X
    Categories: MoreViews

15മണിക്കൂര്‍ ജോലി; രാജസ്ഥാനില്‍ കുട്ടികളടക്കമുള്ള ഫാം തൊഴിലാളികളെ മോചിപ്പിച്ചു

മുംബൈ: രാജസ്ഥാനിലെ ബാരണില്‍ ദിവസവും 15മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഫാം തൊഴിലാളികളെ മോചിപ്പിച്ചു. ഏഴുവര്‍ഷമായി ഫാമില്‍ മണിക്കൂറുകളോളം നിര്‍ബന്ധിതമായി ജോലിചെയ്യേണ്ടിവന്ന കുട്ടികളടക്കമുള്ള 25 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികളാണ് ഫാമുകളില്‍ നിര്‍ബന്ധിത തൊഴില്‍ ചെയ്ത് ചൂഷണത്തിനിരയായത്. 500 മുതല്‍ 20000 രൂപവരെ ലോണ്‍ നല്‍കിയാണ് ഇവരെ രാജസ്ഥാനിലെ ഫാമുകളിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ചാണ് ഇവരെ ഫാമുകളിലെത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ലോണുകള്‍ ഫാം അധികൃതര്‍ അടച്ചു തീര്‍ക്കുകയാണെന്ന തെറ്റദ്ധാരണയിലായിരുന്നു ഇവരെന്ന് തൊഴിലാളികളെ മോചിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്ത നാഷണല്‍ ക്യാംപെയ്ന്‍ കമ്മിറ്റി ഫോര്‍ ഇറാഡിക്കേഷന്‍ ബോണ്ടഡ് ലേബര്‍ അധികൃതര്‍ വ്യക്തമാക്കി.
തങ്ങള്‍ ഫാമുകളില്‍ കഷ്ടപ്പെടുമ്പോള്‍ കുട്ടികളെ ഫാം ഉടമകളുടെ വീടുകളില്‍ കൂലിയില്ലാതെ പണിയെടുപ്പിക്കുകയായിരുന്നുവെന്ന് മോചിപ്പിക്കപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. കൂലിയായി പണത്തിനു പകരം ഗോതമ്പ് പാക്കുകളാണ് ലഭിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ ഫാമുകളിലായി ഇത്തരത്തില്‍ അകപ്പെട്ടിട്ടുള്ള തൊഴിലാളികളെ 2030ഓടുകൂടി മോചിപ്പിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. നിര്‍ബന്ധിത തൊഴിലിനിരയായവരില്‍ 18പേര്‍ക്ക് മോചന സര്‍ട്ടിഫിക്കറ്റും നഷ്ടപരിഹാരമായി 300000 രൂപയും നല്‍കുമെന്ന് ബാരണ്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗോപാല്‍ ലാല്‍ പറഞ്ഞു.

chandrika: