X
    Categories: indiaNews

ഉത്തരേന്ത്യയില്‍ മഴയ്ക്ക് ശമനമില്ല: 42 മരണം

ഷിംല: കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയില്‍ മരണം 42 ആയി.ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ നിര്‍ദേശം. അതേസമയം മഴ അതിന്റെ എല്ലാ രൗദ്ര ഭാവങ്ങളും പുറത്തെടുത്ത് നിറഞ്ഞു തുള്ളുമ്പോള്‍ അസാധാരണമായ ദുരന്ത സാഹചര്യത്തെ മുന്നില്‍ കാണുകയാണ് ഉത്തരേന്ത്യന്‍ ജനത. പ്രളയ ഭീതി മാത്രമല്ല, മണ്ണിടിച്ചിലും മിന്നല്‍ പ്രളയവുമെല്ലാം ഏതു സമയത്തും ജീവനും ജീവിതോപാധികളും കവര്‍ന്നെടുക്കാവുന്ന ഭീതിതമായ സാഹചര്യം.

അലറി വിളിച്ചൊഴുകുന്ന ബിയാസ് നദി ആരെയും ഒന്ന് നടുക്കും. കൂറ്റന്‍ ഇരുമ്പു പാലങ്ങള്‍ വരെ തകര്‍ത്തെറിഞ്ഞ്, ഓരത്തെ നൂറു കണക്കിന് കുടിലുകള്‍ നക്കിത്തുടച്ച്, പ്രധാന നഗങ്ങളെപ്പോലും വെള്ളക്കെട്ടിലാക്കി കരകവിഞ്ഞ് കലങ്ങിമറിഞ്ഞൊഴുകുകയാണ് ബിയാസ്.
ബിയാസിന്റെ അലര്‍ച്ച കേട്ടാല്‍ നിങ്ങള്‍ക്ക് ഹൃദയാഘാതമുണ്ടാകുമെന്നും ആരും ഈ ഘട്ടത്തില്‍ സാഹസത്തിന് മുതിരരുതെന്നുമാണ് ഹിമാചല്‍ സ്വദേശി കൂടിയായ കങ്കണ റണാവത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷിംല അടക്കമുള്ള പ്രധാന പട്ടണങ്ങളെല്ലാം മഴക്കെടുതിയുടെ പിടിയിലാണ്.

ഹിമാചലില്‍ 27 യാത്രക്കാരുമായി ബസ് വെള്ളക്കെട്ടില്‍ കുരുങ്ങി. ദേശീയ പാതയില്‍ അംബാല – യമുനാനഗര്‍ റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിലായത്. ഇതോടെ ബസിന്റെ എഞ്ചിന്‍ ഓഫ് ആയി വെള്ളക്കെട്ടിനു നടുവില്‍ കുടുങ്ങുകയായിരുന്നു. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ഏതു സമയത്തും വന്‍ അപകടം മുന്നില്‍ കണ്ട നിമിഷത്തില്‍ നിന്ന് വെള്ളക്കെട്ടിനു കുറുകെ കൂറ്റന്‍ കയര്‍ കെട്ടിയും ക്രെയ്ന്‍ ഉപയോഗിച്ചുമാണ് യാത്രക്കാരെ കരക്കെത്തിച്ചത്. അതിശക്ത മഴയാണ് വടക്കുകിഴക്കന്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ശനിയാഴ്ച ഒറ്റ ദിവസം ലഭിച്ചത് നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ മഴയായിരുന്നു.

ഹിമാചലിലും ഉത്തരാഖണ്ഡിലുമാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്. അകമ്പടിയായെത്തിയ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവ ജനജീവിതം ദുരന്ത പൂര്‍ണമാക്കി. കുളു- മണാലി ദേശീയപാത മണ്ണിടിച്ചില്‍ ഭീതി കാരണം ഞായറാഴ്ച തന്നെ അടിച്ചിട്ടിരുന്നു. മണാലി, കുല്ലു, കിന്നൗര്‍, ചമ്പ എന്നിവിടങ്ങളിലെല്ലാം മിന്നല്‍ പ്രളയം വന്‍ നാശം വിതച്ചു.

ജനങ്ങളോട് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടുവിട്ട് പുറത്തിറങ്ങരുതെന്ന അഭ്യര്‍ത്ഥനയുമായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു രംഗത്തെത്തി. ദുരന്ത നിവാരണ സംവിധാനം ശക്തിപ്പെടുത്തിയതായും ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2013ലെ മിന്നല്‍ പ്രളയത്തിന്റെ ഭീതിയില്‍ നിന്ന് ഉത്തരാഖണ്ഡ് ജനത ഇനിയും കരകയറിയിട്ടില്ല. സമാനമായ മറ്റൊരു ദുരന്തം കൂടി നേരിടേണ്ടി വരുമോ എന്ന ഭീതിയിലാണ് ജനം. ഭൂമി ഇടിഞ്ഞു താഴുന്നതും വിള്ളല്‍ വീഴുന്നതും അടക്കമുള്ള പ്രതിഭാസങ്ങള്‍ കഴിഞ്ഞ കുറേ കാലങ്ങളായി ഉത്തരാഖണ്ഡില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

2013ലെ മിന്നല്‍ പ്രളയം അടക്കമുള്ളവ പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഭീതി ഇരട്ടിയാണ്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും കാരണം റോഡുകള്‍ തകര്‍ന്നതോടെ ഉത്തരാകണ്ഡില്‍ യാത്രാദുരിതം രൂക്ഷമാണ്. നൂറു കണക്കിന് വിനോദ സഞ്ചാരികളും ഛാര്‍ധാം തീര്‍ത്ഥാടകരുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും സ്ഥിതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങൡലെല്ലാം വെള്ളം കയറിയിട്ടുണ്ട്. മാര്‍ക്കണ്ഡ, ഗഗ്ഗാര്‍, തംഗ്രി നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നദികള്‍ കരകവിയുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരും. ഡല്‍ഹിയിലും യമുനാ നദിയില്‍ ജലനിരപ്പ് അപകട നിലയിലേക്ക് നീങ്ങുകയാണ്.

ജമ്മുകശ്മീരില്‍ കത്വ, സാംബ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമാണ്. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് കഴിഞ്ഞ ദിവസം തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കുന്നതിനായി സ്ഥാപിച്ച പഞ്ചതര്‍ണി, ശേഷാങ് ബേസ് ക്യാമ്പുകളുടെ പ്രവര്‍ത്തനം മൂന്നു ദിവസത്തേക്ക് നിര്‍ത്തിവെച്ചു. പ്രളയ ഭീതി തുടരുകയാണെന്നും ഏതു സാഹചര്യത്തേയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി തുടങ്ങിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കുള്ള അവധി ഇന്നും തുടരും.

webdesk11: