X

സ്വര്‍ണക്കടത്തിന് ശേഷം പായയിലെ പണക്കടത്ത് : സര്‍ക്കാരും സി.പി.എമ്മും വെട്ടിലായി

മീഡിയന്‍

ദേശാഭിമാനി മുന്‍ സഹപത്രാധിപരും സി.പി.എമ്മിന്റെ നേതാക്കളിലൊരാളുമായ ജി. ശക്തിധരന്റെ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ പുതിയ കോളിളക്കം സൃഷ്ടിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്ത് കോടികളുടെ അഴിമതികള്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോഴാണ് പുതിയ ആരോപണം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും സര്‍ക്കാരിനെയും പിടിച്ചുലച്ചിരിക്കുന്നത്.

നിരവധി സൈബര്‍ സഖാക്കള്‍ നിത്യേന തന്റെ സമൂഹമാധ്യമ പേജില്‍ വന്ന് തെറിയഭിഷേകം നടത്തുന്നതിനെതിരെ എന്ന രീതിയിലാണ് ശക്തിധരന്‍ ഇന്നലെ മുഖ്യമന്ത്രിയെ സൂചിപ്പിച്ചുകൊണ്ട് കോടികളുടെ പണക്കടത്ത് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എറണാകുളത്തെ ഒരു മന്ത്രിയെയും ഇതില്‍ പങ്കാളിയായി ശക്തിധരന്‍ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടുകോടി രൂപ എറണാകുളത്തുനിന്ന് കൈതോലപ്പായയില്‍ തിരുവനന്തപുരത്തേക്ക് സി.പി.എം നേതാവ് കൊണ്ടുപോയെന്നും ഇത് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ വരെ എത്തിയ നേതാവിനുള്ളതാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ഇന്നലെ ശക്തിധരന്‍ തന്റെഫെയ്‌സ് ബുക് പേജില്‍ ആരോപണം തുറന്നുവിട്ടത്. ഇതില്‍ പാര്‍ട്ടിയില്‍നിന്ന ്പുറത്തുപോയ സി.പി.എമ്മിലെ ഒരു എം.എല്‍.എയെയും കുറ്റപ്പെടുത്തുന്നു. മന്ത്രി തോഴിയുമൊത്ത് ഹോട്ടലില്‍ കഴിഞ്ഞതിനെയും സൂചിപ്പിക്കുന്ന കുറിപ്പില്‍ കേന്ദ്ര ഇന്റലിജന്‍സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും പറയുന്നുണ്ട്.

ഏതായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വര്‍ണക്കടത്തിന് ശേഷം വലിയ കോളിളക്കം സൃഷ്ടിക്കുന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. കേരളസര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്ന ്ഉറപ്പായിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഏതുസമയത്തും എത്താമെന്നതാണ ്സ്ഥിതി.
കെ.ഫോണിലെയും റോഡ് ക്യാമറയിലെയും കോടികളുടെ അഴിമതികളാണ് അടുത്തിടെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതെങ്കില്‍ രണ്ടുകോടിയുടെ പായപ്പണക്കടത്ത് പുറത്തിട്ടിരിക്കുന്നത് സി.പി.എമ്മിന്റെ സഹയാത്രികന്‍ തന്നെയാണെന്നതാണ് ഞെട്ടിക്കുന്നത്. പാര്‍ട്ടിയിലെ വി.എസ് ഗ്രൂപ്പിന്റെ ആളായാണ് ശക്തിധരന്‍ അറിയപ്പെടുന്നത്. ആ ഗ്രൂപ്പിലെ പലരും മന്ത്രിമാരും മറ്റുമായി മറുകണ്ടം ചാടിയപ്പോള്‍ ദേശാഭിമാനി വിട്ട് സ്വസ്ഥ ജീവിതം നയിക്കുകയാണിപ്പോള്‍ ശക്തിധരന്‍.

മൊത്തം 2.35 കോടി രൂപ കടത്തിയതായ ആരോപണം ഇ.ഡിയുടെയും മറ്റും അന്വേഷണത്തിന് വിധേയമാകുമെന്നുറപ്പാണ്. അടുത്തിടെ കേന്ദ്രസര്‍ക്കാരുമായി കാര്യമായ ഏറ്റുമുട്ടലുകളൊന്നുമില്ലാതിരുന്ന സി.പി.എം സര്‍ക്കാര്‍ ഈ ആരോപണത്തിലൂടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഉന്നതനായ ഒരാള്‍ എന്നതിനര്‍ത്ഥം മുഖ്യമന്ത്രിയാണെന്ന ്‌വ്യക്തമാകുന്ന സൂചനകളാണ് ഫെയ്‌സ്ബുക് പേജിലെ കുറിപ്പിലുളളത്. ഇക്കാര്യത്തില്‍ ഇതുവരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ സി.പി.എം നേതാക്കളോ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ബെന്നി ബഹനാന്‍ എം.പി തുടങ്ങിയവര്‍ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മാറിനിന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.എമ്മിനും ഇടതുമുന്നണിക്കകത്തും പ്രശ്‌നം പിറുപിറുക്കലും കടന്ന് രോഷം നീറിപ്പുകയുന്ന അവസ്ഥയിലാണ്. ആരാണ് ആദ്യവെടി പൊട്ടിക്കുക എന്ന ്മാത്രമേ അറിയാനുള്ളൂ.
കഴിഞ്ഞസര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരെയും പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താരതമ്യേന ചെറുപ്പക്കാരെയാണ് പകരം മന്ത്രിമാരാക്കിയത്. ഇത് തനിക്കെതിരായ നീക്കങ്ങള്‍ തടയാനായിരുന്നു. പ്രതിഷേധിച്ച ശംസീറിനെ പോലും സ്പീക്കര്‍ പദവി നല്‍കി ഒതുക്കിയതോടെ സര്‍വം അടങ്ങിയെന്ന ്കരുതിയെങ്കിലും ഇ.പി ജയരാജനെയും പി.ജയരാജനെയും പോലുള്ളവര്‍ പിണറായിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ജയരാജന്മാരെ പാര്‍ട്ടിയില്‍ നടപടിയും ശാസനയും വഴി ഒതുക്കിയ പിണറായിയെ തേടി ഇനിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വരികയെന്ന ്കാത്തിരിക്കുകയാണ് ജനം.

Chandrika Web: