X

മലപ്പുറത്തെക്കുറിച്ച് വ്യാജ പ്രസ്താവന; സന്ദീപ് ബാലകൃഷ്ണക്കെതിരെ നിയമ നടപടി

മലപ്പുറത്ത് അമുസ്ലിംകള്‍ക്ക് പ്രവേശനമില്ലാത്ത ഗ്രാമമുണ്ടെന്ന പച്ചനുണ പറഞ്ഞ സംഘ്പരിവാര്‍ ചരിത്രകാരനെതിരെ പൊലീസില്‍ പരാതി. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരാണ് പരാതി നല്‍കിയത്. ബംഗളൂരു സ്വദേശിയും ധര്‍മ്മ ഡിസ്പാച്ച് ചീഫ് എഡിറ്ററും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ സന്ദീപ് ബാലകൃഷ്ണക്കെതിരെയാണ് പരാതി.

തെറ്റിദ്ധാരണയും വ്യാജ വിവരവും മാത്രം പരത്തി സമൂഹത്തിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തണമെന്ന ദുരുദ്ദേശ്യത്തോട് കൂടിയാണ് ശ്രീ. സന്ദീപ് ബാലകൃഷ്ണയുടെ പ്രസ്താവനയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് മുസ്ലിംകള്‍ക്ക് മാത്രം പ്രവേശനമുള്ളതും ഇസ്ലാമിക നിയമം മാത്രം പാലിക്കുന്നതുമായ ഒരു ഗ്രാമമുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയത് വഴി മുസ്ലിം സമുദായത്തിനും മറ്റ് മത സമുദായങ്ങള്‍ക്കുമിടയില്‍ ശത്രുത വളര്‍ത്താനാണ് ശ്രീ. സന്ദീപ് ബാലകൃഷ്ണ പ്രസ്തുത അഭിമുഖത്തിലൂടെ ശ്രമിച്ചത്.

ശ്രീ. സന്ദീപ് ബാലകൃഷ്ണയുടെ മേല്‍ പ്രസ്താവനയുടെ വീഡിയോ ഇപ്പോള്‍ തന്നെ ഈ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ നിരവധി ആളുകളുള്‍പ്പടെ കേരളത്തിലെ നിരവധി ആളുകള്‍ കണ്ടിട്ടുള്ളതാണ്. നിരവധി ആളുകള്‍ പ്രസ്തുത വീഡിയോ വിവിധ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രചാരണത്തിന് 153 എ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

 

webdesk13: