X

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 17 പൊലീസുകാര്‍

 

തിരുവനന്തപുരം: 2017 മുതല്‍ ഇതുവരെ സംസ്ഥാനത്താകെ 17 പൊലീസുകാര്‍ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. പൊലീസുകാര്‍ക്കിടയില്‍ ജോലിയുടെ ഭാഗമായ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കവും വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടില്ല. മാനസിക പിരിമുറക്കത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് പൊലീസ് അക്കാദമി, പൊലീസ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളില്‍ ഫിറ്റ്നസ് ആന്റ്വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശിനെ മുഖ്യമന്ത്രി അറിയിച്ചു.
പൊലീസ് ട്രെയിനിങ് കോളജുകളിലെ അപരിഷ്‌കൃതമായ ശിക്ഷാവിധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പൊലീസ് ട്രെയിനിങ് മാന്വല്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ദിവസവും നിശ്ചിത എണ്ണം പെറ്റികേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിര്‍ദേശം എസ്.ഐമാര്‍ക്ക് നല്‍കിയിട്ടില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുമുണ്ടാവാത്ത വിധത്തില്‍ വാഹന പരിശോധന നടത്തണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് ലംഘി ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍, സി.കെ ശശീന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

chandrika: