X

കെപിസിസി മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രആഭ്യന്തര മന്ത്രാലയം

കെപിസിസി മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി. കെ മുരളീധരന്‍ എം പി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം.

ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് കെപിസിസി നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് നടപടി. ഈ വിഷയത്തില്‍ ഡിസംബര്‍ 28നാണ് കെ മുരളീധരന്‍ എം പി താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടികാണിച്ച് കത്തയച്ചത്.

സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് ടിയര്‍ ഗ്യാസ് ഷെല്‍ എറിഞ്ഞ് പൊലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

ഡിജിപി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസ് നിലനില്‍ക്കുന്നുണ്ട്. വി ഡി സതീശന്‍, ശശി തരൂര്‍ അടക്കമുള്ളവരും പ്രതികളാണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

webdesk13: