X

ഹയര്‍സെക്കന്ററി മേഖലയിലെ പ്രശ്‌നപരിഹാരത്തിന് നിയമനിര്‍മാണം വേണം: ആബിദ് ഹുസൈന്‍ തങ്ങള്‍

 

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്ററി മേഖലയില്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മാണം വേണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കേരള വിദ്യാഭ്യാസ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 1990ലാണ് ഹയര്‍സെക്കന്ററി ആരംഭിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. നിലവിലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ 32ാം അധ്യായമായി ഹയര്‍സെക്കന്ററി സംബന്ധിച്ച ചില ഭാഗങ്ങള്‍ ചേര്‍ക്കുകയായിരുന്നു. ഇതിനനുസരിച്ചാണ് നിലവില്‍ ഈ മേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നത്. വ്യക്തമായ ചട്ടങ്ങളില്ലാത്തതിനാല്‍ ഈ മേഖലയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും വലിയതോതില്‍ പ്രയാസം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബില്‍ കൊണ്ടുവരുന്നതെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.
കെ.ഇ.ആറിലെ 32ാം അധ്യായത്തിലെ വ്യവസ്ഥകളനുസരിച്ച് ഈ മേഖല ഇന്നുനേരിടുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാം തീര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പുതിയൊരു നിയമനിര്‍മാണം നടത്താതെ നിലവിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാകില്ല. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖല പൂര്‍ണമായും സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം. എച്ച്.എസ്.എസ്.ടി ജൂനിയര്‍, എച്ച്.എസ്.എസ്.ടി സീനിയര്‍ എന്നിവരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിനുള്ള കൃത്യമായ വ്യവസ്ഥകള്‍ 32ാം ചാപ്റ്ററില്‍ പറയുന്നില്ല. പ്രിന്‍സിപ്പല്‍മാരുടെ സ്ഥാനക്കയറ്റ പട്ടിക തയാറാക്കുന്നതിനെ സംബന്ധിച്ചും ഇതില്‍ യാതൊന്നും പറയുന്നില്ല. ഇതുകാരണം നിരവധി കേസുകളാണ് കോടതിക്ക് മുന്നിലുള്ളത്. ഇതൊക്കെ പരിഹരിക്കാന്‍ കെ.ഇ.ആറില്‍ ഭേദഗതി ആവശ്യമാണെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.
ഹയര്‍സെക്കന്ററി അധ്യാപകരുടെ നിയമനവും സേവന വേതന വ്യവസ്ഥകളും സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരുമെന്ന് മറുപടി പറഞ്ഞ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അറിയിച്ചു. ഇതിനായി മുന്‍ എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ കെ.എ ഖാദര്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

chandrika: