X
    Categories: indiaNews

വര്‍ഷങ്ങളായി അദ്ദേഹം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷികളാണ്; പ്രശാന്ത് ഭൂഷണ് പിന്തുണയുമായി എസ്.എ ബോബ്ഡെയ്ക്ക് നിയമവിദ്യാര്‍ത്ഥികളുടെ കത്ത്

ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ നാളെ ശിക്ഷാ വിധിക്കാനിരിക്കെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിയമ വിദ്യാര്‍ത്ഥികള്‍. പ്രശാന്ത് ഭൂഷണെതിരെ പുറപ്പെടുവിപ്പിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 122 ഓളം നിയമ വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്കും മറ്റ് ജഡ്ജ്മാര്‍ക്കും തുറന്ന കത്തെഴുതിയിരിക്കുന്നത്.

സുതാര്യതയ്ക്കുവേണ്ടിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും മനുഷ്യാവകാശത്തിനുവേണ്ടിയും അഴിമതിക്കെതിരെയും കോടതികളില്‍ വര്‍ഷങ്ങളായി പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ള ആളാണ് പ്രശാന്ത് ഭൂഷണെന്ന് കത്തില്‍ നിയമ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ ഒരു വ്യക്തിയില്‍ നിന്നും
നീതിയോടുള്ള സ്നേഹത്തിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനത്തിന് നീതിപീഠം കോടതിയലക്ഷ്യം ചുമത്തരുതെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പൊതുജനവിശ്വാസം പുനഃസ്ഥാപിച്ചുകൊണ്ട് ജുഡീഷ്യറി വിമര്‍ശനത്തിന് മറുപടി നല്‍കേണ്ടതുണ്ടണ്ടെന്നും കത്തില്‍ പറയുന്നു. നമ്മുടെ സാഹോദര്യത്തിനും രാഷ്ട്രനിര്‍മ്മാണത്തിനുമായുള്ള അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കുന്നതാണെന്നും അതേല്ലാം നിയമപരമായും സാഹോദര്യപരമായുമാണെന്ന് തുറന്ന കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറഞ്ഞതും ശിക്ഷ വിധിക്കുന്നതും.

ശിക്ഷാ വിധിയില്‍ വാദം കേട്ട കോടതി ഭൂഷണോട് പല തവണ മാപ്പു പറയാന്‍ ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ പാരമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാല്‍ താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം പുനരാലോചിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്‍കി.

‘മാപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്? മാപ്പ് ചോദിക്കുന്നതില്‍ എന്താണ് പ്രശ്നം? കുറ്റക്കാരനാണ് എന്നതിന്റെ പ്രതിഫലനമാണോ അത്. മാപ്പ് ഒരു മാന്ത്രികവാക്കാണ്. ഒരുപാട് കാര്യങ്ങള്‍ ഭേദമാക്കുന്ന വാക്ക്. ഞാന്‍ ഇത് പൊതുവായി പറയുകയാണ്. പ്രശാന്തിനെ കുറിച്ചു മാത്രമല്ല. നിങ്ങള്‍ മാപ്പു പറഞ്ഞാല്‍ മഹാത്മാഗാന്ധിയുടെ വിഭാഗത്തിലേക്ക് ഉയരും. ഗാന്ധിജി അതു ചെയ്തിട്ടുണ്ട്. നിങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ അത് ശമിപ്പിക്കണം. അതു കൊണ്ട് ആരും ചെറുതായിപ്പോകില്ല’ വിധി പ്രസ്താവം മാറ്റി വയ്ക്കവെ ജസ്റ്റിസ് മിശ്ര പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ മൂന്നംഗ ബെഞ്ചിനെ അറിയിച്ചു.

ശക്തമായ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കാന്‍ സുപ്രിം കോടതി തയ്യാറായില്ലെങ്കില്‍ ആ സ്ഥാപനം തകര്‍ന്നു പോകുമെന്ന് ഭൂഷണ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞിരുന്നു. സുപ്രിംകോടതിക്ക് ഭൂഷണോട് വിയോജിക്കാം. തങ്ങളുടെ കേസുകളില്‍ പരസ്യപ്രസ്താവം നടത്തുന്നതില്‍ കോടതിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാം. ഭാവിയില്‍ ആവര്‍ത്തിക്കരുത് എന്ന് ഭൂഷണോട് പറയാം. കോടതി ഭൂഷണെ ശിക്ഷിക്കുന്നു എങ്കില്‍ ഒരുവിഭാഗം പറയുന്നത് അദ്ദേഹത്തെ രക്തസാക്ഷിയാക്കി എന്നായിരിക്കും. മറ്റൊരു വിഭാഗം തീരുമാനം ശരിയായി എന്നും പറയും. കോടതിയലക്ഷ്യ നടപടികളില്‍ ആരെയും മാപ്പു പറയാന്‍ നിര്‍ബന്ധിക്കരുതെന്നും ധവാന്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു. ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.

പ്രശാന്ത് ഭൂഷണെ കുറ്റക്കാരനാക്കിയ കോടതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗ് തുടങ്ങി നിരവധി പേര്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

 

 

chandrika: