X

ഹജ്ജ് യാത്രാ നിരക്കില്‍ 1.37 ലക്ഷം രൂപയുടെ വര്‍ധനവ്‌

നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി വഴിയുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്രാ നിരക്കില്‍ വന്‍ വര്‍ധനവ്. ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് ഹജ്ജിന് അനുമതി ലഭിച്ച 2019നെ അപേക്ഷിച്ച് ഇത്തവണ 56 ശതമാനത്തിന്റെ(1,37,650 രൂപയുടെ) വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്ന് 3,84,200 രൂപയാണ് ഓരോ തീര്‍ഥാടകര്‍ക്കും ചിലവ് കണക്കാക്കിയിരിക്കുന്നത്. 2019ല്‍ രണ്ട് കാറ്റഗറിയിലായാണ് തീര്‍ഥാടകര്‍ യാത്രയായത്. ഇതില്‍ കരിപ്പൂരില്‍ നിന്ന് ഗ്രീന്‍ കാറ്റഗറിയില്‍ 2,82,550 രൂപയും നെടുമ്പാശ്ശേരിയില്‍ നിന്ന് 2,83,550 രൂപയുമായിരുന്നു ചിലവ്. അസീസിയ കാറ്റഗറിയില്‍ 2,45,550ഉം 2,46,550 രൂപയുമായിരുന്നു ചിലവ്.

എന്നാല്‍ ഇത്തവണ അസീസിയ കാറ്റഗറി മാത്രമാണ് ഉള്ളത്. ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന എല്ലാ തീര്‍ഥാടകര്‍ക്കും അസീസിയയിലാണ് താമസം. മാത്രമല്ല, നിലവില്‍ പ്രഖ്യാപിച്ച തുകയില്‍ നിന്ന് വീണ്ടും അഞ്ച് ശതമാനം വരെ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹജ്ജ് കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹജ്ജ് യാത്രാ നിരക്കില്‍ ഇത്തവണ കാര്യമായ വര്‍ധനവ് ഉണ്ടാവില്ലെന്നാണ് ഒരാഴ്ച്ച മുന്‍പ് വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ചെയര്‍മാന്റെ പ്രഖ്യാപനം ജലരേഖയായി.

Chandrika Web: