X

സിമന്റിന് വില കൂടുന്നു

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

webdesk13: