X

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല; പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ്

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ് മുകേഷ് ഗോയല്‍. 2018ലെ തെരഞ്ഞെടുപ്പില്‍ മുകേഷ് ഗോയല്‍ മത്സരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന്റെ രാജേന്ദ്രസിങ് യാദവിനോട് 13,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് സംഘടിപ്പിച്ച പാര്‍ട്ടി അനുയായികളുടെ യോഗത്തിലാണ് മുകേഷ് പൊട്ടിക്കരഞ്ഞത്. കോട്പുത്‌ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനായിരുന്നു മുകേഷിന്റെ ആഗ്രഹം. എന്നാല്‍ ഹന്‍സ് രാജ് പട്ടേല്‍ ഗുര്‍ജാറിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.

തിങ്കളാഴ്ചയാണ് രാജസ്ഥാനില്‍ ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

എം.പിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിവ്യ കുമാരി എന്നിവരെ മത്സരിപ്പിക്കുന്നുണ്ട്. നവംബര്‍ 23നായിരുന്നു നേരത്തേ രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തീയതി നവംബര്‍ 25ലേക്ക് മാറ്റിയിരുന്നു. വിവാഹത്തിരക്ക് കാരണമാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

നവംബര്‍ 23ന് നിരവധി വിവാഹചടങ്ങുകളും പൊതുപരിപാടികളും നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീപാര്‍ട്ടികളും സാമൂഹിക സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. വിവാഹത്തിരക്കായതിനാല്‍ പോളിങ് ശതമാനം ഇടിയുമെന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികളുടെ ഭയം.

webdesk13: