X

‘ആസൂത്രണം കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്’; അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിവാദം

യുവനേതാവ് സി.എ അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സി.പി.ഐയില്‍ വിവാദം. സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന കൊല്ലം ജില്ലാ കൗണ്‍സിലിലും അരുണിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നേക്കും.

പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി.എ അരുണ്‍ കുമാറിനെതിരെ സി.പി.ഐയില്‍ നീക്കം നടക്കാന്‍ കാരണം. അരുണിനെ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ സംശയം.

അരുണ്‍കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നതെന്നും ആക്ഷേപമുണ്ട്. ഇതേതുടര്‍ന്നാണ് സ്പോണ്‍സേഡ് സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തോടെ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ നിന്ന് കോട്ടയം ജില്ലാ കൗണ്‍സില്‍ ഒഴിവാക്കിയത്.

ചിറ്റയം ഗോപകുമാര്‍, കെ അജിത്, ചെങ്ങറ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് കോട്ടയത്തിന്റെ പാനലിലുളളത്. വേണമെങ്കില്‍ നാലാം പേരായി ഉള്‍പ്പെടുത്താമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന കൊല്ലം ജില്ലാ കൗണ്‍സിലിലും അരുണിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നേക്കാം.

ജില്ലാ പഞ്ചായത്ത് അംഗം പ്രജി ശശിധരന്‍, കെ ദേവകി എന്നിവരുടെ പേരുകളാവും കൊല്ലത്ത് നിന്ന് പാനലില്‍ ഉള്‍പ്പെടാന്‍ സാധ്യത. എന്നാല്‍ അരുണിന്റെ പേര് പാനലില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം ഇടപെടല്‍ നടത്തുന്നുണ്ട്. ആലപ്പുഴ ജില്ലാ കൗണ്‍സിലിന്റെ പാനല്‍ കൂടി വിലയിരുത്തിയാകും മാവേലിക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുക.

 

webdesk13: