X

സഹായം കിട്ടാന്‍ കൈക്കൂലി നല്‍കിയോ? അദാനിക്കെതിരെ അന്വേഷണം തുടങ്ങി അമേരിക്ക

കൈക്കൂലി ആരോപണമുയര്‍ന്നതിന് പിന്നാലെ ഗൗതം അദാനിക്കും അദാനി കമ്പനിക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക. വഴിവിട്ട സഹായങ്ങള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നത്.

ഇതിന് പിന്നാലെയാണ് യു.എസ് അന്വേഷണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.ബ്ലൂംബെര്‍ഗാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. യു.എസ് പ്രൊസിക്യൂട്ടര്‍മാര്‍ അന്വേഷണം തുടങ്ങിയെന്നാണ് ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൗതം അദാനി ഉള്‍പ്പടെയുള്ളവര്‍ ഊര്‍ജ്ജ പദ്ധതിക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയിട്ടുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബലിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. യു.എസിലെ അറ്റോര്‍ണി ഓഫീസും, വാഷിങ്ടണിലെ തട്ടിപ്പ് അന്വേഷണ യൂണിറ്റുമാണ് അന്വേഷണം നടത്തുന്നത്.

എന്നാല്‍ ചെയര്‍മാനെതിരെ ഒരു അന്വേഷണവും നടക്കുന്നതായി ഞങ്ങള്‍ക്കറിയില്ലെന്നാണ്, ബ്ലൂംബെര്‍ഗിന് നല്‍കിയ ഇ മെയില്‍ മറുപടിയില്‍ അദാനി കമ്പനി അധികൃതര്‍ വിശദീകരിച്ചത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടെതെന്നും കമ്പനി വിശദീകരിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ പറ്റി പ്രതികരിക്കാന്‍ അന്വേഷണ സംഘവും തയാറായിട്ടില്ല. അസുര്‍ പവര്‍ അധികൃതരും പ്രതികരിച്ചിട്ടില്ല.

ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളത്. തെളിവുകളോ മറ്റ് രേഖകളോ ലഭിച്ചിട്ടില്ല. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് യു.എസിന്റെ തീരുമാനം.അമേരിക്കന്‍ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷിക്കാന്‍ അമേരിക്കന്‍ നിയമപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു വര്‍ഷം മുമ്പ് യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പുകളും നടത്തിയെന്നാരോപിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ കമ്പനിയുടെ 11100 കോടി ഡോളറിന്റെ മൂല്യം ഇടിഞ്ഞിരുന്നു. 2023-ന്റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മറിയ അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആദ്യ 20 പേരുടെ പട്ടികയില്‍ നിന്ന് പുറത്തായതും വലിയ വാര്‍ത്തയായിരുന്നു.

 

webdesk13: