X

‘തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിക്ക് എന്തും ചെയ്യാനാകും’; പൂഞ്ച് ഭീകരാക്രമണത്തിൽ ബി.ജെ.പിയെ വിമർശിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ

പൂഞ്ച് ഭീകരാക്രമണത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയെ വിമർശിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വരുമ്പോൾ എന്തും ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

“പുൽവാമ ആക്രമണം ഇപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു. അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പുതുമയില്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എന്തും ചെയ്യാം” – അമരീന്ദർ സിങ് രാജ വാറിങ് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലുധിയാന സീറ്റിലെ കോൺഗ്രസിന്റെ സ്ഥാനാർഥി കൂടിയാണ് അമരീന്ദർ സിങ് രാജ വാറിങ്. തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിയെ വിജയിപ്പിക്കാനാണ് ഇത്തരം സംഭവങ്ങളെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ആരോപിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് ജമ്മു കശ്മീര്‍ പൂഞ്ചിൽ ഷാസിതാറിന് സമീപം വ്യോമസേന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. ഭീകരർ പതുങ്ങിയിരുന്ന് വാഹനങ്ങൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യോമസേന സൈനികൻ വിക്കി പഹാഡേ ആണ് കൊല്ലപ്പെട്ടത്.

webdesk13: