X

സപ്ലൈകോയിൽ സാധനങ്ങൾ ഇനിയുമെത്തിയില്ല, വിലക്കയറ്റ ഭീതിയിൽ ജനം

സാധാരണക്കാര്‍ക്ക് കൈത്താങ്ങായിരുന്ന സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് എട്ടിന്റെ പണി. മാസങ്ങളായി ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. ഓണം കഴിഞ്ഞ് നാളുകളായിട്ടും ഈ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. നഗരത്തിലെ മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും ആഴ്ചകളായി സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ല.

കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങിയിരുന്ന പലരും സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലാതായതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടയില്‍ 13 സബ്‌സിഡി ഇനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളും ജനങ്ങളെ ആശങ്കയിലാക്കുകയാണ്

പൊതു വിപണിയെക്കാള്‍ സാധനങ്ങള്‍ക്ക് വില കുറവായതിനാല്‍ പലര്‍ക്കും വലിയ സഹായമായിരുന്നു സപ്ലൈകോയുടെ സബ്‌സിഡി ഇനങ്ങള്‍. അവശ്യസാധനങ്ങള്‍ക്കും ദിനംപ്രതി വില വര്‍ദ്ധിക്കുന്നതിനാല്‍ സ്ബ്‌സിഡി ഇനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കരുതെന്നാണ് സാധാരണക്കാരുടെ ആവശ്യം

സബ്സിഡി ഇനങ്ങള്‍ പ്രതീക്ഷിച്ച് സ്റ്റോറില്‍ എത്തുന്നവരോട് എന്ത് പറയണമെന്ന് അറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് സപ്ലൈകോ ജീവനക്കാര്‍. കോഴിക്കോട് ജില്ലാ സപ്ലൈകോ ഡിപ്പോയില്‍ സബ്സിഡി ഇനങ്ങള്‍ എത്താതായിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലാ ഡിപ്പോയുടെ കീഴിലുള്ള നഗരത്തിലെ 28 ഔട്ട്‌ലെറ്റുകളില്‍ മിക്കയിടത്തും സാധനങ്ങള്‍ കാലിയാണ്.

സ്റ്റോക്കില്ലാത്ത സബ്‌സിഡി ഇനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടുമില്ല. കഴിഞ്ഞ 31ന് പൂര്‍ത്തിയാവേണ്ടിയിരുന്ന ടെന്‍ഡര്‍ സാങ്കേതിക കുരുക്കില്‍പെട്ടതോടെയാണ് ഈ ഇനങ്ങള്‍ ഇപ്പോഴും കിട്ടാക്കനിയായി തുടരുന്നത്. പഴയ ടെന്‍ഡര്‍ പ്രകാരമുള്ള സബ്‌സിഡി ഇനങ്ങള്‍ സമയത്തിന് കിട്ടാതായതോടെയാണ് ടെന്‍ഡര്‍ പുതുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ നടപടി ഇപ്പോഴും ഇഴയുകയാണ്

ഡിപ്പോയില്‍ സാധനങ്ങള്‍ എത്തിയാല്‍ മാത്രമേ ഔട്ട്‌ലെറ്റുകള്‍ക്ക് കൈമാറാന്‍ കഴിയൂ. ജില്ലയില്‍ എറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് കോവൂര്‍ ഔട്ട്‌ലെറ്റിലാണ്. ആളുകള്‍ എത്താതായതോടെ കോവൂര്‍ ഉള്‍പ്പടെ പല ഔട്ട്‌ലെറ്റുകളും നഷ്ടത്തിലാണെന്ന് ജീവനക്കാര്‍ പറയുന്നു. സാധനങ്ങള്‍ ഇറക്കുമതി ചെയ്ത വകുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ക്ക് വന്‍തുക നല്‍കാനുളളതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞാലും സാധനങ്ങള്‍ ഇനി എന്ന് വരുമെന്ന കാര്യത്തിലും അധികാരികള്‍ക്ക് ഉത്തരമില്ല

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാതായതോടെ പായ്ക്കിംഗ് തൊഴിലാളികളും ആശങ്കയിലാണ്. ജോലി നഷ്ടമാകുമോയെന്ന ഭീതിയിലാണ് അവരും.

 

webdesk13: