X

ഓടുന്ന വാഹനങ്ങള്‍ക്കുള്ളിലെ പുകവലിക്കാര്‍ക്കെതിരെ എംവിഡി

ഓടുന്ന വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്ന് പുകവലിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. വാഹനങ്ങള്‍ ചൂടായിരിക്കുന്ന സമയത്ത് ചെറിയൊരു തീപ്പൊരി പോലും അപകടത്തിന് കാരണമാകാമെന്ന് എംവിഡി അറിയിച്ചു.

കൂടാതെ സിഗരറ്റ് വലിച്ചതിന് ശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളില്‍ നിന്നും പെട്രോള്‍, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കില്‍ വലിയൊരു ദുരന്തത്തിന് ഇടയാക്കുമെന്നും എം വി ഡി അറിയിച്ചു. എംവിഡിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

എംവിഡി അറിയിപ്പ്:

ഡ്രൈവിംഗ് വേളകളില്‍ വാഹനങ്ങളില്‍ ഇരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല വലിയ റോഡപകടങ്ങള്‍ക്കു കൂടിയാണ് വഴിതെളിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡ് വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് പരിശോധന വേളകളില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്താറുണ്ട്.

പബ്ലിക് സര്‍വീസ് വാഹനങ്ങളില്‍ ഡ്രൈവര്‍ പുകവലിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടാവുന്ന കുറ്റമാണ്. വാഹനത്തില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ ഡ്രൈവര്‍മാര്‍ കൃത്യമായി പാലിക്കേണ്ടതും മറ്റ് തൊഴിലാളികളോ, യാത്രക്കാരോ ഉണ്ടെങ്കില്‍ അവരും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

വേനല്‍ വരവായതോടെ അന്തരീക്ഷവും പരിസരവും ചൂടുമൂലം ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്. അതികഠിനമായ ഉഷ്ണം മൂലം വാഹനങ്ങള്‍ ചൂടായിരിക്കുന്ന ഈ സമയത്ത് ചെറിയൊരു തീപ്പൊരി പോലും ഒരാപത്തിലേക്കുളള എളുപ്പവഴിയാകാം. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട ഡ്രൈവര്‍മാരുടെ ചെറിയ ഒരശ്രദ്ധ പോലും വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകും.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഉപയോഗ ശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളില്‍ നിന്നും പെട്രോള്‍, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കില്‍ വലിയൊരു ദുരന്തത്തിന് ഇടയാക്കും. ഓരോ വ്യക്തിയും പൊതു നിരത്തിലൂടെ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ സ്വന്തം സുരക്ഷ മാത്രമല്ല മറ്റു ആളുകളുടെ ജീവനും കൂടിയുള്ള സുരക്ഷ ഉറപ്പു വരുത്തേണ്ടതാണ്.

webdesk13: