X

മെകേരി പള്ളിയും ഉമ്മന്‍ ചാണ്ടിയും

കെ. സൈനുല്‍ ആബിദീന്‍ സഫാരി

വിശ്രമമില്ലാതിരുന്നൊരു മുന്‍ഖ്യമന്ത്രിയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും ഇപ്പോഴും മലയാളിടെ മനസ്സിലേക്ക് അവിരാമം പെയ്തു കൊണ്ടിരിക്കുന്നു. അടുത്തകാലത്തൊന്നും ഒരു ഭരണാധികാരിയെ ഭരണീയര്‍ ഇതുപോലെ സ്‌നേഹത്തടെ ഓര്‍ത്തു കാണില്ല. അധികാരത്തിന്റെ അലങ്കാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന്‍ സാധാരണക്കാരോട് ചേര്‍ന്നു നിന്നു. നാട്ടിലും മറുനാട്ടിലുമുള്ളവര്‍ക്ക് പ്രിയങ്കരനായിരുന്നു.

ലീഗ് രാഷ്ട്രീയത്തോടും സുന്നിവിശ്വാസ ധാരയോടും ചേര്‍ന്നു നില്‍ക്കുമ്പോഴും ജനാധിപത്യ ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ പ്രസക്തിയും അനിവാര്യതയും എന്നും എന്റെ ബോധ്യത്തിലുണ്ടായിരുന്നു. ആ നിലയില്‍ 80 കാലങ്ങളിലെ കോണ്‍ഗ്രസ്സിന്റെ യുവനേതൃനിരയുമായി നല്ലൊരു ആത്മബന്ധവുമുണ്ടായിരുന്നു. വയലാര്‍ രവി, കാര്‍ത്തികേയന്‍, എ.കെ ആന്റണി, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരായിരുന്നല്ലോ അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ ശക്തിനിര. അക്കാലത്തെ യുവനേതൃനിരയുമായി ശക്തമായ ബന്ധം സൂക്ഷിക്കാന്‍ ഒരു  കാരണവുമുണ്ടായിരുന്നു.  മുസ്ലിം യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡണ്ടും എന്റെ സഹോദരി ഭര്‍ത്താവുമായിരുന്നു കെ.കെ മുഹമ്മദ് സാഹിബ് മുഖാന്തരം കോണ്‍ഗ്രസ്സ് നേതാക്കളുമായും ഉഷ്മള ബന്ധമാവുകയായിരുന്നു. അന്നേ ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാം. അയാളിലെ രാഷ്ട്രീയനിഷ്‌കളങ്കതയും മാനുഷികതയും പൊതുപ്രവര്‍ത്തന ചാരുതയും നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. 2004 ല്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഖത്തറില്‍ വരുമ്പോഴെല്ലാം പലആവശ്യങ്ങള്‍ക്കായി പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

മതവിദ്വേശങ്ങളുടെ ആസുര കാലത്ത് മാനവസൗഹാര്‍ദ്ദത്തിന്റെ മികച്ച നിര്‍ദര്‍ശനമായി മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ചൊരു സംഭവമാണ് മൊകേരി പള്ളിയുടെ പുനര്‍നിര്‍മ്മാണം. മൊകേരിയിലെ 150 പഴക്കമുള്ള നമസ്‌കാരപള്ളി പൊളിച്ച് ജുമുഅ നമസ്‌കാരം നിര്‍വ്വഹിക്കാവുന്ന വിധം വിശാലമായ സൗകര്യത്തോടെ പുനര്‍നിര്‍മ്മിക്കണമെന്നായിരുന്നു നാട്ടുകാരുടെ താല്‍പര്യം. മൊകേരിയിലുള്ളവര്‍ ജുമുഅ നമസ്‌കാരത്തിനായി കിലോമീറ്ററുകളോളം അകലെയുള്ള പള്ളികളെയാണ് ആശ്രയിച്ചിരുന്നത്. ഈ അസൗകര്യം പത്മശ്രീ സി കെ മേനോന്റ ശ്രദ്ധയില്‍പ്പെടുത്തുന്നത് ഈ വിനീതനാണ്. തുടര്‍ന്ന് മേനോന്‍ പള്ളിയോടനുബന്ധിച്ച 13 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയും ഒരു കോടിക്ക് മുകളില്‍ ചെലവില്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.

2012ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ് മൊകേരി പള്ളി പുതുക്കിപ്പണിയല്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുന്നത്. പള്ളി ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അനുബന്ധ സമ്മേളനത്തിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍വ്വഹിക്കണമെന്ന് ഞാന്‍ ഉദ്ഘാടനത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. ഇക്കാര്യം സി.കെ മേനോനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹവും അതേ ചിന്തയിലായിരുന്നുവെന്ന് പറഞ്ഞു.

ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പോയപ്പോള്‍ അദ്ദേഹം വലിയ ആവേശം കാണിച്ചു. ഒരു ഹൈന്ദവ വിശ്വാസി, ചരിത്ര പ്രസിദ്ധമായ ഒരു മുസ്ലിം പള്ളി എഴുപത് ലക്ഷത്തോളം ചിലവഴിച്ച് പുനര്‍നിര്‍മ്മിച്ചത് തലമുറകള്‍ ഓര്‍ക്കുകയും ചരിത്രത്തിന്റെ തങ്കലിപികളില്‍ കൊത്തിവെക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സത്കര്‍മ്മം ഒരുപാട് കാലം സമൂഹം ഓര്‍ത്തിരിക്കുമെന്നതില്‍ സംശയമില്ല. ഉദ്ഘാടനത്തിന് അദ്ദേഹം വന്നപ്പോള്‍ ദീര്‍ഘ നേരം വേദിയിലും സദസ്സിലുമായി ചിലവഴിച്ചു. ഭക്ഷണത്തിനായി എന്റെ വീട്ടിലായിരുന്നു നിശ്ചയിച്ചിരുന്നത്. ചടങ്ങുകള്‍  കുറേ നേരം നീണ്ടു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. ആബിദ് ഇപ്പോള്‍ എന്നെ ഒന്ന് ഒഴിവാക്കി തരണം. ഇവിടെ കുറേ നീണ്ടു പോയല്ലോ. അത്യാവശ്യമായി മറ്റൊരു പരിപാടിക്ക് പോവേണ്ടതുണ്ട്. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ മറ്റൊരു അവസരത്തില്‍ ആവാം.

സമൂഹത്തില്‍ സൗഹാര്‍ദ്ദവും സമാധാനവും നല്ല സന്ദേശങ്ങളും കൈമാറുന്ന സംരംഭങ്ങളെ പിന്തുണക്കാനും അതിനോടൊപ്പം സഞ്ചരിക്കാനും എന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന കേരളത്തിന്റെ കുഞ്ഞൂഞ്ഞ് എന്നതില്‍ സംശയമില്ല.

 

 

webdesk15: