X

പികെ റോസിയുടെ 120-ാം ജന്മദിനം; മലയാള സിനിമയിലെ ആദ്യ നടിയെ ആദരിച്ച് ഡൂഡില്‍ ഇറക്കി ഗൂഗിള്‍

അക്ഷയ്. ഇ.കെ

 

മലയാള സിനിമയിലെ ആദ്യ നായിക പികെ റോസിയുടെ 120-ാം ജന്മദിനത്തോടനുബന്ധിച്ച് 2023 ഫെബ്രുവരി 10-ന്, ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഒരു ഡൂഡില്‍ നല്‍കി നടിയെ ആദരിച്ചു. ഇതിലൂടെ നമ്മള്‍ മലയാളികള്‍ പോലും മറന്നുപോയ മലയാള സിനിമയിലെ ആദ്യ നായികയെ അവരുടെ ജന്മദിനത്തില്‍ അനുസ്മരിക്കുന്നു.

1903ല്‍ കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ജനിച്ച പി കെ റോസിക്ക് ചെറുപ്പം മുതലേ കലയോട് വലിയ താല്‍പ്പര്യമുണ്ടായിരുന്നു. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേല്‍ സംവിധാനം ചെയ്ത് 1928ല്‍ പുറത്തിറങ്ങിയ വിഗതകുമാരന്‍ (ദി ലോസ്റ്റ് ചൈല്‍ഡ്) എന്ന സിനിമയില്‍ നായികയായി അഭിനയിച്ചാണ് റോസി സിനിമയിലെത്തുന്നത്. പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പുലയ സമുദായത്തില്‍പ്പെട്ട സ്ത്രി ആയതിനാല്‍ സിനിമയിലെ സരോജിനി എന്ന നായര്‍ യുവതിയായി റോസി അവതരിപ്പിച്ചത് വലിയ രീതിയില്‍ ജനരോഷം ഉണ്ടാക്കി. പലയിടങ്ങളിലും സിനിമ തിയറ്ററിലെ സ്‌ക്രീന്‍ നശിപ്പിക്കുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. ഒരു പുലയ പെണ്ണ് എന്ത് ധൈര്യത്തിലാണ് നായരായി അഭിനയിക്കുന്നതെന്നായിരുന്നു ജാതി മേലാളന്‍മാരുടെ ചോദ്യം.

അന്നത്തെ സാമൂഹ്യ സാഹചര്യമനുസരിച്ച് റോസി ചെയ്തത് വലിയ തെറ്റായാണ് എല്ലാവരും കണ്ടത്. അതുകൊണ്ടു തന്നെ പ്രത്യാഘാതവും വലുതായിരുന്നു. ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ റോസിക്ക് നാടുവിടേണ്ട സാഹചര്യംവരെ ഉണ്ടായി. ലോറിയില്‍ അയല്‍ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ട റോസി പിന്നീട് ലോറി ഡ്രൈവറെ വിവാഹം കഴിച്ചുവെന്നാണ് പറയപ്പെടുന്നത്.

പികെ റോസി ഒരിക്കലും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, അഭിനയത്തോടുള്ള അവരുടെ അഭിനിവേശവും, അന്നത്തെ സാമൂഹ്യചുറ്റുപാട് ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ധൈര്യം കാണിച്ചത് ഒരു വലിയ കാര്യമാണ്. പിന്നീട് നിരവധി പേരാണ് സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി മുന്നോട്ട് വന്നത്. പല നടിമാര്‍ക്കും ഇന്നും ഒരു വഴിക്കാട്ടിയാണ് പികെ റോസി. പക്ഷേ മലയാളത്തിലെ ആദ്യ സിനിമയിലെ ആദ്യ നായികയുടെ ജീവിതം ഒരു ദുരന്തമായാണ് പര്യവസാനിച്ചത്.

 

 

 

 

webdesk14: