X

കോഴിക്കോട് – പാലക്കാട് ദേശീയപാത; സീബ്ര ലൈന്‍ മായുന്നു; വലഞ്ഞ് കാല്‍നടയാത്രക്കാര്‍

കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ സീബ്ര ലൈനുകള്‍ അവ്യക്തമാകുന്നത് കാല്‍നടയാത്രക്കാരെ വലക്കുന്നു. പ്രധാന നഗരങ്ങളിലും തിരക്കേറിയ അങ്ങാടികളിലും റോഡ് മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് മുന്നിലടക്കം മാഞ്ഞുമോയ സീബ്ര ലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി വൈകുകയാണ്. എവിടെ റോഡ് മുറിച്ചുകടക്കണമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.

കാലവര്‍ഷം ശക്തിയാര്‍ജിച്ചതോടെ ഐക്കരപ്പടി മുതല്‍ പൂക്കോട്ടൂര്‍ വരെ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. മഴയില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാൻ പോലുമാകാതെയാണ് വാഹന സഞ്ചാരം. ഇതിനിടയില്‍ അമിത വേഗത്തിലെത്തുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും ലോറികളും മറ്റും ഗതാഗത നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാല്‍നടയാത്ര അപകട മുനമ്പിലാണ്.

കൊണ്ടോട്ടി കുറുപ്പത്ത്, 17ാം മൈല്‍, പുളിക്കല്‍, മൊറയൂര്‍, മോങ്ങം, അറവങ്കര, പൂക്കോട്ടൂര്‍ മേഖലകളിലാണ് പ്രശ്‌നം രൂക്ഷം. ബസ് സ്റ്റാൻഡ് പരിസരത്ത് ദേശീയപാതയില്‍ സീബ്രലൈന്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളടക്കം റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്.

വൈകുന്നേരങ്ങളില്‍ എടവണ്ണപ്പാറ റോഡ് ജങ്ഷന്‍, അരീക്കോട് റോഡ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ദേശീയ പാതയോരത്തെ അനധികൃത വാഹന പാര്‍ക്കിങ്ങും വെല്ലുവിളി സൃഷ്ടിക്കുന്നു. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുവന്നെങ്കിലും ദേശീ യപാത വിഭാഗം ഇടപെടല്‍ നടത്തിയിട്ടില്ല.

webdesk13: