X

ആവിക്കലിലേക്ക് വേണ്ട അധികാര മാലിന്യം-എഡിറ്റോറിയല്‍

കോഴിക്കോട് വെള്ളയില്‍ ആവിക്കല്‍തോട് പ്രദേശത്തുകാരുടെ ജീവനും ജീവിതവുമിട്ട് പന്താടുകയാണ് കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതുപക്ഷമിപ്പോള്‍. സ്ഥലത്തെ മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ പ്രതിഷേധത്തെ ഉരുക്കുമുഷ്ടിയുപയോഗിച്ച് പരാജയപ്പെടുത്തിക്കളയാമെന്നാണ് കോര്‍പറേഷന്‍ അധികാരികളുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ഉള്ളിലിരിപ്പെന്നുതോന്നുന്നു. കഴിഞ്ഞ ഏതാനും മാസമായി തുടരുന്ന പ്രതിഷേധത്തെയും പ്രക്ഷോഭത്തെയും വകവെക്കാതെ കഴിഞ്ഞദിവസവും സ്ഥലത്തെ പ്രതിഷേധക്കാരായ വീട്ടമ്മമാരും വയോധികരുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയുണ്ടായി. കോര്‍പറേഷന്‍ വിളിച്ച 67-ാംവാര്‍ഡ് ജനസഭയുടെ മിനുട്ട്‌സില്‍ തെറ്റായി തീരുമാനമെഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിനും സംഘര്‍ഷം ആവര്‍ത്തിക്കപ്പെടാനും ലാത്തിച്ചാര്‍ജിനും ഇടയാക്കിയത്. എന്തുവന്നാലും ജനങ്ങളുടെ തലയിലൂടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുമെന്നാണ് കോര്‍പറേഷന്‍ ഭരിക്കുന്നവരുടെയും ഇടതുപക്ഷക്കാരുടെയും പോക്ക് കണ്ടാല്‍ തോന്നുക. പരിസരവാസികളുടെ അനുമതിയോ അനുവാദമോ ഇല്ലാതെ ഇതിനായുള്ള സര്‍വേ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനം കാരണം വലിയ സംഘര്‍ഷാവസ്ഥയാണ് മാസങ്ങളായി സ്ഥലത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ ആദ്യവാരവും പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനിടെയാണ് ഇന്നലെ കോര്‍പറേഷന്റേതെന്ന പേരില്‍ ജനസഭ വിളിച്ചുകൂട്ടിയത്. എന്നാല്‍ അതിനുപിന്നില്‍ സി.പി.എമ്മിന്റെ ഗൂഢോദ്ദേശ്യമാണുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രദേശ വാസികളായ സമരസമിതിക്കാരെ ഒഴിവാക്കിയുള്ള ജനസഭായോഗം. വികേന്ദ്രീകൃത ത്രിതല സംവിധാനത്തില്‍ ജനസഭയും ഗ്രാമസഭയുമെല്ലാം നിയമപരമായി സാധുതയുള്ളതാണെന്നിരിക്കെ ബന്ധപ്പെട്ട ചിലരെ ഒഴിവാക്കിക്കൊണ്ട് നടത്തിയ ജനസഭ ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമാണ്. ഇതിനെതിരെ പ്രതിഷേധച്ചതില്‍ യാതൊരു തെറ്റും കാണാനില്ല. അവരെയാണ് പൊലീസിനെ ഉപയോഗിച്ച് കോര്‍പറേഷന്‍ ഭരണക്കാരും സര്‍ക്കാറും കായികമായി നേരിട്ടത്.

ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് 60 സെന്റ് ഭൂമിയിലാണ് മാലിന്യ സംസ്‌ക്കരണപ്ലാന്റ് നിര്‍മിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇതേക്കുറിച്ച് മറ്റൊന്നും വിശദീരിക്കേണ്ടതില്ല. മനുഷ്യരുടെയും ഇതര ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥിതിയും ജീവിതസൗകര്യങ്ങളും ഹനിച്ചുകൊണ്ട് ഒരു ശക്തിക്കും ആധുനിക കാലത്ത് മുന്നോട്ടുപോകാനാകില്ല. അത്രകണ്ട് ബോധ്യമുള്ള ജനതയാണ് ഇന്നത്തേത്. കഴിഞ്ഞ കാലങ്ങളിലെ ഇത്തരം തലതിരിഞ്ഞ ഭരണകൂട ചെയ്തികളുടെ ബലിയാടുകളാണ് കേരളത്തിലെ വിളപ്പില്‍ശാല മുതല്‍ ഗുരുവായൂരിലെ ചക്കുംകണ്ടം, എറണാകുളത്തെ ബ്രഹ്മപുരം, കോഴിക്കോട്ടെ തന്നെ നല്ലളം പോലുള്ള പ്രദേശങ്ങള്‍. ഭരണഘടനാപരമായും അന്താരാഷ്ട്ര തലത്തിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരവും ഒരു സമൂഹത്തിന്റെയും മേലെ ഇതര മനുഷ്യരുടെ കൈകടത്തലും നിര്‍മാണങ്ങളും അനുവദിച്ചുകൂടാത്തതാണ്. വെള്ളയിലെ കോര്‍പറേഷന്റെ 66, 67 വാര്‍ഡുകളിലെയും ഭാഗികമായി 62-ാം വാര്‍ഡിലെയും കക്കൂസ് മാലിന്യങ്ങളാണ് ആവിക്കലില്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കോര്‍പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. പ്ലാന്റില്‍നിന്ന് വെള്ളയില്‍ ഹാര്‍ബറിലേക്ക് മലിനപ്ലാന്റിലെ അവശിഷ്ടം ഒഴുക്കിവിടുന്നത് ഒരുനിലക്കും ബുദ്ധിപൂര്‍വമായ നടപടിയല്ല. ഈ പ്രദേശത്തെ ഒട്ടനവധി കുടുംബങ്ങളാണ് കടലിനെ ആശ്രയിച്ച് ജീവിതം പുലര്‍ത്തുന്നത്. സ്ഥലത്തെ കിണറുകളിലെ മാലിന്യത്തിന്റെ അളവ് വര്‍ധിക്കുന്നതും രോഗങ്ങളുടെ ആധിക്യവും വ്യാപനവും പദ്ധതികൊണ്ട് സംഭവിക്കാം. ഇതെല്ലാം പകല്‍പോലെ സത്യമാണെന്നിരിക്കെ എന്തിനാണ് കോര്‍പറേഷനിത്ര പിടിവാശിയെന്നാണ് മനസിലാകാത്തത്. ജനസഭയിലും പുറത്തും സ്ഥലം എം.എല്‍.എയും കോര്‍പറേഷന്‍ മുന്‍ മേയറുമായ സി.പി.എം നേതാവ് തോട്ടത്തില്‍ രവീന്ദ്രനെതിരെ അതിശക്തമായ ജനരോഷം ഉയരുന്നതിന്റെ കാരണവും നീതീകരിക്കത്തക്കതാണ്. കെ റെയില്‍ പദ്ധതി എന്തുവിലകൊടുത്തും നടപ്പാക്കുമെന്നുപറഞ്ഞ് ജനങ്ങളുടെ കിടപ്പാടങ്ങള്‍ പിടിച്ചടക്കാന്‍വന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെയാളുകള്‍ക്ക് ഇതിലും ഗൂഢസാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകാമെന്നതും തള്ളിക്കളയാനാവില്ല.

പണക്കാരന്റെയും നഗരവാസിയുടെയും ഉച്ഛിഷ്ടവും വിസര്‍ജ്യവും പേറേണ്ട ഗതികേട് ഗ്രാമീണ-തീര ജനതക്ക് വരുന്നത് സാക്ഷര പ്രബുദ്ധ കേരളത്തിന് ഒരുനിലക്കും യോജിച്ചതല്ല. അത്തരം നീക്കങ്ങളുടെ നിരവധി അധ്യായങ്ങള്‍ കണ്ടതാണ് ഇന്നത്തെ കേരളം. ജനകീയ മുന്നേറ്റങ്ങളിലൂടെ പൊലീസിന്റെ അടിയും ഇടിയും ചവിട്ടുമെല്ലാം ഏറ്റുവാങ്ങിയാണ് പാര്‍ശ്വവല്‍കൃത ജനത മുന്നോട്ടുവന്നിട്ടുള്ളത്. ദരിദ്രരെന്ന കാരണത്താല്‍ അവരുടെ തലയില്‍ മറ്റുള്ളവരുടെ മാലിന്യം കയറ്റിവെക്കാന്‍ വിധിക്കുന്നത് ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് യോജിച്ച പണിയല്ല. തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെയെല്ലാം, പ്രത്യേകിച്ച് മുസ്‌ലിംകളാണെങ്കില്‍ തീവ്രവാദികളാക്കി ചിത്രീകരിച്ച് ഗൂഢപദ്ധതി അടിച്ചേല്‍പിക്കാനാണ് സി.പി.എമ്മിന്റെ പാഴ്ശ്രമം. ഇതുതന്നെയാണ് കമ്യൂണിസത്തിന്റെ മറവില്‍ അവര്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ചെയ്തതും. അതിന് ആധുനിക കേരളം നിന്നുതരുമെന്നു കരുതുന്നത് ഒന്നാംതരം വങ്കത്തരമാണ്. കമ്യൂണിസ്റ്റുകളുടെ ആ പഴകിപ്പുളിച്ച കേന്ദ്രീകൃത ആശയ മാലിന്യം ആവിക്കല്‍തോട്ടിലേക്ക് എഴുന്നെള്ളിക്കേണ്ട.

web desk 3: