X

‘അത് വ്യക്തി സ്വാതന്ത്ര്യം’;കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് പരിക്ഷയെഴുതാന്‍ അനുമതി

ഹിജാബ് നിരോധനത്തില്‍ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മല്‍സര പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചെത്തുന്നതിനാണ് അനുവാദം. വിലക്ക് വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി സുധാകര്‍ വ്യക്തമാക്കി.സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് ഉള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഇനി ഹിജാബ് ധരിക്കാമെന്നും ഹിജാബിന് കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകളില്‍ ഇനി വിലക്കുണ്ടാകില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

2022 ഫെബ്രുവരിയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനിരിക്കെയാണു സിദ്ധരാമയ്യ സര്‍ക്കാരിന്റെ നിലപാടുമാറ്റം. ഹിജാബ് നിരോധനമടക്കമുള്ള വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ നിലപാട് തിരുത്തുമെന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു.

മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.സി സുധാകര്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിന് ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഹിജാബ് നിരോധനം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലും പരീക്ഷകളിലും മറ്റു പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ വിവാദവും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.

 

webdesk13: