X

മോദിയുടെ പരിപാടിക്കായി പെരുന്നാള്‍ അവധി ഒഴിവാക്കി; ഡല്‍ഹി സര്‍വകലാശാലയ്‌ക്കെതിരെ വന്‍ പ്രതിഷേധം

ബലിപെരുന്നാള്‍ദിവസവും പ്രവൃത്തിദിനമാക്കി ഉത്തരവിറക്കി ഡല്‍ഹി സര്‍വകലാശാല. ജൂണ്‍ 29നാണ് സര്‍വകലാശാലാ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിറക്കിയാണ് പെരുന്നാള്‍ദിവസം സര്‍വകലാശാല പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക് ഇതില്‍നിന്ന് ഒഴിവുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. പ്രധാനമന്ത്രി മോദിയുടെ പരിപാടിക്കു മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

ജൂണ്‍ 30നാണ് ഡി.യു ശതാബ്ദി ആഘോഷങ്ങളുടെ സമാപനം. ചടങ്ങില്‍ മുഖ്യാതിഥിയാണ് മോദി. ഉത്തരവിനെതിരെ ഒരു വിഭാഗം അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ 29 കേന്ദ്ര ഗസറ്റില്‍ വ്യക്തമാക്കിയ നിര്‍ബന്ധിത ഈദുല്‍ അദ്ഹാ അവധിദിനമാണെന്ന് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്സ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഈ ദിവസം മുസ്ലിംകള്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മറ്റു സമുദായങ്ങളും അതില്‍ പങ്കുചേരാറുണ്ട്. എന്നാല്‍, പുതിയ ഉത്തരവ് സര്‍വകലാശാലയുടെ വിഭാഗീയ ചിന്താഗതിയുടെയും ബോധമില്ലായ്മയുടെയും തെളിവാണെന്ന് വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും അധ്യാപകര്‍ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അധ്യാപകര്‍ പറഞ്ഞു. 2023നു മുമ്പ് തന്നെ ഗസറ്റില്‍ നിശ്ചയിച്ചിട്ടുള്ള അവധികള്‍ അറിയാവുന്നതാണ്. മറ്റൊരു അടിയന്തര സാഹചര്യവും ഉണ്ടായിട്ടില്ല. ഹോളിയോ ദിവാലിയോ ആണെങ്കില്‍ സര്‍വകലാശാലയ്ക്ക് ഇതേ സമീപനമായിരിക്കില്ലെന്നും അധ്യാപകര്‍ ആരോപിച്ചു.

webdesk13: