X

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 51-ാം വാര്‍ഷിക ജനറല്‍ ബോഡി ഇന്ന്

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 51-ാം വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് മെയ് 10 ചൊവ്വ നടക്കും.
രാത്രി എട്ടുമണിക്ക് യുഎഇ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.
പ്രസിഡണ്ട് പി ബാവ ഹാജിയുടെ അധ്യക്ഷതയില്‍നടക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടികെ അബ്ദുല്‍സലാം സ്വാഗതം പറയും. ട്രഷറര്‍ ശിഹാബുദ്ധീന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും. ഭാരവാഹികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും സൂക്ഷ്മപരിശോധനയും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
റസാഖ് ഒരുമനയൂര്‍ ചീഫ് എലക്ഷന്‍ ഓഫീസറും റഷീദലി മമ്പാട്, അഡ്വ. ഷറഫുദ്ദീന്‍ എന്നിവര്‍ അസിസ്റ്റന്റുമാരുമായുള്ള സംഘമാണ് തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.

മൊത്തം അംഗങ്ങളുടെ ക്വാറം നോക്കിയാണ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ ജനറല്‍ബോഡി യോഗം നടത്താന്‍ അനുമതിനല്‍കുക. ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ ബോഡി യോഗം ക്വാറം തികയാത്തതുമൂലം ഉദ്യോഗസ്ഥര്‍ മാറ്റിവെപ്പിച്ചിരുന്നു.
അത്തരം സാഹചര്യം ഇല്ലാതിരിക്കാന്‍ മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

അബുദാബി നഗരത്തിന്റെ ഹൃദയഭാഗത്ത് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഇസ്ലാമിക് സെന്റര്‍ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശിലാസ്ഥാപനം നടത്തുകയും പിന്നീട് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കുകയും ചെയ്ത വിദേശരാജ്യത്തെ ഏക സംഘടനാ ആസ്ഥാനമെന്ന ബഹുമതി ഇസ്ലാമിക് സെന്ററിന് മാത്രം അവകാശപ്പെട്ടതാണ്. രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് മുതല്‍ നിരവധി രാഷ്ട്രനേതാക്കളും അന്താരാഷ്ട്ര പ്രമുഖരും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

webdesk13: