X

പകരംദാരിദ്ര്യത്തിലെ മേനിനടിപ്പും കൂട്ട ശിശുമരണങ്ങളും-എഡിറ്റോറിയല്‍

രാജ്യത്ത് ദരിദ്രര്‍ ഏറ്റവുംകുറവ് കേരളത്തിലാണെന്ന കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള നീതിആയോഗിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവരികയുണ്ടായി. ബീഹാറില്‍ ജനസംഖ്യയിലെ പകുതിയിലധികമാളുകള്‍ (51.91 ശതമാനം) ദരിദ്രരായുള്ളപ്പോള്‍ കേരളം 0.71 ശതമാനത്തോടെ പട്ടികയില്‍ ഏറ്റവുംപിറകില്‍ നില്‍ക്കുന്നുവെന്നാണ് കണ്ടെത്തല്‍. തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളാണ് ദാരിദ്ര്യത്തില്‍ പിന്നിട്ടുനില്‍ക്കുന്നതെന്നും ബീഹാറിനുപുറമെ ഝാര്‍ഖണ്ഡ് (42.16), ഉത്തര്‍പ്രദേശ് (37.79), മധ്യപ്രദേശ് (36.65) എന്നീ സംസ്ഥാനങ്ങള്‍ പട്ടികയുടെ മുകളിലാണെന്നും കണ്ടെത്തുകയുണ്ടായി. പരമ്പരാഗതമായി ദാരിദ്ര്യംകൂടുതലുള്ള ബീമാരി (രോഗി) സംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന ബീഹാര്‍ തുടങ്ങുന്ന സംസ്ഥാനങ്ങള്‍ തന്നെയാണിവ. കേരളത്തില്‍ പ്രതീക്ഷിച്ചതിനപ്പുറം ഇതില്‍ പുതുതായെന്തെങ്കിലും വെളിപ്പെട്ടിട്ടുമില്ല. എന്നാല്‍ ഇത് നിലവിലെ ഇടതുപക്ഷസര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്നും സര്‍ക്കാരിന്റെ ‘സാമൂഹികക്ഷേമരംഗത്തെ ഉറച്ചനിലപാടാണ്’ ഇതിനുപിന്നിലെന്നുമുള്ള വാദമുഖങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ കൊട്ടിഘോഷിക്കുകയാണിപ്പോള്‍. സത്യത്തില്‍ 2015-16 കാലത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുതറിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വാര്‍ത്തകൂടി വന്നതോടെ സി.പി.എമ്മിന്റെയും ഇടതുപക്ഷസര്‍ക്കാറിന്റെയും മേല്‍അവകാശവാദങ്ങളെല്ലാം പൊളിഞ്ഞുപാളീസായിരിക്കുകയാണ്. അങ്ങനെയെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനാണ് ഇതിന്റെ ക്രെഡിറ്റ് ലഭിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇതേസമയംതന്നെയാണ് കേരളത്തില്‍നിന്ന് രാജ്യത്തെങ്ങുമില്ലാത്ത രീതിയിലുള്ള കൂട്ടശിശുമരണങ്ങളുടെ വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നത് നമ്മെയെല്ലാവരെയും അമ്പരപ്പിക്കുന്നു.

എണ്‍പതുകള്‍ മുതലിങ്ങോട്ട് മലയാളികള്‍ കൂട്ടത്തോടെ കേരളവുംരാജ്യവും വിട്ട് ഗള്‍ഫ്‌പോലുള്ള സമ്പന്നഭൂപ്രദേശങ്ങളിലെ ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളില്‍ ജീവന്‍പണയംവെച്ച് വിയര്‍പ്പൊഴുക്കിയതിന്റെ ഫലമാണ് കേരളത്തിന്റെ ഇന്നുകാണുന്ന സമ്പന്നാവസ്ഥയെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പ്രതിവര്‍ഷം ഒരുലക്ഷംകോടിയിലേക്ക് കേരളത്തിന്റെ വിദേശനാണ്യവരുമാനം ഉയര്‍ന്നതിന്റെ കാരണത്തില്‍നിന്നല്ലാതെ കേരളത്തിന്റെ നേട്ടത്തെ വിലയിരുത്താനാവില്ലെന്ന് വിവിധഏജന്‍സികള്‍ നടത്തിയപഠനങ്ങളിലൂടെ ഒട്ടേറെതവണ തെളിയിക്കപ്പെട്ടതാണ്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ആളോഹരിവരുമാനം തുടങ്ങിയവയിലെ മികച്ചസൂചികകള്‍ ‘കേരളവികസനമോഡല്‍’ എന്നാണ് വിളിക്കപ്പെട്ടത്. പ്രസ്തുതസമ്പത്ത് ജനങ്ങളില്‍ ആദിവാസിമേഖലയിലൊഴികെ സന്തുലിതമായി വിതരണംചെയ്യപ്പെടുന്നതില്‍ കേരളത്തിലെ വിവിധസാമൂഹികമത-സാമുദായിക സംഘടനകള്‍ക്കും മഹാരഥന്മാര്‍ക്കുമെല്ലാം ചെറുതല്ലാത്ത പങ്കുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ഇതോടൊപ്പംതന്നെ ദേശീയകുടുംബാരോഗ്യസര്‍വേയില്‍ മലയാളികള്‍ ഭക്ഷണക്രമത്തില്‍ തീരെശ്രദ്ധിക്കുന്നില്ലെന്നും വിളര്‍ച്ചയും പൊണ്ണത്തടിയും നമ്മില്‍ കൂടുകയാണെന്നും കണക്കുകള്‍സഹിതം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ കൂട്ടശിശുമരണങ്ങളും അമ്മമാരുടെ പോഷകാഹാരക്കുറവും.

പാലക്കാട്ടെ അട്ടപ്പാടിയില്‍നിന്നാണ് കുറേക്കാലമായി ശിശുമരണങ്ങളുടെ വാര്‍ത്തകള്‍ വരുന്നത്. 2013-14കാലത്തും സമാനമായി ഇത്തരം സംഭവങ്ങള്‍ അവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അന്നത്തെ കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍ മുന്‍കൈയ്യെടുത്ത് അട്ടപ്പാടിപാക്കേജ് എന്ന പേരില്‍ തൊഴില്‍ദാനമുള്‍പ്പെടെ ആയിരത്തോളം കോടിരൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. തല്‍ഫലമായി കഴിഞ്ഞ അഞ്ചെട്ടുവര്‍ഷമായി പ്രദേശത്തുനിന്ന് പോഷണക്കുറവിന്റെ കാര്യമായൊരുവാര്‍ത്തയും വന്നിരുന്നില്ല. പക്ഷേ കഴിഞ്ഞഒരുവര്‍ഷത്തിനിടെ മാത്രം 11 നവജാതശിശുക്കളാണ് മേഖലയില്‍ മരിച്ചത്. അഞ്ചുവര്‍ഷത്തിനിടെ നൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. നാലുദിവസത്തിനിടെ അഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചതാണ് സ്ഥിതിഗതികള്‍ എത്രസങ്കീര്‍ണമാണെന്ന് ബോധ്യപ്പെടാനും സര്‍ക്കാര്‍സംവിധാനങ്ങള്‍ ഉണരാനും ഇടയാക്കിയത്. 192 ഊരുകളുള്ള അട്ടപ്പാടി ആദിവാസിമേഖലയില്‍ പരമ്പരാഗതമായി ആദിവാസികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം തിരിച്ചുകൊണ്ടുവരുന്നതിനും റേഷനും സാമൂഹിക അടുക്കളയും ആതുരസംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിനും തയ്യാറായ യു.ഡി.എഫ് കാലത്തേതില്‍നിന്ന് പിണറായിസര്‍ക്കാര്‍ ഏറെ പിറകോട്ടുപോയതാണ് ഇന്നത്തെ ദുരവസ്ഥയിലേക്കെത്തിച്ചത്. പട്ടികവര്‍ഗ-ആരോഗ്യ-തദ്ദേശവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണം. കോട്ടത്തറ സര്‍ക്കാര്‍ആസ്പത്രിയില്‍ വേണ്ടത്ര സൗകര്യമില്ലാതെ പെരിന്തല്‍മണ്ണയിലെ സി.പി.എം നിയന്ത്രിത സഹകരണആസ്പത്രിയിലാണ് ആദിവാസികളുടെ മുഖ്യചികില്‍സയിപ്പോള്‍. പ്രത്യേകഫണ്ടും ഈആശുപത്രിക്ക് കൈമാറിയിരിക്കുന്നു. ദാരിദ്ര്യസൂചികയിലെ നേട്ടത്തെക്കുറിച്ച് മേനിനടിക്കുന്ന ഇടതുപക്ഷസര്‍ക്കാരിപ്പോള്‍ ചെയ്യേണ്ടത് ഈദുരന്തത്തിനും നാണക്കേടിനും അടിയന്തരമായി പരിഹാരം കാണുകയാണ്.

web desk 3: