X

പുഴുക്കലരി ഇല്ല; പിന്നില്‍ വന്‍വ്യവസായ ലോബി; വീഴ്ചക്കുത്തരവാദി ഇടതുസര്‍ക്കാരും

കെ.പി ജലീല്‍

സംസ്ഥാനത്തെ റേഷന്‍കടകളില്‍ പുഴുക്കലരി ഇല്ലെന്ന പരാതിക്കിടെ നടക്കുന്നത് വന്‍ഗൂഢാലോചന. പുഴുക്കലരിയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നത് മറന്ന് കേന്ദ്രസര്‍ക്കാര്‍ അത് വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്തെ റേഷന്‍കടകളില്‍ പുഴുക്കലരി നല്‍കാത്തതിനാല്‍ സാധാരണക്കാരും പാവങ്ങളും വലിയ പ്രയാസം നേരിടുകയാണ്. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് പുഴുക്കലരി ആവശ്യപ്പെടാത്തതും പ്രതിസന്ധിക്ക് കാരണമായി. അതേസമയം വന്‍വ്യവസായ ലോബി പുഴുക്കലരി നിഷേധിക്കുന്നതിന് പിന്നിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്ത് പച്ചരി വാങ്ങാന്‍ അമ്പത് ശതമാനംപേരും വന്നിട്ടില്ല. പച്ചരി ബാക്കിയായത് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് റേഷന്‍കടയുടമകളും സിവില്‍സപ്ലൈസ് ജീവനക്കാരും.
വരുംമാസങ്ങളില്‍ പടിപടിയായി പുഴുക്കലരി എല്ലാ റേഷന്‍സംവിധാനത്തില്‍നിന്നും ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം പകരമായി സമ്പുഷ്ടീകരിച്ച അരിയായിരിക്കും വിതരണം ചെയ്യുക. വന്‍കിട സ്വകാര്യമില്ലുകളില്‍ നിലവിലെ പുഴുക്കലരിക്ക് പകരം സമ്പുഷ്ടീകരിച്ച പുഴുക്കലരി നല്‍കാനാണ ്‌കേന്ദ്രത്തിന്റെ നീക്കം. ഇതോടെ നിലവിലെ വിലയിലും മാറ്റം വരും. അരിയില്‍ കൂടുതല്‍ പോഷകാംശം കലര്‍ത്തിയാണ് വിതരണം ചെയ്യുക. ഇതിനായി മില്ലുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

നിലവില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോടിക്കണക്കിന് കുടുംബങ്ങള്‍ക്കാണ് പുഴുക്കലരിക്ക് പകരം വിപണിയെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നത്. ഇത് അവരില്‍ വലിയ സാമ്പത്തികപ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വരും കാലത്ത് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നത് സ്വീകരിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തയ്യാറാകുമോ എന്നും കണ്ടറിയണം. കേരളസര്‍ക്കാരിന്റെ പിടിപ്പുകേടും ഇക്കാര്യത്തിലുണ്ട്. പുഴുക്കലരി യഥേഷ്ടം ഉള്ളതിനാല്‍ പച്ചരി വേണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തിന് കത്തെഴുതിയ സംസ്ഥാനഭക്ഷ്യവകുപ്പ് പിന്നീട് പുഴുക്കലരി തീര്‍ത്തും നിലച്ചതോടെ മിണ്ടാതായി. ഇതില്‍ മന്ത്രിമാര്‍ക്ക് ഇപ്പോള്‍ പ്രതിഷേധപ്രസ്താവനപോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പുഴുക്കലരിക്ക് പകരം റാഗി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തും കേന്ദ്രം പിടിവള്ളിയാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

മലപ്പുറം ,പാലക്കാട് ജില്ലകളില്‍ കഴിഞ്ഞമാസം പുഴുക്കലരി ഓരോ കിലോ വീതമാണ ്‌വിതരണം ചെയ്തത്. 83 ലക്ഷം കുടുംബങ്ങളാണ ്‌നിലവില്‍ റേഷന്‍കാര്‍ഡ് ഉടമകളെന്നിരിക്കെ, അതില്‍ പകുതിയിലേറെ പേരും ഇനി റേഷന്‍കടകളിലെത്തുമോ എന്ന് കണ്ടറിയണം. റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്‌സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

Chandrika Web: