X

സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ സി.പി.എം ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടോയെന്ന് സംശയം: ഷിബു ബേബി ജോണ്‍

സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ സി.പി.എമ്മും സൈബറിടങ്ങളും ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. രാഷ്ട്രീയത്തില്‍ താരപരിവേഷം ഇല്ലാതിരുന്ന സുരേഷ് ഗോപിക്ക് സിംപതി വര്‍ധിപ്പിക്കുന്ന നിലയിലേക്ക് നിലപാടുകള്‍ കൊണ്ട് താരപരിവേഷം ചാര്‍ത്തിക്കൊടുത്തത് ബോധപൂര്‍വമാണെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂരില്‍ എല്‍.ഡി.എഫിന് യാതൊരു സാധ്യതയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എല്‍.ഡി.എഫ് ജയിച്ചില്ലെങ്കിലും സുരേഷ് ഗോപി ജയിക്കട്ടെയെന്ന് വിചാരിച്ച് ബോധപൂര്‍വ്വ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

പിണറായി വിജയന് ജനങ്ങളിലേക്ക് എത്തണമെന്ന തോന്നലുണ്ടാകാന്‍ മുഖ്യമന്ത്രിയായിട്ട് 8 വര്‍ഷം വേണ്ടിവന്നു. നവകേരളസദസ്സ് എന്നുപറഞ്ഞ് പിണറായിയും കൂട്ടരും ചെല്ലുമ്പോള്‍ എന്താണ് നവകേരളം എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കണ്ടേയെന്നും മുഖ്യമന്ത്രി തന്നെ സമ്മതിച്ച, മയക്കുമരുന്നിന്റെ വ്യാപനം വര്‍ധിക്കുകയും അതിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്ന കേരളമാണോ നവകേരളമെന്നും അദ്ദേഹം ചോദിച്ചു.

‘ആരോഗ്യരംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്യുന്നതാണോ നവകേരളം? വിദ്യാഭ്യാസത്തില്‍ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറുന്നതാണോ നവകേരളം?’, ഷിബു ബേബി ജോണ്‍ ചോദിച്ചു. സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന നിലപാടുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫും തയാറെടുക്കുകയാണ്. ശക്തമായ സമരമുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

webdesk13: