X

പാറുക്കുട്ടിയമ്മ വീണ്ടും പാണക്കാട് എത്തി; ഇത്തവണ പരാതികളില്ല

ഷഹബാസ് വെള്ളില 

മലപ്പുറം: പാണക്കാട് കുടുംബവുമായിട്ട് പതിറ്റാണ്ടുകളായിട്ടുള്ള ബന്ധമാണ് തൂതയിലെ പാറുകുട്ടി അമ്മക്ക്. മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്ളകാലത്ത് തുടങ്ങിയതാണ് പാറുകുട്ടിയമ്മയുടെ തൂത ടു പാണക്കാട് സര്‍വീസ്. സ്വന്തം ആവശ്യങ്ങള്‍ക്കപ്പുറം മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഗഹാരം തേടിയാണ് പാറുകുട്ടിയമ്മ എന്നും പാണക്കാട് എത്തിയിട്ടുള്ളത്. പഞ്ചായത്ത് മെമ്പര്‍ തൊട്ട് എംപിമാരെ വരെ പാണക്കാട് നിന്നും വിളിപ്പിക്കും. പാറുകുട്ടി അമ്മയുടെ പരാതികളില്‍ വേഗത്തിലാണ് പാണക്കാട് നിന്നും നടപടിയുണ്ടായിട്ടുള്ളത്. വയസ്സ് എണ്‍പതിനോടടുത്തിട്ടുണ്ട്.

പഴയ പോലെ ബസ്സ് കയറി പാണക്കാട് വരാനുള്ള ആരോഗ്യസ്ഥിതിയില്ല. കുറച്ചായി പാണക്കാട് വന്നിട്ട്. പാണക്കാട് എത്താന്‍ കഴിയാത്ത വിഷമം പാറുകുട്ടിയമ്മ ഇടക്കിടക്ക് പലരോടും പറയാറും ഉണ്ടായിരുന്നു. ഇടവേളകളില്‍ പാണക്കാടെത്തുന്ന പാറുകുട്ടിയമ്മയെ കാണാതായതോടെ സാദിഖലി തങ്ങളും അന്വേഷിച്ചു. ഇങ്ങനെയാണ് ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സല്‍ അലി കെ.ടിയുടെ നേതൃത്വത്തില്‍ പാറുകുട്ടിയമ്മ പാണക്കാട്ടേക്ക് വീണ്ടും എത്തുന്നത്. ഇന്നലെ ഉച്ചക്കാണ് പാറുകുട്ടിയമ്മ പാണക്കാടെത്തിയത്. ഏറെ കാലത്തിന് ശേഷം പാറുകുട്ടിയമ്മയെ കണ്ടതോടെ തങ്ങള്‍ക്കും വലിയ സന്തോഷം. തങ്ങളെ കണ്ടതും പാറുകുട്ടിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചെറുപ്പം മുതലേ കണ്ടു തുടങ്ങിയതാണെന്നും ഇവിടെ വന്നാല്‍ എല്ലാത്തിനും പരിഹാരം കണ്ടേ മടങ്ങാറൊളളുവെന്നും പാറുകുട്ടിയമ്മ പറഞ്ഞു.

വലിയ സാമൂഹ്യ പ്രവര്‍ത്തകയാണ് പാറകുട്ടിയമ്മയെന്നും മറ്റുള്ളവരുടെ വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം തേടിയാണ് അവര്‍ പാണക്കാട് വരാറുള്ളതെന്നും തങ്ങള്‍ പറഞ്ഞു. ഒരുപാട് കാലം കാണാതെയായപ്പോള്‍ പലരോടും അന്വേഷിച്ചു. കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയാണ് പാറുകുട്ടിയമ്മ മടങ്ങിയത്. ആലിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ടീച്ചര്‍, അംഗം സി.എച്ച് ഹമീദ്, അബ്ബാസ് തുളിയത്ത്, ഹസീന കെ.പി എന്നിവരോടൊപ്പമാണ് ഇവര്‍ പാണക്കാടെത്തിയത്.

webdesk14: