X

ചെങ്കടലിൽ യെമനെ നേരിടുന്നത് പ്രയാസകരം; ബ്രിട്ടൻ

ചെങ്കടലില്‍ യെമനെ നേരിടുന്നത് പ്രയാസകരമെന്ന് സമ്മതിച്ച് ബ്രിട്ടന്‍. യെമന്റെ സായുധ സേനയെയും കടലിലെ അന്‍സാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങള്‍ക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയല്‍ നേവി.

ഇസ്രാഈല്‍ ഉടമസ്ഥതയിലുള്ളതും അധിനിവേശപ്രദേശങ്ങളിലേക്ക് പോകുന്നതുമായ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നത് തുടരുകയാണ്. ഫലസ്തീനികള്‍ക്കായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് യെമന്‍ കപ്പലുകളെ ആക്രമിക്കുന്നത്.

ചെങ്കടലിലുള്ള ബ്രിട്ടന്റെ എച്ച്.എം.എസ് ഡയമണ്ട് റോയല്‍ നേവി ഡിസ്‌ട്രോയറിന് ലക്ഷ്യസ്ഥാനത്തേക്ക് വെടിവെക്കാനുള്ള കഴിവില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിലെ വാര്‍ത്താ സ്രോതസിനെ ഉദ്ദരിച്ചുകൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ ഡെയിലി ടെലിഗ്രാം റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലില്‍ ഹൂത്തികളുടെ ഡ്രോണുകള്‍ തകര്‍ക്കുന്നതിലാണ് ഇപ്പോള്‍ എച്ച്.എം.എസ് ഡയമണ്ട് ഏര്‍പ്പെട്ടിരിക്കുന്നത്. അവരുടെ കൈവശമുള്ള പ്രവര്‍ത്തിക്കുന്ന ഏക ആയുധസംവിധാനം ആര്‍ട്ടിലറി ഗണ്‍സ് മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

‘റോയല്‍ നേവിയുടെ കപ്പലിന്റെ ഉപരിതലത്തില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലാന്‍ഡ് അറ്റാക്ക് മിസൈലിന്റെ അഭാവത്തെ കുറിച്ച് 2 വര്‍ഷം മുമ്പുള്ള ഒരു പ്രതിരോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പ്രതിപാദിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവര്‍ത്തന സജ്ജമല്ല എന്നത് നിരാശാജനകമാണ്,’ കണ്‍സര്‍വേറ്റീവ് എം.പിയും മുന്‍ സായുധ സേനാ മന്ത്രിയുമായ മാര്‍ക്ക് ഫ്രാങ്കോയിസ് ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു.

ചെങ്കടലിലെ ആക്രമണങ്ങള്‍ തടയാനുള്ള ശ്രമത്തില്‍ ബ്രിട്ടന്‍ അമേരിക്കക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടത്തുന്നത് അമേരിക്കന്‍ നാവികസേനയാണ്.2023 ഒക്‌ടോബര്‍ ഏഴിനാണ് ഇസ്രാഈല്‍ ഫലസ്തീനില്‍ യുദ്ധം ആരംഭിച്ചത്. ഫലസ്തീന്റെ പോരാട്ടത്തിന് യെമനികള്‍ തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രാഈല്‍ ഗസയില്‍ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലില്‍ ആക്രമണം തുടരുമെന്ന് യെമനിലെ ഹൂത്തി വിമതര്‍ അറിയിച്ചു.

webdesk13: