കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യാത്രക്കാരനും ഇത് കവരാൻ എത്തിയ ക്രിമിനല്‍ സംഘവും വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. യു.എ.ഇയിലെ അല്‍ ഐനില്‍ നിന്നെത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് കസ്റ്റംസ് പരിശോധന അതിജീവിച്ച് സ്വര്‍ണം പുറത്തെത്തിച്ചത്.
ഇയാളില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാൻ വിമാനത്താവള പരിസരത്ത് തമ്പടിച്ച കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി റഷീദിനെ (34) പൊലീസ് ആദ്യം വലയിലാക്കുകയായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കടത്തിയയാളെയും കവര്‍ച്ച സംഘത്തെയും പിടികൂടാനായത്.
ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍, കാഞ്ഞങ്ങാട് സ്വദേശി സാദിഖ് എന്നിവരാണ് സ്വര്‍ണവുമായെത്തുന്ന മുസ്തഫയുടെ വിവരങ്ങള്‍ റഷീദിന് കൈമാറി സ്വര്‍ണം തട്ടിയെടുക്കാൻ നിയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള അഞ്ചംഗ സംഘവും സമീറിൻറെ നിര്‍ദേശപ്രകാരം എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
സ്വര്‍ണം കടത്തിയ മുസ്തഫയും കവര്‍ച്ച സംഘത്തിലെ റഷീദും പൊലീസ് കസ്റ്റഡിയിലായതോടെ കവര്‍ച്ച സംഘത്തിലെ മറ്റുള്ളവര്‍ മുങ്ങി. ഇവരെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. വയനാട് സ്വദേശികളായ കെ.വി മുനവ്വിര്‍ (32), ടി. നിഷാം (34), ടി.കെ. സത്താര്‍ (42), എ.കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം എന്നിവരാണ് വൈത്തിരിയില്‍ വെച്ച് പൊലീസ് പിടിയിലായത്. കവര്‍ച്ച സംഘത്തില്‍ പെട്ട സി.എച്ച് സാജിദിനെ (36) കാസര്‍കോട് വെച്ചാണ് അറസ്റ്റ് ചെയ്തത്.