X

വഖഫ് ബോര്‍ഡ്: മുസ്‌ലിംലീഗ് പ്രക്ഷോഭത്തിലേക്ക്

നൗഷാദ് മണ്ണിശ്ശേരി

സംഘ്പരിവാര്‍ വര്‍ഗീയത മുസ്‌ലിം സമുദായത്തിന് നേരെ ഇരച്ചുവരുമ്പോള്‍ അതിന് പായ വിരിച്ച് അരിച്ചരിച്ചുവരികയാണ് കമ്മ്യൂണിസ്റ്റ് വര്‍ഗീയത. സി.പി.എം പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറും സമീപകാലത്ത് സ്വീകരിച്ച് വരുന്ന നിലപാടുകളും നടപടികളും അതാണ് വ്യക്തമാക്കുന്നത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് വര്‍ഗീയത കേരളത്തിലെ പൊതുമണ്ഡലത്തില്‍ നിന്ന് മുസ്‌ലിം സമുദായത്തെ അപ്രസക്തമാക്കുന്ന കാലം വിദൂരമല്ല. മുസ്‌ലിം സമുദായത്തിനെതിരെയുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നീക്കങ്ങളെ എതിര്‍ക്കുമ്പോഴും സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ ചോദിക്കുമ്പോഴും അതെല്ലാം മുസ്‌ലിംലീഗിന്റെ മാത്രം ആവശ്യമായി ചിത്രീകരിക്കുന്ന ഒരുതരം അജണ്ഡയാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. ഡിപ്പാര്‍ട്ടുമെന്റുകളില്‍ ലീഗിന് സ്വാധീനം ചെലുത്താന്‍ കഴിയാത്തതിലെ അസഹിഷ്ണുതയാണ് ലീഗിനുള്ളത് എന്ന് വരുത്തി തീര്‍ക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംലീഗിനോട് വിരോധമുള്ള ചില സംഘടനകളെങ്കിലും ഇത് വിശ്വസിക്കുകയാണ്.

ഇതാണ് പിണറായിക്ക് കൂടുതല്‍ പിന്‍ബലമേക്കുന്നത്. പക്ഷെ മുസ്‌ലിം സമുദായത്തിന്റെ അടിത്തറയാണ് ഇതുകൊണ്ട് ഇളക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം. മുസ്‌ലിം സമുദായത്തിന് നേരെ പിണറായി സര്‍ക്കാരിന്റെ ഒടുവിലത്തെ നീക്കമാണ് വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുമൂലം സംഭവിക്കാന്‍ പോകുന്നത്. ഒരുവേള നായനാര്‍ സര്‍ക്കാരിന്റെ അറബി ഭാഷാവിരുദ്ധ നീക്കത്തേക്കാള്‍ ഗൗരവമുള്ള വിഷയമാണിത്. ഇന്ത്യയിലെ ഏറ്റവും മികച്ച വഖഫ് ബോര്‍ഡായി പല തവണ അംഗീകാരം ലഭിച്ച ബോര്‍ഡാണ് കേരള വഖഫ് ബോര്‍ഡ്. ആകെപ്പാടെ 130 നിയമനങ്ങളാണ് വഖഫ് ബോര്‍ഡില്‍ ഉള്ളത്. ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയോ പൊതുമേഖല സ്ഥാപനങ്ങളിലെയോ നിയമനങ്ങള്‍ നടത്തുന്നത് പി.എസ്.സിയല്ല. അഭ്യന്തരവകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോലും ഇതാണ് രീതി. ഉദാഹരണത്തിന് മലപ്പുറം എം.എസ്.പിയിലെ നിയമനം നടത്തുന്നത് അതാത് സര്‍ക്കാറുകളുടെ കാലത്തുവരുന്ന കമാന്റന്റാണ്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടുമ്പോള്‍ ദൈവനിഷേധികള്‍ക്ക് ഇത് കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ചെയ്തുനല്‍കുന്നത്. സമുദായത്തെ മാത്രം ബാധിക്കുന്ന ഈ വിഷയത്തില്‍ എല്ലാ മതസംഘടനകളും സമുദായ സംഘടനകളും കൃത്യമായ എതിര്‍പ്പ് അറിയിച്ചിട്ടും അത് ചെവിക്കൊളളാതിരിക്കുന്നതിന്റെ ഗൂഡാലോചന തിരിച്ചറിയണം.

ഇന്ത്യയിലെ 30 വഖഫ് ബോര്‍ഡിലും നിയമനാധികാരം അതാത് വഖഫ് ബോര്‍ഡുകള്‍ക്കാണെന്നിരിക്കെ നൂറില്‍ താഴെ തസ്തികകള്‍ മാത്രമുള്ള കേരളത്തില്‍ പി.എസ്.സി വഴി നിയമനം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കേരളത്തില്‍ ഇന്ത്യന്‍ വഖഫ് ബോര്‍ഡ് നിയമം അനുശാസിച്ച് നടത്തുന്ന ഒരൊറ്റ നിയമനത്തിനും നേരെ ഇന്നോളം ഒരു ആക്ഷേപവും പരാതിയും ഉയര്‍ന്നിട്ടില്ല. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ചെയര്‍മാനാവുന്ന കാലത്ത് 45 ലക്ഷമായിരുന്നു വഖഫ് ബോര്‍ഡിന്റെ വരുമാനമെങ്കില്‍ അദ്ദേഹം സ്ഥാനമൊഴിയുമ്പോള്‍ അത് 12 കോടിക്ക് മുകളിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വഖഫ് ബോര്‍ഡായി പല തവണ അംഗീകാരം ലഭിച്ച ബോര്‍ഡാണ് കേരള വഖഫ് ബോര്‍ഡ്. എല്ലാ നിലക്കും മുസ്‌ലിംകളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഡതന്ത്രങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാറിന്റെ പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി സി.എ.എക്കെതിരെ സമരം ചെയ്ത മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരെ കേസില്‍ പെടുത്തി. കേസ് പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത്‌വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഒരു കേസ് പോലും പിന്‍വലിച്ചില്ല. നാടുമുഴുവന്‍ സമുദായം
പിഴയൊടുക്കിക്കൊണ്ടിരിക്കുന്നു.

2011ല്‍ വി.എസ് സര്‍ക്കാറിന്റെ അവസാന കാലത്താണ് സച്ചാര്‍ കമ്മിഷന്‍ നിര്‍ദ്ദേശപ്രകാരം മുസ്‌ലിംകള്‍ക്ക് മാത്രം നല്‍കേണ്ട സ്‌കോളര്‍ഷിപ്പ് 80:20 ആക്കി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പാക്കി മാറ്റിയത്. വര്‍ഷം 10 കഴിഞ്ഞപ്പോള്‍ ഒരു ചോദ്യം ഉയരുന്നു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്‌ലിംകള്‍ക്ക് മാത്രം കൂടുതല്‍ കൊടുക്കാന്‍ പറ്റുമോ,തുല്യമായി വീതിക്കേണ്ടേ? ചോദ്യം ന്യായം, പക്ഷെ 100 ശതമാനം മുസ്‌ലിം സ്‌കോളര്‍ഷിപ്പാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എന്ന നിലയില്‍ 80:20 ആക്കിയത് എന്ന ചരിത്രം അപ്പോഴേക്കും കേരളം മറന്നിരുന്നു. അങ്ങിനെ പത്തുവര്‍ഷം മുമ്പത്തെ ഒരു ഹിഡന്‍ അജണ്ട ഇപ്പോള്‍ നടപ്പിലായി. അച്ചുതാനന്ദന്‍ തുടങ്ങി പിണറായി പൂര്‍ത്തിയാക്കി മുസ്‌ലിംകള്‍ ചതിക്കപ്പെട്ടു. ഇപ്പോഴിതാ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നു. എന്താണ് പ്രശ്‌നം? മുസ്‌ലിംകള്‍ക്ക് തന്നെ നിയമനം നല്‍കിയാല്‍ പോരേ എന്നാണ് ചോദ്യം. പ്രശ്‌നമുണ്ട്. കുറച്ചു കാലത്തിന് ശേഷം ഒരു ചോദ്യമുയരും.

സ്‌കോളര്‍ഷിപ്പില്‍ ഉയര്‍ന്നത് പോലെ!കേരളത്തിലെ സ്റ്റാറ്റിയൂട്ടറി ബോഡിയായ പി.എസ്.സി വഴിയുള്ള നിയമനം ഒരു സമുദായത്തിന് മാത്രം നല്‍കാന്‍ പറ്റുമോ? അന്ന് ഈ ചോദ്യം ന്യായമാകും. സ്‌കോളര്‍ഷിപ്പിലേതുപോലെ ചരിത്രം അന്നും വിസ്മരിക്കപ്പെടും. തീരുമാനം വരും, പി.എസ്.സി നിയമനം ഒരു സമുദായത്തിന് മാത്രം നല്‍കുന്നത് വിവേചനമാണ്. എല്ലാവര്‍ക്കും നല്‍കണം. അതോടെ വഖഫ് ബോര്‍ഡ് നിയമനം ഓപണ്‍ മെറിറ്റിലേക്ക് പോകും. കേരളത്തില്‍ നിരവധി ബോര്‍ഡുകളും കോര്‍പറേഷനുകളും ഉണ്ട്. അവിടെയെല്ലാം നിയമനവുമുണ്ട്. പലതും ഇപ്പോഴും പി.എസ്.സി വഴിയല്ല. മുസ്‌ലിംകളെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റി പാര്‍ശ്വവല്‍ക്കരിക്കാനുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ നീക്കങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ മുസ്‌ലിംലീഗ് അതിശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ മുഴുവന്‍ താലൂക്ക് ഓഫീസുകള്‍ക്കും കലക്ട്രേറ്റുകള്‍ക്കു മുമ്പിലും മലപ്പുറം ജില്ല മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ്. വിജയം കാണുന്നത് ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.

 

 

web desk 3: