X

കണ്ടല ബാങ്ക് തട്ടിപ്പ്: മുന്‍ ഭാരവാഹികളില്‍നിന്ന് 57.24 കോടി ഈടാക്കും, സി.പി.ഐ നേതാവില്‍ നിന്ന് 5.11 കോടി

മാറനല്ലൂരിലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലുണ്ടായ സാമ്പത്തികക്രമക്കേടില്‍ 57.24 കോടി രൂപ മുന്‍ ഭാരവാഹികളില്‍നിന്നും സെക്രട്ടറിമാരില്‍നിന്നും തിരിച്ചുപിടിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി തുടര്‍ന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമുണ്ടായിരിക്കുന്നതായാണ് 2021ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇതിനു കാരണക്കാരായ മുന്‍ ഭാരവാഹികളില്‍നിന്നു പലിശയുള്‍പ്പെടെ തുക തിരിച്ചുപിടിച്ച് സഹകരണനിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും സഹകരണസംഘം ഇന്‍സ്‌പെക്ടര്‍ കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ നേതാവും ഏറെക്കാലം ബാങ്കിന്റെ പ്രസിഡന്റുമായ എന്‍.ഭാസുരാംഗനില്‍നിന്നുമാത്രം 5.11 കോടി രൂപയാണ് തിരിച്ചുപിടിച്ചെടുക്കേണ്ടത്.

അനധികൃതമായി ജീവനക്കാരെ നിയമിച്ച് സ്ഥാനക്കയറ്റവും ശമ്പളവും നല്‍കി. നിര്‍മാണപ്രവര്‍ത്തികള്‍ നടത്തി വന്‍തുക ചെലവഴിച്ചു. മാറനല്ലൂര്‍ ക്ഷീരവ്യവസായ സംഘത്തിന് അനധികൃതമായി വായ്പ, ഓഹരി എന്നിവയ്ക്കായി പണം നല്‍കി. വാഹനം വാങ്ങിയതുള്‍പ്പൈട സംഘം ഫണ്ട് ചെലവഴിച്ചു.

അനധികൃതമായി വായ്പ, എം.ഡി.എസ്. എന്നീ ഇനത്തില്‍ വന്‍തുക ചെലവഴിച്ചു എന്നിങ്ങനെയുള്ള ക്രമക്കേടുകളാണുണ്ടായത്. ഇതുകാരണമുണ്ടായ നഷ്ടം മുന്‍ ഭാരവാഹികളില്‍ നിന്നീടാക്കാനാണ് ശുപാര്‍ശ.ബാങ്കില്‍ 2005 മുതല്‍ 2021 ഡിസംബര്‍വരെ നിക്ഷേപത്തില്‍നിന്നു വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളില്‍ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്.

നിക്ഷേപത്തില്‍നിന്ന് എം.ഡി.എസിലേക്കു വകമാറ്റിയത് 10 കോടിയും. 200506 വര്‍ഷത്തില്‍ മാത്രം അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേക്ക് ചെലവുകളിലുമായി 3.9 കോടി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 101 കോടിരൂപയാണ് തിരികെക്കിട്ടാനാകാത്തവിധം നഷ്ടമായിരിക്കുന്നതെന്നാണ് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലും സെക്രട്ടറിമാരിലുംനിന്ന് ഇത്തരത്തില്‍ എത്രരൂപവീതം തിരികെ പിടിക്കേണ്ടതുണ്ടെന്ന് വിശദമായ കണക്ക് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ഭാസുരാംഗനു പുറമേ ടി.പദ്മാവതി അമ്മ, സി.കൃഷ്ണന്‍കുട്ടി, എ.സലിം എന്നിവരില്‍നിന്ന് 5.11 കോടിവീതം തിരികെപ്പിടിക്കണം.

ആകെ 21 പേരില്‍നിന്നാണ് ബാങ്കിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കേണ്ടത്. ഇതില്‍ 4 പേര്‍ മരിച്ചുപോയി. ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഭരണസമിതി രാജിവെച്ചിരുന്നു. ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ‘

webdesk13: