X

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ നിര്‍മാണത്തിന് എം.എ യൂസഫലിയുടെ 10 ലക്ഷം ദിര്‍ഹം

അബുദാബി: പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സഹായ ഹസ്തം. 10 ലക്ഷം ദിര്‍ഹമാണ് (2.25 കോടി രൂപ) യൂസഫലി നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ എല്‍ദോ എം.പോള്‍, സഹ വികാരി ഫാദര്‍ മാത്യു ജോണ്‍, ദേവാലയ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കാട്ടൂര്‍, ട്രസ്റ്റി റോയ് മോന്‍ ജോയ്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വിവിധ മത വിശ്വാസങ്ങളിപ്പെട്ടവര്‍ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയാനുള്ള സാഹചര്യമാണ് യുഎഇ ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

ലോകത്ത് തന്നെ ആദ്യമായി സഹിഷ്ണുതാ മന്ത്രലായമുള്ളത് യുഎഇയിലാണ്. അബുദാബി നഗര ഹൃദയത്തിലുള്ള മുസ്‌ലിം പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരാണ് (മര്‍യം ഉമ്മുല്‍ ഈസ മസ്ജിദ് അഥവാ, യേശുവിന്റെ മാതാവ് മര്‍യം പള്ളി) നല്‍കിയത്. യുഎഇ പിന്തുടരുന്ന സഹിഷ്ണുതാ ആശയങ്ങളുടെ ഉത്തമോദാഹരണവും ഇതര മതത്തോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുമണിതെന്നും യൂസഫലി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് യൂസഫലി നല്‍കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. യൂസഫലി നടത്തുന്ന മാനുഷിക പുണ്യ പ്രവൃത്തികള്‍ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വര്‍ഷം മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ദേവാലയം തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നല്‍കി.

യുഎഇ നിലവില്‍ വരുന്നതിനു മുന്‍പ് 1970 ആഗസ്തില്‍ അന്നത്തെ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ തറക്കല്ലിട്ട് നിര്‍മിച്ച ദേവാലയമാണ് ഇപ്പോള്‍ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേവാലയത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യമുണ്ട്.

webdesk14: