X

ഒറ്റയാന്‍

കണക്കാണ് സുബ്രഹ്മണ്യന്‍സ്വാമിയുടെ അധ്യാപനവിഷയം. ദേശീയസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ ഐ.ഐ.ടിയിലായിരുന്നു ദീര്‍ഘകാലത്തെ അധ്യാപനം. കുട്ടികളെല്ലാം മണിമണിയായി കണക്ക് പഠിച്ച് പാസായെങ്കിലും അധ്യാപകനായ സ്വാമിയുടെ കണക്കെല്ലാം പക്ഷേ തെറ്റുകയായിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയശേഷമാണിത് ഏറെ വ്യക്തമായത്. സാമ്പത്തികവിദഗ്ധന്‍, സ്ഥിതിവിവരണപടു എന്നൊക്കെ സുബ്രഹ്മണ്യന്‍സ്വാമിയുടെ ജീവചരിത്രപുസ്തകത്തിലുണ്ടെങ്കിലും രാഷ്ട്രീയത്തിലെന്തുകൊണ്ടോ സ്വാമിയുടെ കണക്കുകളൊന്നും അത്രകണ്ട് ഒത്തുവരുന്നില്ല. അല്ലെങ്കില്‍ ഇന്ത്യയിലെ പല രാഷ്ട്രീയകക്ഷിയിലും ഒരുകൈനോക്കാന്‍ സ്വാമിക്ക് അവസരം ലഭിക്കില്ല.

രാജ്യത്തെ ആദ്യ പ്രതിപക്ഷപാര്‍ട്ടികളൊന്നിന്റെ പേരായിരുന്നു ജനതാപാര്‍ട്ടി . കോണ്‍ഗ്രസിനെതിരെ ജയപ്രകാശ്‌നാരായണനും രാംമനോഹര്‍ ലോഹ്യയും മറ്റുംചേര്‍ന്ന്‌രൂപീകരിച്ചതും കുറച്ചുകാലം ഇന്ത്യഭരിച്ചതുമായ കക്ഷി. പിന്നീട് ജനതാപാര്‍ട്ടികള്‍ പലകഷണങ്ങളായപ്പോള്‍ ജനതാപാര്‍ട്ടിയുടെ പര്യായമായി ശേഷിച്ചത് ഈ സ്വാമിയായിരുന്നു. 1977മുതല്‍ ദീര്‍ഘകാലം അതിന്റെ ഏകഛത്രാധിപതിയായി വാണശേഷം ബി.ജെ.പിയിലേക്ക് ചേക്കേറി. 1974 മുതല്‍ 77വരെ ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തിലായിരുന്നു. വാജ്‌പേയിയുടെയും മോദിയുടെയും ഇഷ്ടക്കാരനായി രാജ്യസഭയൊക്കെ ഒപ്പിച്ച് പോകുമ്പോഴാണ് ബി.ജെ.പിയിലെ ചിലര്‍ക്ക് സ്വാമി കരടായത്. അവര്‍ സ്വാമിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിച്ചു. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ സ്വന്തംസ്വാമി അങ്ങ് വടക്കുകിഴക്ക് പശ്ചിമബംഗാളിലേക്കാണ് വെച്ചുപിടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ചെന്ന് ബംഗാള്‍മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയെ കണ്ടതാണ് സ്വാമിയുടെ പുതിയ കണക്കുകൂട്ടലുകളെക്കുറിച്ച് റൂമര്‍ പരത്തിയിരിക്കുന്നത്. മുമ്പ് ജനതാപാര്‍ട്ടി നേതാവായിരിക്കെ കേരളത്തില്‍ എക്‌സ്പ്രസ് (തൃശൂര്‍) പത്രത്തിന്റെ ഓഹരികള്‍വാങ്ങി നടത്തിനോക്കിയെങ്കിലും അവിടെയും കണക്കുതെറ്റി വഴിയിലിട്ടുപോയി.

1990-91 കാലത്ത് ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ കേന്ദ്രനിയമ-വാണിജ്യമന്ത്രിയായി. 2013ലാണ് ജനതാപാര്‍ട്ടി പിരിച്ചുവിട്ട് ബി.ജെ.പിയില്‍ ചേരുന്നത്. 2016ല്‍ മോദിയുടെ കനിവില്‍ രാജ്യസഭയിലേക്ക്. എന്തൊക്കെ പറഞ്ഞാലും ആര്യരക്തമല്ലേ എന്ന് കരുതിക്കാണും. 1977ലും 80ലും വടക്കന്‍മുംബൈയില്‍നിന്നും 1998ല്‍ മധുരയില്‍നിന്നും ലോക്‌സഭയിലെത്തി. 1974ലും 88ലും ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലും. ഇസ്രാഈലിനോടും ഹിന്ദുത്വരാഷ്ട്രീയത്തോടുമാണ് കൂറ്. അതു പരസ്യമായി പ്രകടിപ്പിക്കാനും മടിയില്ല ഈ 82കാരന്. രാഷ്ട്രീയത്തിലെ വിദ്യാസമ്പന്നനാണീ സ്വാമി. ബ്രാഹ്മണനായി അറിയപ്പെടുന്നതില്‍ അഭിമാനിക്കുന്ന ഈ തമിഴ്‌നാട്ടുകാരന്‍ 1965ല്‍ ബ്രിട്ടനിലെ ഹര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുംമുമ്പ് കൊല്‍ക്കത്തയിലായിരുന്നു ബിരുദാനന്തരബിരുദപഠനം. ഹര്‍വാഡ് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകയായ പാഴ്‌സിക്കാരി റോക്‌സനയെ വിവാഹംചെയ്തു. അവിടെതന്നെ അധ്യാപകനുമായി. പിന്നീട് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രശസ്തസാമ്പത്തികശാസ്ത്രജ്ഞനും നൊബേല്‍ജേതാവുമായ അമര്‍ത്യസെന്നിനോടൊപ്പം പ്രവര്‍ത്തിച്ചു. ഹര്‍വാഡിലും മറ്റും ഗസ്റ്റ് അധ്യാപകനാണിപ്പോള്‍ കക്ഷി. ഏതായാലും മോദിയുടെ കാലം അവസാനിക്കുന്നതും മമതയുടെ ഗ്രാഫ് ഉയരുന്നതുമാകാം വീണ്ടുമൊരു ഭൈമീകാമുകത്വത്തിന് സ്വാമിയെ പ്രേരിപ്പിക്കുന്നത്. രണ്ട് പെണ്‍മക്കളിലൊരാള്‍ സുഹാസിനി വിവാഹംചെയ്തിരിക്കുന്നത് മുന്‍വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ഹൈദരിനെയാണ്. ഹിന്ദുത്വവാദിയായ സ്വാമിയെ കൂടെക്കൂട്ടിയിട്ടെന്തുകാര്യമെന്നൊന്നും മമതയോട് ചോദിക്കരുത്. മോദിക്കെതിരെ എന്തുകിട്ടിയാലും അത് മമത ഏറ്റെടുക്കും. വലിയ പോരാട്ടമാണ് വരാനിരിക്കുന്നത്. വല്ലഭന് പുല്ലും ആയുധമെന്നല്ലേ.

web desk 3: