X

കേരളത്തെ മദ്യത്തില്‍ മുക്കുന്ന പിണറായി ഭരണം- വി.എം സുധീരന്‍

വി.എം സുധീരന്‍

ഇടതുപക്ഷ ജനാധിപത്യമുന്നണി വിശ്വസിക്കാന്‍ കൊള്ളാത്ത രാഷ്ട്രീയ സംവിധാനവും ജനവഞ്ചനയുടെ പര്യായവുമാണെന്ന് സംശയാതീതമായി തെളിയിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യനയ പ്രഖ്യാപനവും തുടര്‍ന്ന് മദ്യവ്യാപനത്തിന് പുതിയ മദ്യശാലകള്‍ ആവശ്യാനുസരണം അനുവദിക്കാനുള്ള നടപടികളും. 2016ലും 2021ലും നിയമസഭാതിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്‌നമായ ലംഘനം നടത്തിവരുന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങളോടു പറയുന്നതൊക്കെ കേവലം തട്ടിപ്പുകളായിട്ടാണ് വന്നിരിക്കുന്നത്.

‘മദ്യം കേരളത്തില്‍ സാമൂഹ്യവിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക’യെന്നും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അതേ ഇടതുപക്ഷ ജനാധിപത്യ മുന്നണി നയിക്കുന്ന സര്‍ക്കാരാണ് അതെല്ലാം തകിടംമറിച്ച് ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപനത്തിന്റെ നടത്തിപ്പുകാരായിമാറിയിട്ടുള്ളത്. തിരഞ്ഞെടുപ്പു വാഗ്ദാനത്തെത്തന്നെ തെല്ലും ലജ്ജയില്ലാതെ അട്ടിമറിക്കുന്ന ഇടതുമുന്നണിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. മദ്യം സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞവര്‍ തന്നെയാണ് മദ്യ വ്യാപന നടപടികളുമായി മുന്നോട്ടുപോകുന്നതെന്നത് തികഞ്ഞ വിരോധാഭാസമാണ്. അങ്ങേയറ്റം പരിഹാസ്യവുമാണ്. തന്നെയുമല്ല മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നതാണ് മദ്യവിപത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന നിര്‍ദ്ദേശങ്ങളെത്തന്നെ വെല്ലുവിളിക്കുന്നതുമാണ്. മദ്യം അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ഡൗണ്‍ (ഏപ്രില്‍ മെയ്, 2020) കാലത്ത് പൂര്‍ണമായും തെളിയിക്കപ്പെട്ടതാണ്. മദ്യ ഉപയോഗം ശീലമാക്കിയവര്‍തന്നെ സമ്പൂര്‍ണ മദ്യനിരോധനം നിലവിലുണ്ടായിരുന്ന അക്കാലത്ത് മദ്യ ഉപയോഗത്തില്‍ നിന്നും വിടപറഞ്ഞത് വളരെയേറെ ശ്രദ്ധേയമായിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകള്‍ അടച്ചുപൂട്ടിയതും ലോക്ഡൗണ്‍ കാലത്തെ മദ്യനിരോധനവും മദ്യപാന ശീലത്തില്‍നിന്നും വളരെയേറെ ആളുകളെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് മദ്യ ഉപഭോഗത്തില്‍ കുറവുവരുന്നതിന് ഇടവന്നതും. മദ്യത്തിന്റെ ലഭ്യതയും പ്രാപ്യതയും ഇല്ലാതായാല്‍ മദ്യ ഉപയോഗത്തില്‍നിന്നും അതു ശീലമാക്കിയവര്‍ പിന്‍വാങ്ങുമെന്ന യാഥാര്‍ഥ്യമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മദ്യപാന ശീലത്തില്‍നിന്നും പിന്തിരിഞ്ഞവരേയും കുടിപ്പിച്ചേ അടങ്ങൂ എന്ന ദുര്‍വാശിയോടെയാണ് സര്‍ക്കാര്‍ മദ്യനയം ആവിഷ്‌കരിക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും. ഇത് അങ്ങേയറ്റം അപലപനീയമാണ്.

ലോക്ഡൗണ്‍ കാലത്ത് മദ്യ ഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്ന് അതില്‍പ്പെട്ടിരുന്നവരുടെ കുടുബാംഗങ്ങള്‍ക്കുണ്ടായ സാമ്പത്തിക നേട്ടം 3978 കോടി രൂപയുടേതാണ്. ‘അഡിക് ഇന്ത്യ’യുടെ പഠനമാണ് ഇത് വ്യക്തമാക്കിട്ടുള്ളത്. അക്കാലത്തുണ്ടായ ഗുണപരമായ മാറ്റങ്ങളില്‍ സുപ്രധാനമാണ് കുറ്റകൃത്യങ്ങളിലുണ്ടായകുറവും. പൊലീസിന്റെ ക്രൈം റെക്കോര്‍ഡ് ബ്യൂറോ തന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യം ഇല്ലാതായാല്‍ മയക്കുമരുന്നുപയോഗം വര്‍ധിക്കും, വ്യാജവാറ്റ് പെരുകും, മദ്യം ഇല്ലാതായാല്‍ അതുപയോഗിച്ചിരുന്നവര്‍ക്ക് വന്‍ പ്രത്യാഘാതങ്ങളുണ്ടാകും എന്നിങ്ങനെ മദ്യവ്യാപനത്തിനാധാരമായി നേരത്തേ മുതല്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന വാദഗതികളും പ്രചാരണങ്ങളും തീര്‍ത്തും അസ്ഥാനത്താണെന്ന് ലോക്ഡൗണ്‍ കാലത്ത് തെളിയിക്കപ്പെട്ടത് നിഷേധിക്കാനാകില്ല. അക്കാലത്തെ എക്‌സൈസ് വകുപ്പിന്റെ രേഖകള്‍ പരിശോധിച്ചാല്‍ ഇതെല്ലാം വ്യക്തമാകുന്നതാണ്.

മദ്യം ഇല്ലാതിരുന്ന ലോക്ഡൗണ്‍ കാലത്ത് മയക്കുമരുന്നു കേസുകളും സ്പിരിറ്റ് ലഭ്യതയും നന്നേ കുറഞ്ഞിരുന്നുവെന്ന വസ്തുത സര്‍ക്കാര്‍ സൗകര്യപൂര്‍വം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ വന്‍തോതില്‍ മദ്യവ്യാപനം ഉണ്ടായപ്പോഴാണ് മയക്കുമരുന്നു വ്യാപനവും വര്‍ധിച്ചത്. ഈ യാഥാര്‍ഥ്യം സര്‍ക്കാര്‍ കണ്ണുതുറന്നു കാണേണ്ടിയിരിക്കുന്നു. 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമായിരുന്നത് 859 ആയി വര്‍ധിച്ചതായാണ് ഔദ്യോഗിക കണക്ക്. പുതിയ ബാറുകള്‍ അനുവദിക്കുന്നതൊന്നും എക്‌സൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ കാണിക്കാറില്ലാത്തതുകൊണ്ട് ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ കൃത്യമായി അറിയാനാകുന്നില്ല. ബെവ്‌കോയുടെ 270, കണ്‍സ്യുമര്‍ ഫെഡിന്റെ 36, ഇതിനുപുറമെ നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള ബാറുകള്‍, നാലായിരത്തോളം കള്ളുഷാപ്പുകള്‍ ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇപ്പോള്‍ പുതിയതായി 175 മദ്യശാലകള്‍ തുടങ്ങുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് ഐ.ടി മേഖലയില്‍ മദ്യശാലകള്‍ തുറക്കാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍. ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഐ.ടി മേഖലയെ നാശത്തിലേക്ക് നയിക്കുന്ന സ്ഥിതിവിശേഷമാണ് ആ മേഖലയില്‍ മദ്യശാലകള്‍ തുറക്കുന്നതിന്റെ ഫലമയിട്ടുണ്ടാകുക. ജോലിയില്‍നിന്നും ഇടക്കിടെ വിട്ടുനില്‍ക്കുന്നശീലം, തൊഴിലിനെ ബാധിക്കുന്ന മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍, ഉത്പാദനക്ഷമതയിലെ മാന്ദ്യം, പരസ്പരമുള്ള സഹകരണമില്ലായ്മ, ജോലിക്കിടയില്‍ ഉറങ്ങുന്ന അവസ്ഥ, ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത മാനസികനില, മേലധികാരികളും സഹപ്രവര്‍ത്തകരുമായിട്ടുള്ള സംഘര്‍ഷങ്ങള്‍, അപ്രതീക്ഷിത അപകടങ്ങള്‍ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളിലേക്ക് ഐ.ടി മേഖലയിലെ മദ്യശാലകളുടെ വരവ് വഴിയൊരുക്കും.

പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് പര്യാപ്തമായ നിര്‍ദ്ദേശങ്ങളൊന്നും തന്റെ വിധിയിലില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍തന്നെ വ്യക്തമാക്കിയിട്ടും പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെന്നമട്ടില്‍ തെറ്റായ വിശദീകരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നതിന് യാതൊരു ന്യായീകരണവുമില്ല. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുസ്വാധീനത്തില്‍പ്പെട്ട് നാട് സര്‍വനാശത്തിലേക്ക് പോകുന്ന ആപല്‍കരമായ സ്ഥിതിവിശേഷം എന്തുകൊണ്ട് സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല?. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുണ്ടാകുന്ന തെറ്റായ നടപടികളും ഗുരുതരമായ വീഴ്ചകളും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. അക്ഷരാര്‍ഥത്തില്‍ കേരളം ഇന്ന് ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍വരെ ആപല്‍ക്കരമായ ഈ ദുരവസ്ഥയുടെ ഇരകളായി മാറിയിരിക്കുകയാണ്.

മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളെ കൊല്ലുന്ന മക്കളുടെ ചെയ്തികളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി പെരുകുന്നു. സംസ്ഥാനം ഗുണ്ടാക്വട്ടേഷന്‍ സംഘങ്ങളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. റോഡപകടങ്ങളും ഗാര്‍ഹിക പീഠനങ്ങളും വര്‍ധിച്ചുവരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം പിന്നിലെ മുഖ്യഘടകം മദ്യവും മയക്കുമരുന്നും തന്നെയാണ്. ഈ ആപല്‍ക്കരമായ സ്ഥിതി ഇല്ലാതാക്കുന്നതിന് ക്രിയാത്മക നടപടികളുമായി മുന്നോട്ടുവരാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് മദ്യ വ്യാപനം നടത്തുന്നതും മയക്കുമരുന്നുവിപണനം വ്യപകമായി നടത്തുന്നതിന് കളമൊരുക്കുന്നതും. ജനങ്ങളോടും നാടിനോടും തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റുതിരുത്തണം. മദ്യവ്യാപന നടപടികള്‍ ഉള്‍ക്കൊള്ളുന്ന ജനദ്രോഹ മദ്യനയവും തുടര്‍നടപടികളും പിന്‍വലിക്കണം. മദ്യം സാമൂഹ്യവിപത്തായി മാറിയിട്ടുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മുന്‍ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണം. ഇതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കേരളത്തെ സമ്പൂര്‍ണ സാമൂഹ്യ തകര്‍ച്ചയിലേക്കെത്തിച്ച ഭരണകൂടമെന്ന പേരിലായിരിക്കും ഭാവിയില്‍ പിണറായി മന്ത്രിസഭ അറിയപ്പെടുകയെന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തട്ടെ.
(മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്)

web desk 3: