X
    Categories: CultureMoreViews

ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന ആയിരത്തോളം റോക്കറ്റുകള്‍ കണ്ടെത്തി

ബെംഗളൂരു: പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന ആയിരത്തോളം റോക്കറ്റുകള്‍ ഗവേഷകര്‍ കണ്ടെത്തി. കര്‍ണാടകയിലെ ഷിമോഗക്ക് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കിണര്‍ തുരന്നു നടത്തിയ പരിശോധനയിലാണ് റോക്കറ്റുകളുടേയും ഷെല്ലുകളുടേയും വന്‍ ശേഖരം കണ്ടെത്തിയത്.

2002ല്‍ ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഗവേഷകര്‍ പരിശോധന നടത്തിയത്. കിണര്‍ കുഴിച്ചപ്പോള്‍ മണ്ണിന് വെടിമരുന്നിന്റെ ഗന്ധമനുഭവപ്പെട്ടതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് റോക്കറ്റുകളും ഷെല്ലുകളും കണ്ടെത്തിയതെന്ന് കര്‍ണാടക സ്‌റ്റേറ്റ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് ഡയരക്ടര്‍ ആര്‍.ശേജേശ്വര നായക പറഞ്ഞു.

വിവിധ വലിപ്പത്തിലുള്ള റോക്കറ്റുകളാണ് കണ്ടെത്തിയത്. 23-26 സെ.മീ നീളമുള്ളതും 12-14 ഇഞ്ച് നീളമുള്ളതുമായ റോക്കറ്റുകളാണ് കിണറിലുണ്ടായിരുന്നത്. ഇരുമ്പ് കവചത്തിലുള്ള റോക്കറ്റുകള്‍ ടിപ്പുവിന്റെ സാങ്കേതിക മികവ് തെളിയിക്കുന്നതാണെന്ന് ഗവേഷകര്‍ പറഞ്ഞു. റോക്കറ്റുകള്‍ ഷിമോഗയിലെ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: