X

നൃത്തം ചെയ്തതിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; സ്റ്റേജില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍: വീഡിയോ

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ആഘോഷിക്കാതിരിക്കാന്‍ പലര്‍ക്കും കഴിയില്ല. ബഹളംവെച്ചും നൃത്തം ചെയ്തുമെല്ലാം ആയിരിക്കും ഈ നിമിഷങ്ങള്‍ നമ്മള്‍ ആസ്വദിക്കുക. ഇത്തരത്തില്‍ തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസത്തില്‍ ഒരു വിദ്യാര്‍ഥിനിക്ക് നേരിടേണ്ടി വന്നത് അപമാനമാണ്.

അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലെ ദി ഫിലാഡെല്‍ഫിയ ഹൈസ്‌കൂള്‍ ഓഫ് ഗേള്‍സി’ലെ വിദ്യാര്‍ഥിനായായ ഹഫ്‌സ അബ്ദു റഹ്മാനാണ് ദുരനുഭവം നേരിട്ടത്. ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ ചടങ്ങിനിടെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാനായി തന്റെ പേര് വിളിച്ചപ്പോള്‍ ഹഫ്‌സ നൃത്തം ചെയ്ത് പ്രിന്‍സിപ്പലിന് അടുത്ത് എത്തുകയായിരുന്നു.

കൈയില്‍ പൂച്ചെണ്ടും പിടിച്ചുള്ള അവളുടെ നൃത്തം കണ്ടപ്പോള്‍ ചടങ്ങിനെത്തിയവരെല്ലാം അത് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്തു. എന്നാല്‍ പ്രിന്‍സിപ്പല്‍ ലിസ മെസിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ ഹഫ്‌സയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അത് നിലത്തുവെച്ചു. തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹഫ്‌സ ഇത് ചോദ്യം ചെയ്‌തെങ്കിലും സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. പിന്നീട് ചടങ്ങിന് ശേഷം ഹഫ്‌സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമേരിക്കയിലെ വാര്‍ത്താ ചാനലുകളില്‍ സംഭവം ചര്‍ച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെ ഫിലാഡെല്‍ഫിയയിലെ സ്‌കൂള്‍ ഡിസ്ട്രിക്ട് വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവുമായെത്തി. കുട്ടികളുടെ ഇത്തരത്തിലുള്ള സന്തോഷ നിമിഷങ്ങള്‍ തടഞ്ഞുവെച്ചത് അംഗീകരിക്കാനാകില്ല. എല്ലാ വിദ്യാര്‍ഥികളോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കാര്യം ഗൗരവത്തോടെ കാണുമെന്ന് സ്‌കൂള്‍ ഡിസ്ട്രിക്റ്റഅ പ്രസ്താവനയില്‍ പറയുന്നു.

സ്‌കൂളിലെ 2 അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ സംഭവശേഷം ഹഫ്‌സയുടെ വീട്ടിലെത്തുകയും രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തു. തന്റെ ഏറ്റവും നല്ല നിമിഷങ്ങളാണ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയതെന്നും ഇനി ഒരിക്കലും അത് തിരിച്ചുകിട്ടില്ലെന്നും ഹഫ്‌സ പറയുന്നു. താന്‍ അപമാനിതയായെന്നും ചടങ്ങിന്റെ ബാക്കി തനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

webdesk13: