X

താനൂര്‍ ബോട്ടുദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വിവി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റിയന്‍ എന്നിവരാണ് പ്രത്യക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്‌ലാന്റികിന് അനുമതി നല്‍കിയത്. ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേല്‍, ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാസറിന് പ്രസാദ് അയച്ചുകൊടുത്തതായും കണ്ടെത്തിയിരുന്നു.

താനൂര്‍ പൂരപ്പുഴയിലെ തൂവല്‍ത്തീരത്ത് കഴിഞ്ഞ മേയ് 7 രാത്രി നടന്ന ബോട്ടപകടത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരാണു മരിച്ചത്. ബോട്ടിന് അനുമതി നല്‍കിയതിലും സര്‍വീസ് നടത്തിയതിലും ഒട്ടേറെ നിയമലംഘനങ്ങള്‍ സംഭവിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ ഉള്‍പ്പെടെയുള്ളര്‍ അറസ്റ്റിലായിരുന്നു

 

webdesk14: