X

നൊന്തുപെറ്റ പ്രാണനും നീതിക്കുംവേണ്ടി

കെപി ജലീല്‍

ജീവിതത്തിലാദ്യമായി പത്തുമാസംചുമന്ന് നൊന്തുപെറ്റ് പ്രാണനെപോലെ അരികെ കിടത്തിയ കുഞ്ഞിനെ പരുന്ത് റാഞ്ചുന്നതുപോലെ കൊത്തിക്കൊണ്ടുപോകുക. ആ അമ്മയ്ക്ക് സ്വന്തംകുഞ്ഞിനുവേണ്ടി അധികാരികളുടെമുമ്പില്‍ ഉറക്കമിളച്ച് സമരം നടത്തേണ്ടിവരിക. ചരിത്രകഥകളില്‍കേട്ട കഥയല്ലിത്; ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അതും പ്രബുദ്ധരെന്ന് നാം കൊട്ടിഘോഷിക്കുന്ന സാക്ഷരകേരളത്തില്‍. തിരുവനന്തപുരം പേരൂര്‍ക്കടസ്വദേശി ജയചന്ദ്രന്റെ മകള്‍ അനുപമയെന്ന ഇരുപത്തിയൊന്നുകാരിക്കാണ് ലോകത്താദ്യമായി ഇത്തരത്തിലൊരു ഗതികേടും നൊമ്പരവും അുഭവിക്കേണ്ടിവന്നിരിക്കുന്നത്.

തങ്ങള്‍ക്കിഷ്ടപ്പെട്ടയാളെ വിവാഹംചെയ്യാതെ സ്വന്തംഇഷ്ടത്തില്‍ മറ്റൊരാളെ ജീവിതപങ്കാളിയാക്കിയതിന് നടക്കുന്ന ദുരഭിമാനകൊലകളുടെയും കൊടിയമര്‍ദനങ്ങളുടെയും പുറത്താക്കലിന്റെയും നാട്ടില്‍ അനുപമസംഭവം പുത്തരിയല്ലെങ്കിലും കുഞ്ഞിനെ വേര്‍പെടുത്തി അമ്മയെ വഴിയാധാരമാക്കുന്ന സംഭവം അപൂര്‍വതയില്‍ അപൂര്‍വമാണ്. പിഞ്ചുകുഞ്ഞുങ്ങളെ ലിംഗത്തിന്റെപേരിലും പട്ടിണിയുടെ പേരിലും മിഥ്യാഭിമാനത്തിന്റെയും സദാചാരത്തിന്റെയും പേരിലുമെല്ലാം കഴുത്തറുത്ത് കൊലപ്പെടുത്തുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യപ്പെടുന്ന അസംസ്‌കൃതകാലത്തില്‍നിന്ന് പുരോഗമനകേരളം ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം പേരൂര്‍ക്കടസ്വദേശി അനുപമയുടെ കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം.

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെകിട്ടാനായി വാവിട്ടുകേഴുന്ന അമ്മയുടെ മുന്നിലെ പൂതമായും രാജസദസില്‍ കുഞ്ഞിനെ മുറിച്ചുവീതംവെക്കാന്‍ കല്‍പിച്ച ഐതിഹ്യകഥയുടെയുമെല്ലാം പ്രേതമാണ് കേരളത്തിലെ അധികാരികളില്‍നിന്ന് അനുപമ എന്ന യുവതിക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. അതും സംരക്ഷിക്കുമെന്ന് വിശ്വസിച്ച മാതാപിതാക്കളില്‍നിന്നും പ്രസ്ഥാനത്തില്‍നിന്നും. പത്തൊമ്പതാംവയസില്‍ സ്‌നേഹിച്ച പുരുഷനില്‍നിന്ന് പിറന്ന ആണ്‍കുഞ്ഞിനെ പിതാവും പാര്‍ട്ടിയിലെ ശിങ്കിടികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയും സര്‍ക്കാര്‍ സഹായത്തോടെ ഇതരസംസ്ഥാനക്കാര്‍ക്ക് ദത്ത് നല്‍കുകയുംചെയ്ത സംഭവമാണ് ഒരുമാസമായി കേരളത്തെ പിടിച്ചുകുലുക്കുന്നത്. സി.പി.എം പ്രാദേശികനേതാവായ പിതാവ് എസ്. ജയചന്ദ്രന്‍ ദുരഭിമാനത്താല്‍ചെയ്ത കൃത്യത്തിനാണ് മാസങ്ങള്‍ക്കുശേഷം തിരശീലയുയര്‍ന്നിരിക്കുന്നത.് അതും മാധ്യമങ്ങളുടെയും പ്രതിപക്ഷകക്ഷികളുടെയും കടുത്ത സമ്മര്‍ദത്താല്‍. നവംബര്‍രണ്ടിന് കുടുംബകോടതി അനുപമയുടെ പരാതിയില്‍ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാനും കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധ നടത്താനും ഉത്തരവിട്ടതാണ് കേസിലെ വഴിത്തിരിവ്. പിതാവും മാതാവും സഹോദരിയും കേസില്‍ ജാമ്യംഎടുത്തിരിക്കുകയാണിപ്പോള്‍. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ ആസ്പത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ 22ന് അര്‍ധരാത്രി തിരുവനന്തപുരം തൈക്കാട്ടെ ശിശുക്ഷേമസമിതിയുടെ ഓഫീസിലേക്ക് എത്തിച്ച് ശേഷം രാത്രിതന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും പെണ്‍കുഞ്ഞാണെന്ന് വരുത്തുകയും ഡി.എന്‍. എ പരിശോധന നടത്തി കുഞ്ഞിനെ അനുപമയുടേതല്ലെന്ന് വരുത്താന്‍ ശ്രമിക്കുകയുമായിരുന്നു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് അനുപമയുടെ കുഞ്ഞിന് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് മറച്ചുവെച്ചായിരുന്നു ‘കുട്ടിക്കടത്ത്’. അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ ആന്ധ്രപ്രദേശില്‍നിന്ന് കേരളത്തിലേക്ക് തിരികെ എത്തിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. ആണ്‍കുഞ്ഞാണ് തന്റേതെന്നും അതിനെ നല്‍കിയത് ആന്ധ്രപ്രദേശ് ദമ്പതികള്‍ക്ക് തന്റെ സമ്മതമില്ലാതെയാണെന്നുമാണ് അനുപമയും ഭര്‍ത്താവ് അജിത്തും പറയുന്നത്. തിരുവനന്തപുരം തൈക്കാട്ടെ സംസ്ഥാന ശിശുക്ഷേമസമിതി ആസ്ഥാനത്തിനുമുന്നില്‍ 13 ദിവസമായി തുടരുന്ന രാപ്പകല്‍സമരപ്പന്തലിലിരുന്ന് അനുപമ ‘ചന്ദ്രിക’യുമായി സംസാരിച്ചപ്പോള്‍.

?സമരം വിജയിച്ചെന്ന് കരുതുന്നുണ്ടോ

= പൂര്‍ണമായും വിജയിച്ചെന്ന് പറയാറായിട്ടില്ല. സമരംകാരണമാണ് ഇത്തരത്തിലൊരു ഉത്തരവിറക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായത്. ജില്ലാശിശുക്ഷേമസമിതി ഉത്തരവ് നല്‍കിയിരിക്കുന്നത് ദത്തുനല്‍കിയ സംസ്ഥാന ശിശുക്ഷേമസമിതിക്കാണ്. അവരാണ് കുഞ്ഞിനെ ദത്തുനല്‍കാന്‍ കൂട്ടുനിന്നതെന്നതിനാല്‍ ഈ ഉത്തരവിലും അത് നടപ്പാക്കുന്നതിലും നേരിയ സംശയമുണ്ട്. കോടതിയുത്തരവും മാധ്യമങ്ങളുടെ ഇടപെടലും സഹായകമായിട്ടുണ്ട്.

?സ്വന്തം മാതാപിതാക്കളാണ് കുഞ്ഞിനെ ദത്തുനല്‍കാന്‍ കൂട്ടുനിന്നതെന്നത് വേദനിപ്പിക്കുന്നില്ലേ. അവര്‍ ചെയതത് മകളുടെ നന്മക്ക് വേണ്ടിയാണെന്ന വാദവുമുണ്ട്

= എങ്കിലും അവര്‍ ചെയ്തത് തെറ്റുതന്നെയാണ്. മകള്‍ക്കുവേണ്ടിയാണെന്ന്പറഞ്ഞാലും എന്റെഭാഗം കൂടി നോക്കാന്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ലേ. എന്തിനാണിവര്‍ എന്റെ ഇഷ്ടത്തിനെതിരായി ഇങ്ങനെ ചെയ്തത്. മൂന്നുദിവസംമാത്രമാണ്എനിക്കെന്റെ കുഞ്ഞിനെ കാണാനും ചേര്‍ത്തുകിടത്താനുമായത്. ബലംപ്രയോഗിച്ച് എന്നില്‍നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. അപ്പോള്‍ അമ്മമാത്രമാണ്കൂടെയുണ്ടായിരുന്നത്. സഹോദരിയുടെ വിവാഹം കഴിയുന്നതുവരെ മാറ്റിനിര്‍ത്താമെന്നാണ് പറഞ്ഞത്.

?സംഭവത്തില്‍ സി.പി.എമ്മിന്റെ റോള്‍ എങ്ങനെയാണ്

= അച്ഛന്‍ സി.പി.എം ലോക്കല്‍കമ്മിറ്റിനേതാവാണ്. പാര്‍ട്ടിസംവിധാനം ഒട്ടാകെ അച്ഛന്റെ കൂടെനിന്നു. ആദ്യമൊക്കെ പാര്‍ട്ടി എന്നോട് നീതികാട്ടുമെന്ന്കരുതി. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നറിയുന്നത് വൈകിയാണ്. അപ്പോഴേക്കും കുഞ്ഞിനെ തിടുക്കത്തില്‍ ഇതരസംസ്ഥാന ദമ്പതികള്‍ക്ക് വിട്ടുകൊടുത്തുകഴിഞ്ഞിരുന്നു.രേഖാമൂലവും നേരിട്ടും സി.പി.എം ജില്ലാ സംസ്ഥാന അഖിലേന്ത്യാനേതാക്കള്‍ക്കും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കും പരാതിനല്‍കിയെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ശിശുക്ഷേമസമിതിയുടെ ജനറല്‍സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജുഖാനാണ് ഇതിന് കൂട്ടുനിന്നത്. ജില്ലാശിശുക്ഷേമസമിതി ചെയര്‍പേഴ്‌സണ്‍ സുനന്ദയും ഇവരോടൊപ്പം നിന്നു. ഷിജുഖാന്‍ മൗനം പാലിക്കുന്നതില്‍ ചിലതെല്ലാമടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ സ്ത്രീകളോടുള്ള നയമനുസരിച്ച് നീതിപ്രതീക്ഷിച്ചാണ് വൃന്ദകാരാട്ടിന് പരാതിയയച്ചത്. മുന്‍മന്ത്രി പി.കെ.ശ്രീമതി ഇതിനുവേണ്ടി പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും കുറ്റബോധമുണ്ടെന്നുമാണ് പറഞ്ഞത്. ശ്രീമതിടീച്ചര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം പെടുത്തിയിട്ടും അദ്ദേഹം അനങ്ങാതിരുന്നത് കുടുംബപ്രശ്‌നമാണെന്ന് വിചാരിച്ചാണ്. ഇപ്പോള്‍ എന്തായി

?ശിശുക്ഷേമ വകുപ്പിന്റെ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടോ

= ശിശുക്ഷേമവകുപ്പുസെക്രട്ടറി ടി.വി അനുപമ നടത്തുന്ന അന്വേഷണം എന്താകുമെന്ന് സംശയമുണ്ട്. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ സമരവുമായി മുന്നോട്ടുപോകും. ഈ അനുഭവം ലോകത്തൊരമ്മയ്ക്കും വരരുത്. കുഞ്ഞിനെ കിട്ടുന്നത് പ്രധാനമാണെങ്കിലും ഇത്രയും കാലം കുഞ്ഞിനെ എന്നില്‍നിന്ന് അടര്‍ത്തിമാറ്റിയവര്‍ ആരായാലും ശിക്ഷ അനുഭവിക്കണം. മാതാപിതാക്കള്‍ ആണെങ്കിലും. അതുവരെ സമരം തുടരും. സമരപ്പന്തലില്‍ കുഞ്ഞുമായി സമരമിരിക്കുന്നകാര്യം ആലോചിച്ചിട്ടില്ല. ബാല്യംമുതല്‍ കണ്ടും പ്രവര്‍ത്തിച്ചും വളര്‍ന്ന പാര്‍ട്ടിയില്‍നിന്ന് ഇങ്ങനെയൊക്കെയുണ്ടായത് സത്യത്തില്‍ വലിയ വേദനയാണുണ്ടാക്കിയത്. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

?അജിത് ആദ്യഭാര്യയെ വിവാഹമോചനം നടത്തിയയാളാണെന്ന് വിവാഹംചെയ്യുമ്പോള്‍ അറിഞ്ഞിരുന്നില്ലേ

= അറിഞ്ഞിരുന്നു. അവരെ വിവാഹമോചനം ചെയ്തതിന്റെ കാരണങ്ങള്‍ എന്നോട് അദ്ദേഹം പറഞ്ഞിരുന്നു. അതെനിക്ക് വിശ്വാസമായിരുന്നു.

?സൈബറിടത്തിലെ ആക്രമണത്തെക്കുറിച്ച്

=അതൊന്നും ശ്രദ്ധിക്കാന്‍ സമയംകിട്ടാറില്ല. പലതും പലരും പറഞ്ഞാണറിയുന്നത്. എനിക്കെന്റെ കുഞ്ഞിനെ കിട്ടുകയാണിപ്പോള്‍ പ്രധാനം. അതിനുശേഷം നിയമനടപടികളെക്കുറിച്ചാലോചിക്കും.

 

 

 

web desk 3: