X

ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി

 

ഹാദിയ കേസിലെ ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി. യുവതിയുടെ സമ്മതം ഇല്ലാതിരുന്നിട്ടും വിവാഹ ബന്ധം അസാധുവാക്കാനും മാതാപിതാക്കള്‍ക്കൊപ്പം അയക്കാനും ഹൈക്കോടതി തീരുമാനം എടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. സാധാരണ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വ്യക്തിയെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും എന്നാല്‍ ഇത് ആസൂത്രിതമായ നീക്കങ്ങളിലൂടെ മതം മാറ്റിയതായിരുന്നുവെന്നും എ.എസ്.ജി മനീന്ദര്‍സിങ് ന്യായീകരിച്ചു. ബഹുസ്വര സമൂഹത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നത് തടയാന്‍ ഭരണഘടനാ കോടതികള്‍ ഇടപെടണമെന്നും യു.എസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോടതികളില്‍നിന്ന് ഇത്തരം ഇടപെടലുകള്‍ സജീവമാണെന്നുമായിരുന്നു ഹൈക്കോടതി നടപടിയെ ന്യായീകരിച്ച് അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദം.
അവളുടെ സമ്മതത്തോടെയായിരുന്നു (വിവാഹം) എന്ന കോടതിയുടെ പ്രതികരണത്തിന്, സമ്മതമില്ലായിരുന്നുവെന്നാണ് ശ്യാം ദിവാന്‍ മറുപടി നല്‍കിയത്. പിന്നെ എന്തുകൊണ്ട് അവരെ കോടതിയില്‍ ഹാജരാക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സമൂഹത്തിന്റെ മിടിപ്പോ വികാരമോ നോക്കിയല്ല, രാജ്യത്തെ നിയമമനുസരിച്ചാണ് കോടതികള്‍ തീരുമാനമെടുക്കുകയെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ വ്യാപകമായ തീവ്രവാദ വല്‍ക്കരണം നടക്കുന്നുണ്ടോ എന്നത് അന്വേഷിക്കണമെന്ന് ഇതേ കേസില്‍ ഓഗസ്റ്റ് 4ന് പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി എന്‍.ഐ.എയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ആര്‍ട്ടിക്കിള്‍ 226 പ്രകാരം സമര്‍പ്പിച്ച റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് വിവാഹ ബന്ധം അസാധുവാക്കാന്‍ കഴിയുമോ എന്നും ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. എന്‍.ഐ.എ അന്വേഷണം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ ഷെഫിന്‍ ജഹാനു വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ ശക്തമായി എതിര്‍ത്തു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയും ഷെഫിന്‍ ജഹാന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

chandrika: