X

വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ സംഘപരിവാര്‍ ശ്രമം: അമിത് സെന്‍ ഗുപ്ത

കോഴിക്കോട്: ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ക്കാനുള്ള സംഘപരിവാര ശ്രമങ്ങള്‍ക്കെതിരെ പൗരസമൂഹം ജാഗ്രതപാലിക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അമിത്‌സെന്‍ ഗുപ്ത. മോദിയുടെ നേതൃത്വത്തില്‍ പങ്കാളിത്ത മൂലധന ഭരണ സംവിധാനത്തിന്റെ ലക്ഷണമൊത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ഐ ആം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹിറ്റ്‌ലറുടെ പ്രയോഗങ്ങളാണ് സംഘപരിവാര്‍ പിന്‍തുടരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനാണ് ശ്രമം. മുഹമ്മദ് അസ്‌ലം, പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരെ ഇത്തരത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചാണ് കൊലപ്പെടുത്തിയത്.

അസംബന്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊലപ്പെടുത്തുകയും പിന്നീട് അവരെക്കുറിച്ച് തെറ്റായകഥകള്‍ പ്രചരിപ്പിക്കുകയുമാണ് ഈ രീതി. ഇതിന്റെ ഭാഗമായാണ് വടക്കേയിന്ത്യയില്‍ ലൗ ജിഹാദ് എന്ന പ്രചാരണ തന്ത്രത്തിന് ഇവര്‍ രൂപം കൊടുത്തത്. ഈ മുദ്രാവാക്യം കേരളത്തില്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് ഹാദിയ വിഷയത്തിലൂടെ നടക്കുന്നത്. ജനങ്ങളെ കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നിയമത്തിന്റെ സാങ്കേതികത്വങ്ങളില്‍ തളച്ചും സംഘപരിവാരം തങ്ങളുടെ അജണ്ട നടപ്പാക്കുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ മാറ്റിപണിയുമ്പോഴും സ്റ്റാര്‍ട്ടപ് ഇന്ത്യ ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കൃത്രിമ മുദ്രാവാക്യങ്ങളുമായാണ് മോദി ജനങ്ങളെ കബളിപ്പിക്കുന്നത്. നോട്ട് നിരോധനവും ജി എസ് ടി യുമെല്ലാം മോദി സര്‍ക്കാറിന്റെ ഇത്തരം മോഡിമുദ്രാവാക്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ഐ ആം ഹാദിയ എന്ന ഡോക്യുമെന്ററി തമിഴ് സാമൂഹ്യ പ്രവര്‍ത്തകയും ഡോക്യുമെന്ററി സംവിധായികയുമായ ദിവ്യ ഭാരതിക്കു നല്‍കി അമിത് സെന്‍ ഗുപ്ത പ്രകാശനം ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു എന്‍.സി.എച്ച്.ആര്‍.ഒ കേശവ മേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ വിളയോടി ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കെ.എച്ച് നാസര്‍, ഗോപാല്‍ മേനോന്‍, നിഷ പൊന്തത്തില്‍, ടി.കെ അബ്ദുള്‍ സമദ്്, കെ.പി.ഒ റഹ്മത്തുല്ല സംസാരിച്ചു.

chandrika: