X

പാലാ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകള്‍ പിന്നിടിമ്പോള്‍ 15 ശതമാനം പോളിംഗ്

പാലായില്‍ പോളിംഗ് പുരോഗമിക്കുന്നു. ആദ്യത്തെ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 15 കടന്നു. ആദ്യ മണിക്കൂറില്‍ 7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. 176 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. കനത്ത സുരക്ഷയാണ് പാലാ മണ്ഡലത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ തന്നെ ജോസ് കെ മാണിയും കുടുംബവും വോട്ട് ചെയ്തു. കെ എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മാണി കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. പാലായിലെ സെന്റ് തോമസ് സ്‌കൂളിലെ 128 ആം നമ്പര്‍ ബൂത്തിലാണ് കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ വോട്ട് ചെയ്തത്. നടി മിയ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കം നിരവധി പ്രമുഖര്‍ പാലായില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി.

 പാലാ നിയോജകമണ്ഡലത്തില്‍ 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആധിപത്യം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

അത്യാധുനിക സംവിധാനമുള്ള എം3 വോട്ടിങ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. പാലാ കാര്‍മല്‍ സ്‌കൂളില്‍ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിന് അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളാണ് മണ്ഡലത്തിലുള്ളത് ഇവിടെ പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും.

chandrika: