X

എന്റെ പ്രസംഗം കേട്ടത് കുരുടന്‍ ആനയെ കണ്ടത് പോലെ : രണ്ടത്താണി

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി കഴിഞ്ഞ ദിവസം കണ്ണൂരിലെ പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.

കൗമാരക്കാരെ ഇടകലര്‍ത്തിയിരുത്തി സ്വയംഭോഗം, സ്വവര്‍ഗരതി തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ സാംസ്‌കാരികമായ അധഃപതനം സംഭവിക്കുമെന്നാണ് രണ്ടത്താണി പറഞ്ഞത്.
പിന്തിരിപ്പന്‍ നിലപാട് എന്ന ആക്ഷേപം വരെ ചിലര്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ അപാകതകളാണ് ചൂണ്ടിക്കാട്ടിയതെന്ന് രണ്ടത്താണിയെ അനുകൂലിക്കുന്നവര്‍ മറുപടി നല്‍കി.
എന്നാല്‍ ഇല്ലാത്ത കാര്യങ്ങളാണ് മുസ്ലിം ലീഗ് നേതാവ് പ്രസംഗിച്ചത് എന്ന് ഇടതുപക്ഷം തുറന്നടിച്ചു. ഇപ്പോള്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

“ഞാന്‍ കണ്ണൂരില്‍ ചെയ്ത ഒരു പ്രസംഗം ഇന്നലെയും മിനിഞ്ഞാന്നുമായി മാധ്യമങ്ങള്‍ ആഘോഷിച്ചു.
കുരുടന്‍ ആനയെ കണ്ടതു പോലെ വണ്ണവും രൂപവും നോക്കി വാല്‍ ചൂലാണെന്നും കാലുകള്‍ തൂണുകളാണെന്നും കണ്ടെത്തി. ആനയെ മാത്രം കണ്ടില്ല. ക്ലാസ്സ് റൂമുകളില്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് കുടുംബശ്രീ വഴി വിതരണം ചെയ്ത ഹാന്റ് ബുക്കിലെഴുതിയ വരികള്‍ ഞാന്‍ കണ്ണൂരിലെ തെരുവില്‍ പറഞ്ഞപ്പോള്‍ തെരുവ് മലീമസമായെന്ന് വിദഗ്ദര്‍ കണ്ടെത്തി. ഏതായാലും ഈ മലീമസമായ ഏര്‍പ്പാട് ഇനി കുട്ടികളെ പഠിപ്പിക്കണമെന്ന് ഇനി അദ്ധ്യാപകരോട് പറയില്ലെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

ഞാനവിടെ പ്രസംഗിച്ചത് ഇതൊക്കെയാണെന്നറിയുക.
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനു ഞങ്ങള്‍ എതിരല്ല.
2013ല്‍ പരിഷ്‌ക്കരണം നടന്നിട്ടുണ്ട്. പ്രൈമറി തലത്തില്‍ ഇംഗ്ലീഷ് പഠനം അതിന്റെ ഭാഗമായിരുന്നു.
പഠന സമയമാറ്റം പുതിയപരിഷ്‌ക്കരണത്തിന്റെ ഭാഗമായി വന്ന നിര്‍ദ്ദേശമാണു. അതി രാവിലെ തുടങ്ങി ഉച്ചക്ക് അവസാനിക്കുന്ന തൊഴിലിടങ്ങളുള്ള രാജ്യത്ത് രാവിലെ സ്‌കൂള്‍ പഠനം പ്രായോഗികമാണു. എന്നാല്‍ 10 മണിക്ക് തുടങ്ങി 5 മണിക്ക് അവസാനിക്കുന്ന തൊഴിലിടങ്ങളുള്ള കേരളത്തില്‍ 6 മണിക്ക് വീട്ടില്‍ നിന്നിറങ്ങി 2 മണിക്ക് വീട്ടില്‍ തിരിച്ചെത്തുന്ന കുട്ടിയെ അച്ചനും അമ്മയും ജോലിക്ക് പോകുന്ന വീട്ടില്‍ ആരു സംരക്ഷിക്കും.
മറ്റൊന്ന് യൂണി ഫോമാണു. ഒരു തുണിയും ഒരു വര്‍ണ്ണവുമൊക്കെയാവാം ധരിക്കുന്ന വസ്ത്രം മാന്യമായി ധരിക്കണമെന്നും പറയാം.
സിക്കുകാര്‍ക്ക് മതവിശ്വാസത്തിന്റെ പേരില്‍ കൃപാണ്‍ ധരിക്കാന്‍ ഭരണഘടനാവകാശമുള്ള രാജ്യത്ത് വിദ്യാര്‍ത്ഥിയുടെ വസ്ത്രവും മതവിശ്വാസ്വാസത്തിനനുസൃതായാല്‍ അപകടമൊന്നും സംഭവിക്കില്ല. കുരുന്നുകള്‍ ഒരുമിച്ചിരിക്കുന്നതിനേക്കാള്‍ പ്രധാനം അവരെ എന്തു പഠിപ്പിക്കണം എന്നതിനു കൂടിയുണ്ട് . ഇതിനായി കുടുംബശ്രീ പുറത്തിറക്കിയ കൈപ്പുസ്തകത്തിലെ വരികളും നിര്‍ദ്ദേശങ്ങും ഞാന്‍ അവതരിപ്പിച്ചപ്പോള്‍ കണ്ണൂര്‍ മലീമസമായ വാചകങ്ങളും നിര്‍ദ്ദേശങ്ങളുമാണു.
ഫാറൂഖ് കോളേജില്‍ നടന്ന മാറു തുറക്കല്‍ സമരവും തൃശ്ശൂര്‍ കോളേജിലെ അശ്ലീല പോസ്റ്റര്‍ ചിത്രങ്ങളും എസ് എഫ് ഐ പ്രോല്‍സാഹിപ്പിച്ചത്
വിസ്മരിക്കാനാവില്ല . ലഹരിക്കെതിരെ പഠിപ്പിക്കാന്‍ മദ്യത്തെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കാവില്ല.
സര്‍ക്കാറിന്റെ മദ്യ നയം തിരുത്തുക തന്നെ വേണം. ഇത്തരം വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഞാന്‍ ചെയ്ത പ്രസംഗം ജനങ്ങള്‍ കേള്‍ക്കണമെന്നുണ്ടായിരുന്നു.
മാധ്യമങ്ങള്‍ അത് ചര്‍ച്ചയാക്കിയത് കൊണ്ട് പൊതു ജനങ്ങള്‍ക്ക് ഇത് ഉപകാര പ്രദമായി. എനിക്ക് കണ്ണൂര്‍ അങ്ങാടിയില്‍ പറയാന്‍ കൊള്ളാത്തവ ഇനി നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടിവരില്ലല്ലോ…

ഈ വാചകങ്ങള്‍ പറയുന്നത് പോലും ലജ്ജാകരമെന്ന് കണ്ടെത്തി സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയ മാധ്യമ സുഹൃത്തുക്കള്‍ക്ക് നന്ദി.”

web desk 3: