X

തൃക്കാക്കര ഷോക്ക് ട്രീറ്റ്‌മെന്റാകണം- എഡിറ്റോറിയല്‍

ചൂടുപിടിച്ച പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ കൊട്ടിക്കലാശവും കഴിഞ്ഞ് തൃക്കാക്കരയിലെ സമ്മതിദായകര്‍ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഉപതിരഞ്ഞെടുപ്പാണെങ്കിലും വീറും വാശിയും നിറഞ്ഞ ദിനങ്ങളാണ് കടന്നുപോയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനദ്രോഹ ഭരണത്തിനുള്ള ചുട്ട മറുപടിയായി തിരഞ്ഞെടുപ്പ് ഫലം മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 2021ല്‍ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടിയിലിധികം ഭൂരിപക്ഷം അദ്ദേഹത്തിന്റെ പ്രിയ പത്‌നി ഉമാ തോമസിന് കിട്ടുമെന്ന ഉറച്ച വിശ്വാസം യു.ഡി.എഫ് ക്യാമ്പിനുണ്ട്. ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിന് എതിരാകുമെന്ന ഭീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ മുഴുവന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുള്ള പ്രശ്‌നങ്ങളും എല്‍.ഡി.എഫിനെ വേട്ടയാടുന്നുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനുവേണ്ടി ചുവരെഴുത്തുകള്‍ ആരംഭിച്ചതിന് ശേഷമാണ് പാര്‍ട്ടി അണികള്‍ക്ക് പരിചിതനല്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതുണ്ടാക്കിയ ക്ഷീണം എല്‍.ഡി.എഫിന്റെ പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു.

പലതുകൊണ്ടും രാജ്യം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. സവിശേഷമായ നിരവധി ഘടകങ്ങള്‍ തൃക്കാക്കരയെ ശ്രദ്ധേയമാക്കുന്നുണ്ട്. ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ഫാസിസ്റ്റ് പ്രീണനങ്ങള്‍ക്കും ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ ലഭിച്ച മികച്ച അവസരമായി വോട്ടര്‍മാര്‍ ഇതിനെ കാണുന്നു. പ്രചാരണത്തില്‍ സംസ്ഥാന രാഷ്ട്രീയത്തോടൊപ്പം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് സര്‍ക്കാറിന്റെ കൊള്ളരുതായ്മകളാണ്. ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങള്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നതില്‍ യു.ഡി.എഫ് വിജയിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഇളക്കിമറിച്ച കെ-റെയില്‍ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. എതിര്‍പ്പുകളും പ്രതിഷേധങ്ങളും അവഗണിച്ച് ബലമായി തുടര്‍ന്നിരുന്ന കെ-റെയില്‍ കല്ലിടല്‍ അതോടെ സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചെയ്തു. എന്തു വില കൊടുത്തും സര്‍വേ തുടരുമെന്ന് വാശി പിടിച്ചിരുന്ന സര്‍ക്കാരിന്റെ പെട്ടെന്നുള്ള പിന്മാറ്റം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്ടെന്ന് വ്യക്തം. സ്വകാര്യ ഭൂമിയില്‍ കല്ലിട്ടേ അടങ്ങൂ എന്നായിരുന്നു അതുവരെയും സര്‍ക്കാര്‍ നിലപാട്. അതിനുവേണ്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സമരക്കാരെ അടിച്ചൊതുക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന സര്‍ക്കാരാണ് സര്‍വേ നടപടികള്‍ ജി.പി.എസ് സംവിധാനം മുഖേനയാക്കിയത്. എന്തേ ഇതുവരെ അത്തരമൊരു ബുദ്ധി ഉദിക്കാതിരുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല.

കെ-റെയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചര്‍ച്ചയാകാതാരിക്കാന്‍ എല്‍.ഡി.എഫ് പരമാവധി ശ്രമിച്ചിരുന്നു. അതേക്കുറിച്ച് മിണ്ടിപ്പോകരുതെന്ന് അണികള്‍ക്ക് പിണറായി നിര്‍ദേശവും നല്‍കി. നവകേരളത്തിനെന്ന പേരില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കെ-റെയിലുമായി വോട്ടമാരെ സമീപിക്കാന്‍ ഇടതുപക്ഷ ഭയന്നത് തന്നെ പദ്ധതി ജനവിരുദ്ധമാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. സംസ്ഥാനത്തിന്റെ വിശാല താല്‍പര്യത്തിനപ്പുറം വന്‍കിടക്കാരുടെ സങ്കുചിത മോഹങ്ങള്‍ക്ക് ഗതിവേഗം നല്‍കാനാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ എഴുന്നള്ളിയതെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കേരളത്തിന്റെ പൊതുവികാരം തൃക്കാക്കരയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. കെ-റെയിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കുമുന്നില്‍ തലകുനിച്ചു നില്‍ക്കുന്ന മന്ത്രിമാരെയാണ് മണ്ഡലത്തില്‍ കണ്ടത്. സംസ്ഥാനത്തെ ജനങ്ങള്‍ വിലക്കയറ്റത്തിലും പ്രകൃതിദുരന്തങ്ങളിലും വലയുമ്പോള്‍ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിന്ത.

പിണറായി വിജയന്റെ ഗുജറാത്ത് പ്രേമവും പ്രചാരണ കാലത്ത് സജീവ ചര്‍ച്ചയായി. കുറച്ചു കാലമായി നരേന്ദ്ര മോദിയുടെ വിശ്വാസം ആര്‍ജിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അക്കാര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കു പോലും അദ്ദേഹത്തോട് അസൂയയുണ്ട്. തങ്ങളെക്കാള്‍ പിണറായിയെ കാണാനാണ് മോദി ആവേശം കാട്ടുന്നതെന്ന് അവര്‍ അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനിടെയാണ് ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിതല സംഘത്തെ നിയോഗിച്ചിരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും തകര്‍ന്നിരിക്കുന്ന ഗുജറാത്തിനെ മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ പോലും മാതൃകയാക്കുന്നില്ല. എന്നിരിക്കെയാണ് കമ്യൂണിസ്റ്റുകാരനായ പിണറായി അതേക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ലോകമെങ്ങും കേരള മോഡലിനെ വാഴ്ത്തുമ്പോള്‍ കൂടിയാണ് ഇടതുപക്ഷം ഗുജറാത്തിന് പിന്നാലെ ഓടുന്നതെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ ഇടതു നേതാക്കള്‍ക്കെതിരെ നീളുന്ന കേന്ദ്ര അന്വേഷണങ്ങള്‍ക്ക് തടയിടാന്‍ കൂടിയാണ് പിണറായി മോദിയുമായി കൈകോര്‍ക്കുന്നത്.

തൃക്കാക്കരയില്‍ യു.ഡി.എഫ് പ്രയോഗിച്ച ആയുധങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. ഭരണനേട്ടങ്ങള്‍ നിരത്താനില്ലെന്നതും ഇടതു ക്യാമ്പിനെ തളര്‍ത്തി. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഉള്‍പ്പെടെ നീറുന്ന അനവധി പ്രശ്‌നങ്ങള്‍ തൃക്കാക്കരയിലെ സമ്മതിദായകര്‍ക്കു മുന്നില്‍ യു.ഡി.എഫ് അവതരിപ്പിച്ചു. നാളെ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഇതൊക്കെയും അവരെ സ്വാധീനിക്കും. ഇടതു സര്‍ക്കാരിനെ ഞെട്ടിക്കുന്ന ജനവിധിയായിരിക്കും തൃക്കാക്കര സംസ്ഥാനത്തിന് സമ്മാനിക്കുക.

web desk 3: