X

നൂറു ദിന ഭരണം;എം.കെ സ്റ്റാലിന്‍ v/s പിണറായി വിജയന്‍

കെ.എം ഷാജഹാന്‍

 

ആദ്യ 100 ദിവസത്തെ ഭരണം വിലയിരുത്തിക്കൊണ്ട് ഒരു സര്‍ക്കാറിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നത് ശരിയോ എന്നു ചോദിച്ചാല്‍, അല്ല എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ ഏതൊരു സര്‍ക്കാറിന്റെയും ആദ്യ 100 ദിന ഭരണം, ആ സര്‍ക്കാറിന്റെ പ്രവര്‍ത്തന പാന്ഥാവ് എന്ത് എന്നത് സംബന്ധിച്ച കൃത്യമായ ചില സൂചനകള്‍ നല്‍കുന്നുണ്ട് എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. അതുകൊണ്ടാണ്, അധികാരത്തില്‍ വരുന്ന ഏതൊരു സര്‍ക്കാരും ആദ്യ 100 ദിവസംകൊണ്ട് നടപ്പിലാക്കിയതോ, നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതോ ആയ നടപടികള്‍ എന്ത് എന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്താറ്.

അങ്ങനെ നോക്കുമ്പോള്‍, 2021 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാരും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരും ആദ്യ 100 ദിവസക്കാലത്ത് ചെയ്തത് എന്ത് എന്ന് വിലയിരുത്താന്‍ നാം നിര്‍ബന്ധിതരാകും. 2021 മെയ് 7 നാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 234 സീറ്റില്‍ 159 സീറ്റിന്റെ ഭൂരിപക്ഷവുമായി അധികാരത്തിലേറിയത്. 2021 മെയ് 24 നാണ് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ 140ല്‍ 99 സീറ്റിന്റെ ഭൂരിപക്ഷം നേടി ഇടതുപക്ഷമുന്നണി അധികാരത്തിലേറിയത്. ഓഗസ്റ്റ് 15ന് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും സെപ്തംബര്‍ 2ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും 100 ദിവസം പിന്നിട്ടു. ഈ രണ്ട് സര്‍ക്കാറുകളുടെയും ആദ്യ 100 ദിവസത്തെ പ്രകടനം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തുന്നത് എന്തുകൊണ്ടും പ്രസക്തമായിരിക്കും. ആദ്യം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രകടനം എങ്ങനെ ആയിരുന്നു എന്ന് നോക്കാം.

അധികാരമേറ്റ ഉടനെ തന്നെ, സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത ചില തീരുമാനങ്ങള്‍ വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതില്‍ ഏറ്റവും പ്രധാനം ധനകാര്യ മന്ത്രിയായി, എന്‍.ഐ.ടി ട്രിച്ചിയില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദവും അമേരിക്കയിലെ എം.ഐ.ടിയില്‍നിന്ന് ധനകാര്യത്തില്‍ എം. ബി.എയും ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയ 55 കാരനായ പളനിവേല്‍ ത്യാഗരാജനെ നിയമിച്ച നടപടിയായിരുന്നു. ഒരു ധനകാര്യ വിദഗ്ധന്‍ ധനകാര്യമന്ത്രിയാകുന്നത് തമിഴ്‌നാട്ടില്‍ നടാടെയായിരുന്നു. തൊട്ടുപിറകെ എടുത്ത മറ്റൊരു തീരുമാനവും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക ഉപദേശക സമിതി രൂപീകരികരിക്കാനുള്ള തീരുമാനമായിരുന്നു അത്. നോബല്‍ സമ്മാന ജേതാവായ എസ്തര്‍ ഡെഫ്‌ലോ, മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ആഗോള പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രീസ്, മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി എസ്. നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രി സ്റ്റാലിന്റെസാമ്പത്തിക ഉപദേശക സമിതിയില്‍ അംഗങ്ങളായിരുന്നു. സമ്പദ്ഘടനയെ വളര്‍ച്ചാപാതയിലേക്ക് നയിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുക ആഗോള പ്രശസ്തര്‍ അടങ്ങിയ ഈ സാമ്പത്തിക ഉപദേശക സമിതിയായിരിക്കും.

തമിഴ്‌നാട് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നേരിട്ട ഏറ്റവും വലിയ ഭീഷണി കോവിഡ് എന്ന മഹാമാരിയുടെ തീവ്രവ്യാപനമായിരുന്നു. കോവിഡിന്റെ രണ്ടാംതരംഗം അതിന്റെ പാരമ്യത്തില്‍ എത്തിനിന്ന അവസരത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. 2021 മെയ് 7ന് സംസ്ഥാനത്ത് 26,465 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെയ് 20 ഓടെ, കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്ന് 36,184 ആയിത്തീര്‍ന്നു. സ്റ്റാലിന്‍ സര്‍ക്കാര്‍, കോവിഡ് നിയന്ത്രിക്കാന്‍ എടുത്ത ചടുലമായ നടപടികളുടെ ഭാഗമായി, 100 ദിവസം കൊണ്ട് തമിഴ്‌നാട്ടിലെ കോവിഡ് കേസുകളുടെ എണ്ണം, വെറും 1896 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇക്കാലത്ത് കുത്തനെ കുറഞ്ഞ് 2 ശതമാനമായിത്തീര്‍ന്നു. തെക്കേ ഇന്ത്യയില്‍ കോവിഡ് കാട്ടുതീ പോലെ പടര്‍ന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. അവിടെ കോവിഡിന്റെ വ്യാപനം പരിപൂര്‍ണ്ണമായി നിയന്ത്രിക്കാനായി എന്നത് സ്റ്റാലിന്‍ സര്‍ക്കാറിന്റെ സുവര്‍ണ നേട്ടമായി കണക്കാക്കാം. ഇതു കൂടാതെ തമിഴ്‌നാട്ടില്‍ കോവിഡ് രോഗത്തിനെതിരായ വാക്‌സിനേഷന്‍ പരിപൂര്‍ണ്ണമായി സൗജന്യവും, ഒപ്പം കോവിഡ് ചികിത്സയും സമ്പൂര്‍ണ്ണമായും സൗജന്യവുമാണ്.

മറുഭാഗത്ത് കോവിഡ്കാല ദുരിതമകറ്റാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ 2 കോടിയിലധികം വരുന്ന റേഷന്‍ കാര്‍ഡ് ഉടമക്ക് 4000 രൂപ വീതം നല്‍കുകയും ഒപ്പം റേഷന്‍ കാര്‍ഡ് ഉടമക്ക് 14 ഇനം അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം സ്റ്റാലിന്‍ സര്‍ക്കാര്‍ ചെയ്ത മറ്റൊരു നടപടിയും എടുത്തുപറയാതെ വയ്യ. കോവിഡ് കാലത്ത് പൊതുജനാരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് 30,000 രൂപ വീതം അധികം നല്‍കി എന്നതാണത്. ഒപ്പം നഴ്‌സുമാര്‍ക്ക് 24,000 രൂപയും. മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15,000 രൂപ വീതവും നല്‍കി. മാധ്യമപ്രവര്‍ത്തകരെ മുന്നണിപ്പോരാളികളുടെ പട്ടികയില്‍ പെടുത്തി. മാത്രമല്ല, മരണപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ രൂപീകരിച്ച 13 അംഗ സമിതിയില്‍ മുഖ്യമന്ത്രി സ്റ്റാലില്‍ ഒഴിച്ചാല്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും പ്രധാന പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ കടം വാങ്ങി മത്സരിച്ച പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു. ഈ 13 അംഗ സമിതിയില്‍ മുന്‍ എ.ഡി.എം.കെ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന ഡി. വിജയഭാസ്‌കര്‍ കൂടാതെ കോണ്‍ഗ്രസ്, പി.എം.കെ, ബി.ജെ.പി, എം.ഡി. എം.കെ, വി.സി.കെ, സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു.

വിപ്ലവകരമായ തീരുമാനങ്ങള്‍ ഇനിയുമുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയാണ് അതില്‍ പ്രധാനം. പെട്രോളിന്റെ വില ലിറ്ററിന് 3 രൂപ കുറച്ചതും ശ്രദ്ധേയ തീരുമാനമാണ്. 1160 കോടി രൂപയുടെ നഷ്ടമാണ് പെട്രോള്‍ വില കുറച്ചതിലൂടെ സര്‍ക്കാറിനുണ്ടായതെന്നോര്‍ക്കണം. അംഗപരിമിതര്‍ക്കും ട്രാന്‍സ്‌ജെന്ററുകള്‍ക്കും വൈറ്റ് ബോര്‍ഡ് ബസ്സുകളില്‍ സൗജന്യയാത്ര, ബ്രാഹ്മണേതര പൂജാരികളുടെ നിയമനം, അമ്പലങ്ങളില്‍ സംസ്‌കൃതത്തോടൊപ്പം തമിഴിലും പ്രാര്‍ത്ഥന, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ശതമാനം റിസര്‍വേഷന്‍, സ്‌കൂള്‍ പുസ്തകങ്ങളില്‍നിന്ന് പ്രശസ്തരായവരുടെ പേരുകള്‍ക്ക് ഒപ്പം ചേര്‍ത്ത ജാതിവാല്‍ ഒഴിവാക്കല്‍ എന്നീ തീരുമാനങ്ങളും 100 ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ എടുത്ത വിപ്ലവകരമായ തീരുമാനങ്ങളാണ്. സ്റ്റാലിന്‍ സര്‍ക്കാര്‍ ഭാവിയില്‍ ഏത് വഴിയിലൂടെയാണ് സഞ്ചരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ് മേല്‍പറഞ്ഞ നിര്‍ണ്ണായക തീരുമാനങ്ങള്‍.

എന്നാല്‍ 100 ദിവസ ഭരണം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാറിന്റെ സ്ഥിതിയെന്താണ്? പരമ ദയനീയമാണ് അവസ്ഥ! 100 ദിവസ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പത്രസമ്മേളനം പോലും നടത്താന്‍ കഴിയാത്ത നിലയില്‍ നാണംകെട്ട് നില്‍ക്കുകയാണ് 100 ദിവസ ഭരണം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍!

കോവിഡിന്റെ കാര്യം തന്നെ എടുക്കൂ. 2020 മെയ് മാസത്തില്‍ കോവിഡിനെ തടഞ്ഞുനിര്‍ത്തി എന്ന് കൊട്ടിഘോഷിച്ചുകൊണ്ടിരുന്ന കേരളത്തില്‍ ഇപ്പോള്‍ എന്താണ് അവസ്ഥയെന്ന് നോക്കൂ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോവിഡ് പഴങ്കഥയാകുമ്പോള്‍, ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 60-65 ശതമാനവും കേരളത്തിലാണ് എന്നതല്ലേ സ്ഥിതി? ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആക്ടീവ് കോവിഡ് കേസുകളില്‍ 55-60 ശതമാനവും കേരളത്തിലല്ലേ? മറ്റ് മിക്ക സംസ്ഥാനങ്ങളിലും ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണങ്ങള്‍ കുത്തനെ കുറഞ്ഞപ്പോള്‍, കേരളത്തില്‍ കഴിഞ്ഞ 3 മാസക്കാലത്തോളമായി പ്രതിദിനം 100 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയല്ലേ? കോവിഡിനെ തടയുന്നതില്‍ മാതൃക കാട്ടി എന്ന് അവകാശപ്പെട്ട കേരളം ഇന്ന് കോവിഡിനെ തടയുന്നതില്‍ അതിദയനീയമായി പരാജയപ്പെട്ട് ജനങ്ങള്‍ക്കുമുന്നില്‍ തലകുനിച്ച് നില്‍ക്കുകയല്ലേ? തീര്‍ത്തും ജനവിരുദ്ധമായ ലോക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടത്തെതുടര്‍ന്ന് 40 ഓളം പേരല്ലേ ആത്മഹത്യ ചെയ്തത്?
ജനങ്ങല്‍ ലോക്ഡൗണും കോവിഡും മറ്റും കൊണ്ട് അതിദുരിതത്തില്‍പെട്ട് നട്ടംതിരിയുമ്പോള്‍, പൊലീസ് ജനങ്ങളില്‍നിന്ന് ഏതാണ്ട് 125 കോടി രൂപയല്ലേ പിടിച്ചുപറിച്ചത്? കേരളത്തില്‍ പൊലീസ് അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയല്ലേ? ഒരു പൊലീസ് അതിക്രമം എങ്കിലും റിപ്പോര്‍ട്ട് ചെയ്യാതെ ദിവസങ്ങള്‍ കടന്നുപോകുന്നുണ്ടോ? പൊലീസ് ജനങ്ങള്‍ക്ക് മേല്‍ ഇടതടവില്ലാതെ കുതിര കയറികൊണ്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പൊലീസിന് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുകയല്ലേ?

കേരളത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്തത്ര വലിയ മരംകൊള്ള റിപ്പോര്‍ട്ട് ചെയ്തത് സര്‍ക്കാറിന്റെ 100 ദിവസത്തെ ഭരണത്തിനിടയിലല്ലേ? ഈ വനം കൊള്ളക്ക് ഒത്താശ ചെയ്ത ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനെയും മാധ്യമപ്രവര്‍ത്തകനെയും സര്‍ക്കാര്‍ അകമഴിഞ്ഞ് സംരക്ഷിക്കുകയല്ലേ? സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി കേരളത്തില്‍ നൂറ് കണക്കിന് കോടി രൂപയുടെ ബാങ്ക കൊള്ളകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയല്ലേ? സ്ത്രീ പീഡനം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ട മന്ത്രി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുകയല്ലേ? നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന വ്യക്തി യാതൊരു ഉളുപ്പുമില്ലാതെ മന്ത്രിസഭയില്‍ തുടരുകയല്ലേ? ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും മുഖ്യമന്ത്രി മൗനത്തിലല്ലേ?

രണ്ട് സര്‍ക്കാരുകളുടെ 100 ദിവസത്തെ ഭരണത്തെക്കുറിച്ചാണ് മുകളില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചത്. അതില്‍ ഒരു സര്‍ക്കാര്‍ (തമിഴ്‌നാട്) 100 ദിവസം കൊണ്ട് തന്നെ വിപ്ലവകരമായ തീരുമാനങ്ങളെടുത്ത് ജനപിന്തുണ നേടി മുന്നോട്ട് കുതിക്കുന്നു. മറ്റൊരു സര്‍ക്കാര്‍ (കേരളം) 100 ദിവസ ഭരണംകൊണ്ട് തന്നെ ജനവിരുദ്ധ തീരുമാനങ്ങളും, പൊലീസ് അതിക്രമങ്ങളും, അഴിമതിയും കൊണ്ട് ജനങ്ങളുടെ മുന്നില്‍ നാണംകെട്ട് തല കുനിച്ച് നില്‍ക്കുന്നു.

web desk 3: