X

ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസ്; 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം

നീതി ആവശ്യപ്പെട്ട് ലാല്‍ജി ശരവയ്യയുടെ കുടുംബം നിരാഹാര സമരത്തിലിരുന്നപ്പോള്‍

അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ 11 പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം. ആറുവര്‍ഷം മുമ്പ് ഉനയിലെ അങ്കൊലാലി ഗ്രാമത്തില്‍ അഞ്ഞൂറോളം വരുന്ന സവര്‍ണ ആള്‍ക്കൂട്ടം ലാല്‍ജി ശരവയ്യ എന്ന ചെറുപ്പക്കാരനെ ചുട്ടുകൊന്ന കേസിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി എസ്.എല്‍ ഥാക്കര്‍ വിധി പ്രസ്താവിച്ചത്. പ്രതികളായവരാരും തന്നെ ശിക്ഷയില്‍ ഇളവര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിക്കവേ ജഡ്ജി അഭിപ്രായപ്പെട്ടു. പ്രതികള്‍ 2012 മുതല്‍ ജയിലില്‍ കഴിയുകയാണ്. അങ്കൊലാലി ഗ്രാമത്തിലെ ഏക ദലിത് കുടുംബമായ ലാല്‍ജി ശരവയ്യയുടെ കുടുംബം സാമ്പത്തികമായി പിന്നിലല്ലായിരുന്നു. ഗ്രാമത്തിലെ ക്വാറി ഖനനത്തിന്റെ ലൈസന്‍സിനും ലാല്‍ജി അപേക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത ഗ്രാമത്തിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ ഗൂഡാലോചനയുടെ ഫലമായിട്ടായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കോലി സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ലാല്‍ജി തട്ടിക്കൊണ്ടുപോയെന്നും വീട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പറഞ്ഞായിരുന്നു ആക്രമണം. 500 ഓളം പേര്‍ വരുന്ന ഒരു കൂട്ടം ലാല്‍ജിയെ വീടിനകത്ത് പൂട്ടിയിടുകയും മണ്ണെണ്ണയൊഴിച്ച് തീവയ്ക്കുകയുമായിരുന്നുവെന്നും ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ ഓരോരുത്തരും 54,500 രൂപ നഷ്ടപരിഹാരമായി ലാല്‍ജിയുടെ പിതാവിന് നല്‍കണമെന്നും കോടതി വിധിച്ചു.

chandrika: