളുവെങ്കിലും ചുരുങ്ങിയ കാലംകൊണ്ടുതന്നെ വന്‍ ജനപ്രീതി നേടി. ജനങ്ങള്‍ റസിയ സുല്‍ത്താനയെ പുണ്യവതിയായാണ് കണ്ടിരുന്നതെന്നും മരണശേഷം അവരുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥനകള്‍ക്കായി ധാരാളം ആളുകള്‍ എത്താറുണ്ടായിരുന്നുവെന്നും പിന്നീട് 1334 ല്‍ ഇന്ത്യ സന്ദര്‍ശിച്ച മൊറോക്കോക്കാരനായ ലോകസഞ്ചാരി ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ തുര്‍ക്കുമാന്‍ ഗേറ്റ് പ്രദേശത്ത് ബുള്‍ബുള്‍ഖാന്‍ മൊഹല്ലയില്‍ റസിയ സുല്‍ത്താനയുടെ ഖബറിടം ഇപ്പോഴും ഉണ്ട്.

മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ പുത്രി ഗുല്‍ ബദന്‍ ബീഗം (1523-1603) അക്കാലത്ത് ഇന്ത്യയിലെങ്ങും പ്രസിദ്ധയായ തത്ത്വചിന്തകയും ഗ്രന്ഥകാരിയുമായിരുന്നു. അവര്‍ രചിച്ച ‘ഹുമയൂണ്‍ നാമ’ എന്ന ജീവചരിത്ര ഗ്രന്ഥം ഇന്ത്യയിലെ മുഗള്‍ രാജകൊട്ടാരങ്ങളിലെ അന്തപുര രഹസ്യങ്ങളുടെ നേര്‍ചരിതങ്ങളായി ഗണിക്കപ്പെടുന്നു. അക്ബര്‍ ചക്രവര്‍ത്തിക്കുവേണ്ടി അദ്ദേഹത്തിന്റെ കൊട്ടാര ഉപദേശകരില്‍ ഒരാളായ അബുല്‍ ഫാസല്‍ രചിച്ച ‘അക്ബര്‍ നാമ’യുടെ രചനയില്‍ മുഖ്യ സ്വാധീനം ഗുല്‍ ബദന്‍ ബീഗമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഔറംഗസീബിന്റെ പുത്രി സൈബുന്നിസ (1638 -1702) കവയിത്രിയും ഗ്രന്ഥകാരിയുമായിരുന്നു. ഇന്ത്യയില്‍ ദൗലത്താബാദില്‍ ഔറംഗസീബിന്റെ കൊട്ടാരത്തിലായിരുന്നു ജനനം. ഇന്ത്യന്‍ പുരാണങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. സൈബുന്നിസയുടെ രചനകള്‍ പേര്‍ഷ്യയില്‍ വിദ്യാലയങ്ങളില്‍ പാഠ്യവിഷയമായിരുന്നു.

കണ്ണൂര്‍ ആസ്ഥാനമായി ഭരിച്ച അറക്കല്‍ രാജവംശത്തിലെ മുതിര്‍ന്ന അംഗം സ്ത്രീ ആയാലും അവര്‍ക്കായിരുന്നു രാജപട്ടം. സ്ത്രീകള്‍ ഭരിക്കുമ്പോഴും അവരുടെ പരിധിയിലുള്ള മഹല്ലുകളുടെയും മതകാര്യങ്ങളുടെയും തീര്‍പ്പധികാരികളും അവരായിരുന്നു. പോര്‍ച്ചുഗീസുകാര്‍ ഡച്ചുകാര്‍ ഇംഗ്ലീഷുകാര്‍ എന്നിവര്‍ക്കെതിരായി ചരിത്രപ്രധാനമായ യുദ്ധങ്ങളും അറക്കല്‍ ബീവിമാരുടെ ഭരണകാലത്ത് നടന്നിട്ടുണ്ട്. ബ്രിട്ടീഷ് കാര്‍ക്കെതിരായി 1780 ല്‍ അറക്കല്‍ ബീവി ജുനുമ്മാബി തുര്‍ക്കിയിലെ ഒട്ടോമന്‍ ഭരണാധികാരികളില്‍നിന്ന് സഹായം തേടി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി വീരേതിഹാസികമായ പോരാട്ടങ്ങള്‍ നയിച്ച വനിതയായിരുന്നു ഔധിലെ ഭരണാധിപയായിരുന്ന ബീഗം ഹസ്രത്ത് മഹല്‍. ഔധിലെ നവാബായിരുന്ന വാജിദ് അലി ഷായുടെ പത്‌നിയായിരുന്നു. നവാബിന്റെ മരണശേഷം ഔധിന്റെ ഭരണം ഹസ്രത്ത് മഹലിന്റെ കയ്യിലായി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായി നേരിട്ട് സേനയെ നയിച്ച് പൊരുതി. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ഇന്ത്യന്‍ പോരാളികളുടെ മുഖ്യ മാര്‍ഗദര്‍ശിയും ആവേശവുമായിരുന്നു അവര്‍. 1820 ല്‍ ഔധിലായിരുന്നു ജനനം. യുദ്ധത്തില്‍ ബ്രിട്ടീഷുകാരുടെ മുന്നില്‍ തോല്‍വി ഉറപ്പായപ്പോള്‍ പിടികൊടുക്കാതെ നേപ്പാളില്‍ അഭയം തേടി. ബ്രിട്ടീഷ് അധീനതയിലായ ഔധിലേക്ക് തിരിച്ചുവരാന്‍ ബ്രിട്ടീഷ് ഭരണകൂടം ഹസ്രത്തു മഹലിന് സുരക്ഷിതവും സുഖകരവുമായ ഭാവി ജീവിതം വാഗ്ദാനം ചെയ്‌തെങ്കിലും വൈദേശികാധിപത്യത്തിലുള്ള ഒരു രാജ്യത്ത് ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. 1879 ഏപ്രില്‍ ഏഴിന് നേപ്പാളില്‍ അന്തരിച്ചു. 2020 ആഗസ്ത് 15ന് ഉപരാഷ്ട്രപതി വെങ്കട നായിഡു ഫേസ്ബുക്ക് പോസ്റ്റില്‍ ബീഗം ഹസ്രത്ത് മഹലിനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അപൂര്‍വ്വം വനിതാപോരാളികളില്‍ ഒരാളായി വിശേഷിപ്പിക്കുകയും അവരുടെ ധീരോദാത്തമായ പോരാട്ടങ്ങളെ എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബുല്‍ കലാം ആസാദ് ഫൗണ്ടേഷന്‍ ബീഗം ഹസ്രത്ത് മഹലിന്റെ സ്മരണക്കായി സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്. 2021-22 വര്‍ഷത്തേക്കും അവര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷ് പട്ടാളത്തില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ഡല്‍ഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സാധാരണക്കാരായ മുസ്‌ലിംകളെ പോലും ബ്രിട്ടീഷുകാര്‍ വേട്ടയാടി. അത് രാജ്യത്താകെ മുസ്‌ലിംകളെ തളര്‍ത്തി. അതിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സര്‍ സയ്യിദ് അഹമ്മദ് ഖാനും മറ്റും നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിംകളെ മുഖ്യധാരയിലെത്തിച്ചത്. 1875 ല്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ അലീഗഡില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ സ്‌കൂള്‍ സ്ഥാപിച്ചതോടെ മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിനും തുടക്കമായി. ഈ വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയായി വളര്‍ന്നത്. ബംഗാളിലും സമാനമായ മുന്നേറ്റങ്ങള്‍ ഉണ്ടായി. മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറി. അവരില്‍ പലരും സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും സജീവമായി.1906 ല്‍ ആള്‍ ഇന്ത്യാ മുസ്‌ലിംലീഗ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ രാഷ്ട്രീയ നേതൃത്തത്തിലും എത്തി. മുസ്‌ലിംലീഗിന്റെ കേന്ദ്ര കമ്മിറ്റിയില്‍ എട്ട് അംഗങ്ങള്‍ വനിതകളായി ഉണ്ടായിരുന്നു. മുഹമ്മദലി ജിന്നയുട സഹോദരി ഫാത്തിമ ജിന്ന, ലിയാഖത്ത് അലി ഖാന്റ പത്‌നി ബീഗം ലിയാഖത്ത്, മിയാന്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ബീഗം ജഹന്നാരാ ഷാനവാസ് തുടങ്ങിയവരാണ് അവരില്‍ പ്രമുഖര്‍. ജഹന്നാര ഷാനവാസ് വലിയ പണ്ഡിതയും പ്രഭാഷകയുമായിരുന്നു. 1930 ല്‍ ലണ്ടനില്‍ വട്ടമേശാസമ്മേളത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു. വട്ട മേശ സമ്മേളനത്തില്‍ അവര്‍ ചെയത പ്രസംഗം വികാരനിര്‍ഭരവും ബ്രീട്ടീഷ് മേധാവികളെ ഇരുത്തി ചിന്തിപ്പിക്കുന്നതുമായിരുന്നു എന്ന് ചിക്കാഗോ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം തലവന്‍ സ്റ്റാന്‍ലിവുള്‍പെര്‍ട്ട് എഴുതിയ ‘ജിന്നാ ഓഫ് പാകിസ്താന്‍’ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗിന് വനിതാവിഭാഗം രൂപീകരിക്കുകയും ഇന്ത്യയില്‍ മുഴുക്കെ മുസ്‌ലിം സ്ത്രീ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 1937 ല്‍ മുസ്‌ലിം ലീഗിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പഞ്ചാബ് പ്രവിശ്യാ ഗവണ്‍മെന്റില്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്നു. 1979 ല്‍ പാകിസ്താനില്‍ മരിച്ചു.

കേരളത്തില്‍ സയ്യിദ് സനാഉല്ല മുക്തി തങ്ങളുടെയും മറ്റും നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളും സ്ത്രീ ശാക്തീകരണത്തിന് വഴിയൊരുക്കി. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനവും മലബാര്‍ കലാപവും മലബാറില്‍ മുസ്‌ലിംകളെ വിദ്യാഭ്യാസ രംഗത്തു പിന്നാക്കം നിര്‍ത്തി. മലബാര്‍ കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ച കിരാത നടപടികളും ഖിലാഫത്തു നേതാക്കളുടെ ബ്രിട്ടീഷ് ബഹിഷ്‌ക്കരണാഹ്വാനവും മുസ്‌ലിംകളെ തീര്‍ത്തും ബ്രിട്ടീഷ് വിരോധികളാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും രീതികളെയും അവര്‍ വെറുത്തു. ചില പണ്ഡിതന്മാരും വിദ്യാഭ്യാസ ബഹിഷ്‌കരണത്തെ പ്രോത്സാഹിപ്പിച്ചു. ഇതുണ്ടാക്കിയ സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍ നിന്നുള്ള മോചനം ലക്ഷ്യം വെച്ചാണ് 1922 ല്‍ മുസ്‌ലിം ഐക്യ കേരള സംഘം രൂപീകരിച്ചത്. ഏകദേശം പന്ത്രണ്ടു കൊല്ലക്കാലത്തോളം മാത്രമേ ആ സംഘം പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം നവോത്ഥാന രംഗത്ത് വലിയ ഗുണഫലങ്ങള്‍ ഉണ്ടാക്കി. 1946 ല്‍ ഫാറൂഖ് കോളജ് സ്ഥാപിച്ചു. ഐക്യകേരള സംഘത്തിന്റെ നേതാക്കളായിരുന്ന കെ.എം സീതി സാഹിബ്, കെ.എം മൗലവി തുടങ്ങിയവരൊക്കെ തന്നെയായിരുന്നു ഫാറൂഖ് കോളജ് സ്ഥാപിച്ചതിന്റെ പിന്നിലും. മുസ്‌ലിം സ്ത്രീവിദ്യാഭ്യാസം തന്നെയായിരുന്നു മുഖ്യ ലക്ഷ്യം.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴും അതിന്റെ മുഖ്യ പ്രവര്‍ത്തനമേഖലയായി പ്രഖ്യാപിക്കപ്പെട്ടതും വിദ്യാഭ്യാസ സാമൂഹിക മേഖലകള്‍ തന്നെയാണ് . പകുതി രാഷ്ട്രീയവും പകുതി വിദ്യാഭ്യാസ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും നടത്തുന്ന അര്‍ദ്ധരാഷ്ട്രീയ പ്രസ്ഥാനമെന്നാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ രൂപീകരണ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇസ്മയില്‍ സാഹിബ് പാര്‍ട്ടിയെ പരിചയപ്പെടുത്തിയത്. 1967 ല്‍ ഇ.എം.എസ് മന്ത്രിസഭയിലും തുടര്‍ന്നു വന്ന യു.ഡി.എഫ് മന്ത്രിസഭകളിലും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള മുസ്‌ലിം ലീഗ് മന്ത്രിമാര്‍ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും വേണ്ടി വലിയ പ്രയത്‌നങ്ങള്‍ നടത്തി. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഉയര്‍ന്നുവന്നിട്ടുണ്ട്. സ്വാഭാവികമായും സ്ത്രീ വിദ്യാഭ്യാസത്തിലും മുന്നേറ്റങ്ങളുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്തും ആണ്‍കുട്ടികളെ വെല്ലുന്ന വിധം മുസ്‌ലിം പെണ്‍കുട്ടികള്‍ ഉയര്‍ന്നു. ഐ.എ.എസ്, ഐ. പി.എസ് പദവികളിലും അവര്‍ തിളങ്ങുന്നു. രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യാന്‍ പരിശീലനത്തിനായി മിലിട്ടറി അക്കാദമികളിലും മുസ്‌ലിം പെണ്‍കുട്ടികള്‍ ചേര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഈ ശാക്തീകരണത്തിന്റെ പ്രതിഫലനങ്ങള്‍ രാഷ്ട്രീയ സാമൂഹിക മേഖലകളിലെല്ലാം തുടിച്ചുനില്‍ക്കുന്നു. മുസ്‌ലിം സ്ത്രീ നേതൃത്വമില്ലാത്ത മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ കേരളത്തിലോ ഇന്ത്യയില്‍ തന്നെയൊ ഇല്ല.

പൗരത്വ ബില്ലിനെതിരായി ഇന്ത്യയിലുടനീളം നടന്ന പ്രക്ഷോഭങ്ങളിലെ മുസ്‌ലിം സ്ത്രീ ശക്തി രാജ്യം കണ്ടതാണ്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗും അതിന് നേതൃത്വം നല്‍കിയ ബല്‍ഖീസ് ബാനുവിനെ പോലുള്ളവരും പുരുഷമേധാവിത്വത്തിലുള്ള ഒരു സമൂഹം വളര്‍ത്തിയെടുത്ത ക്രമാനുഗതമായ മുസ്‌ലിം സ്ത്രീ ശാക്തീകരണത്തിന്റെ പ്രോജ്വല പ്രതീകങ്ങള്‍ തന്നെയല്ലെ.

 

 

 

web desk 3: