X

നവകേരള സദസില്‍ സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അംഗീകാരം

നവകേരള സദസ് പരിപാടിക്ക് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ തീരുമാനം. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ ഐജി വരെയുള്ളവര്‍ക്കാണ് അംഗീകാരം. ക്രമസമാധാന വിഭാഗം ഏഡിജിപിയുടേതാണ് നിര്‍ദേശം.

കല്യാശേരി മുതല്‍ നവകേരള സദസ് സമാപിച്ച വട്ടിയൂര്‍ക്കാവ് വരെ പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ഗുഡ് സര്‍വീസ് എന്‍ട്രി അംഗീകാരം നല്‍കാനുള്ള നിര്‍ദേശം. കല്യാശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചപ്പോള്‍ നടപടിയെടുക്കാത്ത പൊലീസ്, ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍ യൂത്ത് കോണ്‍ഗ്രസുകന്റെ തലയടിച്ചുപൊട്ടിച്ച സംഭവം, ഡിവൈഎഫ്‌ഐയുടെ അതിക്രമങ്ങളില്‍ പൊലീസ് കാണിച്ച മൗനം തുടങ്ങി നിരവധി വിഷയങ്ങളില്‍ നവകേരള സദസുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലാണ് കേരള പൊലീസ്. പ്രതിപക്ഷം ഒന്നടങ്കം പൊലീസിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

ക്രമസമാധാന പാലനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുക. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ ഐജി വരെയുള്ള പൊലീസുകാരെ അംഗീകാരത്തിനായി പരിഗണിക്കും.

നവകേരള സദസ് സമാപനത്തോടടുക്കുമ്പോള്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയും പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. ഈ വിഷയത്തിലടക്കം അതിരൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം പൊലീസിന് എതിരെ ഉന്നയിക്കുന്നത്.

webdesk14: