X

മുസ്‌ലിംലീഗ് പ്രസിഡന്റുമാരായ പഞ്ചായത്തില്‍ ഇനി ‘സര്‍’ വിളി ഇല്ല

മലപ്പുറം: ജില്ലയില്‍ മുസ്‌ലിംലീഗ് പ്രസിഡന്റുമാരായ 60 ഗ്രാമപഞ്ചായത്തുകളിലും ഇനി ‘സര്‍’വിളി വേണ്ട എന്ന് തീരുമാനിച്ചു. ‘സര്‍’ എന്ന അഭിസംബോധനയും ഒഴിവാക്കും. മുസ്‌ലിംലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗ് ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേര്‍ന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും.

പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനന്‍മാരും പൊതുജനങ്ങള്‍ അവരുടെ ദാസന്മാരും എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും ‘സര്‍ ‘ കടന്നുവന്നിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്വഴക്കങ്ങള്‍ ഇത്രയും നാള്‍ അതുപോലെ തുടരുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്. ഒറ്റപ്പെട്ട ചില പഞ്ചായത്തുകള്‍ മാത്രമാണ് ഇതിന് മുമ്പ് ഇങ്ങിനെയൊരു തീരുമാനം എടുത്തിട്ടുള്ളു.

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌സ് ലീഗ് ജില്ലാ പ്രസിഡന്റ് പി സി അബ്ദുറഹ്മാന്‍ പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറിപി.എം.എ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് , സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, ഇസ്മായില്‍ മൂത്തേടം, പ്രസിഡന്റ്‌സ് ലീഗ് ജില്ലാ സെക്രട്ടറി കെ. ഇസ്മയില്‍ മാസ്റ്റര്‍ പൂക്കോട്ടൂര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കലാം മാസ്റ്റര്‍ പെരുവള്ളൂര്‍, സെക്രട്ടറി നാസര്‍ എടരിക്കോട്, പ്രസിഡന്റ്‌സ് ലീഗ് ഭാരവാഹികളായ അബ്ദുല്ലക്കോയ ചെറുകാവ്, എസ്.എ മന്‍സൂര്‍ തങ്ങള്‍ ഊരകം, മൂസ കടമ്പോട് ഒതുക്കുങ്ങല്‍, കെ.പി വഹീദ കല്‍പകഞ്ചേരി , പി.വി ഉസ്മാന്‍ കാവനൂര്‍, അഡ്വ. അസ്‌കര്‍ അലി മങ്കട, കെ റാബിയ കോഡൂര്‍, സി.എം മുസ്തഫ വെട്ടത്തൂര്‍ ,ടി .കെ ഗോപി കാളികാവ്, എളങ്കയില്‍ മുംതാസ് ചീക്കോട്, സി.പി കുഞ്ഞുട്ടി മംഗലം പ്രസംഗിച്ചു.

 

 

 

web desk 3: